നല്ല മനുഷ്യർ

ഒറ്റകൈ കൂപ്പി എന്റെ വീട്ടുമുറ്റത്തു നിൽക്കുന്ന ആ മനുഷ്യൻ കണ്ണുകളടച്ച്‌ നെറ്റിയിൽ തിരയിളക്കങ്ങൾ പതിപ്പുച്ചുകൊണ്ട്‌ ചുണ്ടുകൾ ചലിപ്പിക്കുന്നു. എന്തോ മന്ത്രം ചൊല്ലും പോലെ, പക്ഷെ അയാൾ പ്രാർത്ഥിക്കുകയായിരുന്നു. ഒരു മിനിറ്റോളം നീണ്ടുനിന്ന പ്രാർത്ഥനയ്‌ക്കുശേഷം കണ്ണുകൾ തുറന്ന്‌ എന്നെ നോക്കി ചുണ്ടുകൾ വിടർത്തി. സൗന്ദര്യമുള്ള മന്ദഹാസം. ഞാൻ ചോദിച്ചു. എന്താണു പ്രാർത്ഥിച്ചത്‌? എന്തിനാണു പ്രാർത്ഥിച്ചത്‌? ചിറകറ്റുവീണ ഇയ്യാംപാറ്റയെപ്പോലെ സദാവിറച്ചുകൊണ്ടിരിക്കുന്ന വലംതോളും അതിൽ ശേഷിക്കുന്ന ഒരു തുണ്ടു മാംസവും കാണിച്ചുകൊണ്ടയാൾ പറഞ്ഞു. പാറമടയിലായിരുന്നു എനിക്ക്‌ ജോലി. പാറപൊട്ടിക്കാൻ വെടിമരുന്നു നിറച്ച തമരുകളിൽ, വലിച്ചുകെട്ടിയ വടത്തിൽ തൂങ്ങി നിന്നുകൊണ്ട്‌ ഒന്നിൽ നിന്നും മറ്റൊന്നിലേക്ക്‌ തീ കൊളുത്തിഞ്ഞൊടിയിടകൊണ്ട്‌ തെന്നി മാറുന്നത്‌ ഒരു സർക്കസ്‌ കൂടാരത്തിലും കാണാൻ കഴിയാത്തത്ര സാഹസിക അഭ്യാസമാണ്‌ ‘സാറെ’. യുദ്ധഭൂമിയിൽ ഭടന്മാർക്കു നേരിടേണ്ടി വരുന്ന ഭീകരതയുടെ മുഖം തന്നെയാണ്‌. എന്നെപ്പോലുള്ള തൊഴിലാളിയും നേരിടുന്നത്‌. ഒരു വ്യത്യാസം മാത്രം. ഭടന്മാർക്ക്‌ ഭരണകൂടത്തിന്റെ സംരക്ഷണം ലഭിക്കും. ഒരു പൊട്ടിത്തെറിയിൽ വലതുകൈ ചിന്നിച്ചിതറിപ്പോയ എന്നെപ്പോലെയുള്ളവർക്ക്‌ മനുഷ്യരുടെ മുമ്പിൽ ഒറ്റ കൈനീട്ടി യാചിക്കുകയേ മാർഗ്ഗമുള്ളു. ‘ജീവിക്കേണ്ടേ സാർ’ ആ മദ്ധ്യവയസ്‌ക്കൻ ഞാൻ കൊടുത്ത പത്തുരൂപനോട്ട്‌ രണ്ടു കണ്ണുകളിലും തൊട്ട്‌ മുകളിലേക്ക്‌ തല ഉയർത്തി ആ പരമകാരുണ്യവാനെ വണങ്ങി നിന്നു. വലിച്ചെറിയുന്ന നാണയതുട്ടുകൾ മാത്രം ലഭിക്കുമായിരുന്ന എനിക്ക്‌ വല്ലപ്പോഴുമെങ്കിലും പത്തുരൂപാനോട്ട്‌ കയ്യിൽ വച്ചു തരുന്ന സാറിനെപ്പോലുള്ളവർ എനിക്ക്‌ ദൈവമാണ്‌. അതുകൊണ്ട്‌ ഞാൻ മനസ്സുരുകി പ്രാർത്ഥിക്കുകയായിരുന്നു സാറിന്‌ നല്ലതുവരണെയെന്ന്‌. ‘പോട്ടെ’ – അയാൾ സന്തോഷത്തോടെ നടന്നുപോകുന്നത്‌ കണ്ണിൽ നിന്നു മറയുന്നതുവരെ നോക്കി നിന്നുപോയി. അപ്പോൾ എന്റെ മനസ്സു മന്ത്രിച്ചു. നല്ല മനുഷ്യൻ ഒരായുസ്സുമുഴുവൻ പണിയെടുത്തുണ്ടാക്കിയതെല്ലാം കൈക്കലാക്കിയിട്ടും ആർത്തിയുടെ നുര മാന്തി ചീറ്റിനടക്കുന്ന സ്വന്തം മക്കളെക്കാൾ എത്രയോ നല്ല മനുഷ്യനാണ്‌ യാചകനാകേണ്ടി വന്ന ആ ഒറ്റകയ്യൻ. വെറും പത്തുരുപ നോട്ടിൽ ദൈവത്തിന്റെ നിഴൽപാടുകണ്ട ക്രാന്തദർശി.

Generated from archived content: essay1_jan1_09.html Author: n_chandrabhanu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English