എൻ.എസ്‌.എസ്സും എസ്‌.എൻ.ഡി.പി.യും രാഷ്‌ട്രീയകക്ഷിയാകണം

ഇവിടെ ബഹുഭൂരിപക്ഷമാണ്‌ ഹൈന്ദവസമൂഹം. എന്നാൽ ഹിന്ദുസമുദായങ്ങൾ നൂറായി പിരിഞ്ഞ്‌ ഓരോ തുരുത്തുകൾ സൃഷ്‌ടിച്ച്‌ അതിൽ ഒതുങ്ങിക്കൂടുന്നത്‌ ഇനി അപകടകരമാണ്‌. തന്മൂലം, സ്വന്തം ശക്തി തിരിച്ചറിയാതെ ഹൈന്ദവസമൂഹം പിന്നോക്കാവസ്ഥയിലേയ്‌ക്ക്‌ തളളപ്പെടുക തന്നെ ചെയ്യും.

എല്ലാ സംഘടനകളും (കക്ഷികളും) സമരങ്ങളിലൂടെ അവ പ്രതിനിധാനം ചെയ്യുന്ന വിഭാഗങ്ങളുടെ അവകാശങ്ങളും ആവശ്യങ്ങളും നേടിയെടുക്കുന്നതിന്‌ സർവ്വശക്തിയും പ്രകടിപ്പിക്കാറുണ്ട്‌. ഈ കക്ഷികൾക്ക്‌ അധികാരത്തിൽ പങ്കാളിത്തമുണ്ടായാൽ സമരമാർഗ്ഗങ്ങളിലൂടെ കാര്യലാഭമുണ്ടാക്കുവാനും അനർഹമായ നേട്ടങ്ങൾ ഭരണസ്വാധീനം വഴി വാരിക്കൂട്ടുവാനും വളരെ വേഗം കഴിയും. ഇത്‌ മനസ്സിലാക്കാനുളള ബുദ്ധിയുളളതുകൊണ്ടാണ്‌ ചില കക്ഷികൾ ന്യൂനപക്ഷ സംരക്ഷണത്തിന്റെ മറവിൽ ചില സർക്കാർ വകുപ്പുകളുടെ അധികാരക്കുത്തക കുറെ കാലമായി തീറെഴുതിവച്ച്‌ അനുഭവിച്ചുപോരുന്നത്‌. വിദ്യാഭ്യാസവും, വ്യവസായവും തിരിച്ചറിയാനാകാത്തവിധം കച്ചവടമാകുന്നത്‌ ഇങ്ങനെയാണ്‌. വനം കയ്യേറ്റവും മലയോരകൃഷിയും തിരിച്ചറിയാനാകാത്തതും ഇങ്ങനെയാണ്‌.

അധികാരം തന്നെ കച്ചവടമാകുമ്പോൾ ഇടവഴികൾ എക്‌സ്‌പ്രസ്സ്‌ ഹൈവേകളായും, ഘോരവനഭൂമികൾ വിനോദസഞ്ചാരകേന്ദ്രങ്ങളായും, നഴ്‌സറിസ്‌കൂളുകൾ എഞ്ചിനീയറിംഗ്‌ കോളേജുകളായും, കശുവണ്ടി ഫാക്‌ടറികൾ ബി.എഡ്‌.സെന്ററുകളായും രൂപാന്തരം പ്രാപിക്കും. ഈ രൂപാന്തരത്തിന്‌ അധികാരം അനിവാര്യമാണെന്നറിയുന്നവർ നാടും കാടും കടലും കക്ഷിരാഷ്‌ട്രീയത്തിന്റെയും ന്യൂനപക്ഷ സംരക്ഷണത്തിന്റെയും മറവിൽ സാമുദായികമായി വീതം വച്ച്‌ കളിക്കുന്നു. ഈ കളിയാണ്‌ ഇപ്പോൾ അധികാരം അഥവാ ഭരണമായി അറിയപ്പെടുന്നത്‌. ഇടതു വലതുഭരണം ഇടവിട്ടിടവിട്ട്‌ മാറുന്നെങ്കിലും മേൽപറഞ്ഞ കളിക്ക്‌ തടസ്സമുണ്ടാകുന്നില്ലെന്നത്‌ ചരിത്രസത്യം.

ഈ സാഹചര്യത്തിൽ അധികാരത്തിന്റെ ശക്തി മനസ്സിലാക്കാതെ അതിന്റെ നേർക്ക്‌ പുറംതിരിഞ്ഞ്‌ സമദൂരസിദ്ധാന്തം സ്വീകരിച്ചിരിക്കുന്ന എസ്‌.എൻ.ഡി.പിയും എൻ.എസ്‌.എസ്സും അവരുടെ നിലപാടുകൾ പുനഃപരിശോധിക്കേണ്ട സമയം വൈകിയിരിക്കുന്നു. ഈ നിലപാട്‌ മൂലം ഭൂരിപക്ഷം വരുന്ന ഹൈന്ദവസമൂഹത്തിന്‌ അർഹതപ്പെട്ടതുപോലും പല മേഖലയിലും നിഷേധിക്കപ്പെടും.

വിദ്യകൊണ്ട്‌ ശക്തരാകാൻ ഗുരു പറഞ്ഞത്‌ സമദൂരം പറഞ്ഞ്‌ ദൂരെ നിൽക്കാനല്ല. ഇങ്ങോട്ടു സഹായിക്കുന്നവരെ അങ്ങോട്ട്‌ സഹായിച്ച്‌ സമദൂരം ഒളിച്ചുകളിക്കാനുമല്ല, അധികാരത്തിന്റെ നേർക്ക്‌ പുറം തിരിച്ചുനിന്നാൽ കച്ചവടക്കാർ തഴച്ചുവളരും. വിഭവങ്ങൾ വീതം വയ്‌ക്കുമ്പോൾ ഭൂരിപക്ഷത്തിന്‌ ജീവിക്കാൻ വേണ്ടി ഒരു തുമ്പുപോലും കിട്ടാതെ വരുന്നത്‌ മഹാശാപത്തിനിടവരുത്തും. മഹാമനസ്‌കതയും സഹിഷ്‌ണുതയും പോലെ സമദൂരസിദ്ധാന്തവും ദൗർബല്യങ്ങളാകാതിരിക്കട്ടെ. രാഷ്‌ട്രീയ കക്ഷികളായി അധികാരം പങ്കിട്ടുകൊണ്ടോ യോജിച്ചുനിന്നോ എസ്‌.എൻ.ഡി.പിയും എൻ.എസ്‌.എസ്സും ഹൈന്ദവ ഏകീകരണത്തിന്‌ മുന്നോട്ടുവരേണ്ടത്‌ കാലത്തിന്റെ ആഹ്വാനമാണ്‌.

Generated from archived content: essay3-feb.html Author: mk-pillai

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English