കടലറിവിലെ കവിത

കണ്ണീരിൽ നനഞ്ഞ്‌

വിശപ്പിൽ നിറയുന്നവരുടെ കവിതയിൽ

കടൽ

ഉപ്പുരുചിക്കുന്ന ബിംബം

കണ്ണുകൾ

കവിൾ കവിഞ്ഞൊഴുകുന്നതുകൊണ്ട്‌

ദാഹമില്ലാതായവരുടെ

ഹൃദയകവാടങ്ങളിലാണ്‌

വാക്കിൻ തന്മാത്രകൾ

വേലിയേറ്റമാകുന്നത്‌.

കാഴ്‌ചയുടെ

പുനർജ്ജനിയാകേണ്ട വാക്കുകൾ

മുറിച്ച്‌

വടുക്കളുളള വരികളെ

വൃത്തക്കൂട്ടിൽ തളച്ച്‌

ബഹുമതിയുടെ വലയിലാകുന്നവർ

ചെകിള പൂക്കാത്ത മീൻപോലെ

ജലവിതാനത്തിൽ

ശ്വസന താളം മറന്ന്‌

തിരക്കാറ്റുതേടുന്നു.

ഭൂമിയിലെ

സങ്കടങ്ങളുടെ

ജലരൂപമായ കടലിൽ

കാഞ്ഞിരനേരുകൾകത്തുന്ന

വാക്കിന്റെ സൂര്യൻ

മുങ്ങിമരിക്കുമ്പോൾ

ആർത്തിയുടെ വൻകര

വിളിച്ചെടുക്കുന്ന കടലിൽ

കവിത വിളയുവാൻ

കാക്കുന്നതെങ്ങനെ?

Generated from archived content: poem8_july.html Author: nowshad-pathanapuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here