വിഷുപ്പക്ഷി പാടുന്നു

പ്രാചീന കേരളത്തിലെ പുതുവര്‍ഷം തുടങ്ങുന്നത് മേടം ഒന്നിനായിരുന്നു.
പുതുവര്‍ഷം നിറ ആഘോഷങ്ങളുടേയും ഐശ്വര്യത്തിന്റേയും സമ്പമൃദ്ധിയുടേയും
സൌഭാഗ്യങ്ങളുടെയും തുടക്കമാവണമെന്നു അന്നത്തെ നാടുവാഴികളുടേയും
ദേശസ്‌നേഹികളുടെയും താത്പര്യമാകണം വിഷു ആഘോഷങ്ങള്‍ക്ക് തുടക്കമിടാന്‍
കാരണമായത്. കൊല്ലവര്‍ഷം എന്നത് തിരുവതാംക്കൂര്‍ ദേശത്ത് മാത്രമായി പിന്നീട്
നടപ്പിലായ വേറൊരു കലണ്ടര്‍ വര്‍ഷമാണു.

വിഷുവര്‍ഷം തുടങ്ങുന്ന കേരളക്കരയോടൊപ്പം തന്നെ ഭാരതത്തിലെ പല
സംസ്ഥാനങ്ങളിലും വേറെ പേരില്‍ ഈ വര്‍ഷാരംഭം തുടങ്ങുന്നുണ്ട്. തമിഴ് നാട്ടില്‍
‘ പുത്താണ്ട’ വര്‍ഷാഘോഷമാണു. പഞ്ചാബില്‍ അത് ‘ ബൈശാഖി ‘ മാസത്തിന്റെ
പിറവിയാണ്‍. ബംഗാളില്‍ ‘ നബബര്‍ഷ ആസാമില്‍ ‘ ദോനഹാളി ബിഹു ‘ ആഘോഷങ്ങളെല്ലാം
തുടക്കമിടുന്നത് ഒരേ ദിവസം തന്നെ.

ജോര്‍ജിയന്‍ കലണ്ടര്‍ പ്രകാരം ഏപ്രില്‍ 14 ( മലയാളത്തില്‍ കൊല്ലവര്‍ഷം മേടം ഒന്ന്)
സൂര്യന്‍ ഭൂമദ്ധ്യ രേഖയിലൂടെ കടന്നു പോകുന്നു. പകലും രാത്രിയും
കിറുകൃത്യമായി വരുന്നു അങ്ങെനയാണ്‍ ശാസ്ത്രീയമായ വിശദീകരണം. മുമ്പ് കാര്‍ഷിക
പ്രദേശമായ കേരളത്തില്‍ കൃഷിപ്പണികളുടെ തുടക്കം മേടപ്പിറവിയോടെയായിരുന്നു.
വിഷുപ്പക്ഷികള്‍ അന്നു പാടിയ പാട്ട് ആ പാട്ടിന്റെ ഈണമനുസരിച്ചുള്ള
മുന്നറിയിപ്പെന്ന പോലെയുള്ള ആഹ്വാനം ‘ വിത്തും കൈക്കോട്ടും വിത്തും
കൈക്കോട്ടും’ അങ്ങനെയാണു വിലയിരുത്തിയിട്ടുള്ളത്. വേനല്‍ മഴ കിട്ടുന്നതൊടെ
ഉഴുതും കിളച്ചു ഭൂമിയെ സജ്ജമാക്കുക. അദ്ധ്വാന ശീലരായ പണ്ടത്തെ കേരളീയര്‍
വിഷുപ്പക്ഷിയുടെ കൂജനം ആ അര്‍ത്ഥത്തിലാണു കണക്കാക്കിയിരുന്നത്. തൊടിയിലും
പാടത്തും കുന്നിന്‍ ചരുവീലും എവിടെയും ഭൂമിയില്‍ കൈക്കോട്ടും കലപ്പയും
പതിക്കുന്നതിന്റെ തുടക്കം കൂടിയായിരുന്നു . കുസൃതികളായ കുട്ടികളുടെ
വിലയിരുത്തല്‍ വിഷുപ്പക്ഷിയുടെ കൂജനം വേറൊരു തരത്തിലാണു കണക്കാക്കുന്നത്.

‘ കള്ളന്‍ ചക്കേട്ടു കണ്ടാ മിണ്ടണ്ട , കൊണ്ടെത്തിന്നോട്ടെ ‘ പ്ലാവും മാവും
സമൃദ്ധമായി ഫലഭൂയിഷ്ഠമാകുന്ന നാളുകളാണു മീനം മേടമാസക്കാലങ്ങള്‍. നാട്ടിന്‍
പുറങ്ങളില്‍ ഭൂരഹിതരായ തൊഴിലില്ലാത്ത ചിലരെങ്കിലും ഉണ്ടാകും. അല്ലറ ചില്ലറ
മോഷണങ്ങള്‍ അപൂര്‍വമായിട്ടെങ്കിലും നടപ്പിലായെന്നും വരും . അയപക്കത്തെയോ
വഴിയരികിലോ തൊടിയില്‍ നിന്നും ഒന്നോ രണ്ടോ ചക്കയോ മാങ്ങയോ അതല്ലെങ്കില്‍
കായ്ക്കുലകള്‍ കൈക്കലാക്കിയെന്നും വരും വിരളമായിട്ടുള്ള സംഭവങ്ങളുണ്ടാകാം.
ഒട്ടൊരു നര്‍മ്മബോധത്തോടെ ഇതൊക്കെ കാണാന്‍ കഴിവുള്ളവരായിരുന്നു നമ്മുടെ പഴയ
തലമുറയിലെ ആള്‍ക്കാര്‍. അപ്പോള്‍ ഇതിക്കെ കണ്ടു കേട്ടും മനസിലാക്കിയ
ചിലരെങ്കിലും വിഷുപ്പക്ഷിയുടെ ഈ പാട്ടിനെ വിലയിരുത്തുക. ഇനിയുമുണ്ട്
വേറൊരു വ്യാഖ്യാനം ഇത് പൂര്‍ണ്ണമായും കുട്ടികളുടെ തലത്തില്‍ നിന്നുള്ളതാണു.
സ്‌കൂള്‍ വര്‍ഷം കഴിഞ്ഞ് പരീക്ഷയെന്ന പങ്കപ്പാടും കഴിഞ്ഞ്
ഒന്നാര്‍ത്തുല്ലസിക്കാമല്ലോ എന്ന് കരുതുമ്പോഴാണു കാര്‍ന്നോന്മാരുടെ അട്ടഹാസം.
അല്ലെങ്കില്‍ അഹ്വാനം.
” പോടാ പോയി ആ പാടത്തൊക്കെ ഉഴുന്നിടത്ത് ചെന്ന് നിന്നാല്‍ എന്നാ,
അതല്ലെങ്കില്‍ ആ മാഞ്ചോട്ടില്‍ എത്ര മാമ്പഴാ കിളികൊത്തിയും ചീഞ്ഞും പോണത്
അതൊക്കെയൊന്ന് പെറുക്കിയെടുത്തൂടെ”

സ്‌കൂളടച്ചിരിക്കുകയാണല്ലോ വെളുപ്പിനെ എഴുന്നേല്‍ക്കണ്ടല്ലോ എന്നൊക്കെ കരുതി
മൂടിപ്പുതച്ചു കിടക്കൊന്നോരെ മടിയന്മാരായി കാണുന്ന കാര്‍ന്നോന്മാരുടെ
ഉപദേശം . പ്രായം ചെന്നവരുടെ ശാസന കേട്ടേ ഒക്കു. മനസില്ലാ മനസോടെ കണ്ണും
തുരുമ്മി മുറ്റത്തോട്ടിറങ്ങുമ്പോഴായിരിക്കും വിഷുപ്പക്ഷികളുടെ ചിലക്കല്‍
തങ്ങളുടെ നീരസം കുറയൊക്കെ കേള്‍ക്കട്ടെയെന്ന് കരുതി അവരുടെ പാരടികള്‍
രചിക്കുകയായി.

” അച്ഛന്‍ കൊമ്പത്ത് അമ്മ വരമ്പത്ത് അന്ത് തെക്കോട്ട് ”

അവസാനത്തെ വാക്കുച്ചത്തില്‍ പറയില്ല. പറയുന്നത് കേള്‍ക്കാനിടയായാല്‍
മുതിര്‍ന്നോരുടെ തലക്കുള്ള മേട് ഉറപ്പ്.

സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ വര്‍ഷാവസാന പരീക്ഷയടുക്കുന്ന സമയം
അല്ലെങ്കിലും കുറയൊക്കെ വേദനയും വിരഹവും കടനു വരുന്ന നാളുകളാണു.
വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിച്ചിടത്തോളം സഹപാഠികളുടെയിടയില്‍
അപൂവ്വമായിട്ടെങ്കിലും കണ്ടു വരുന്ന പ്രണയകാലത്തിനു പെട്ടന്നൊരു വിരഹം.

ഓട്ടോഗ്രാഫിലെ വരികള്‍ക്ക് വേദനയും മാധുര്യവും ഏറുന്നു. ഇനി എന്നു കാണും?
അഥവാ എന്നന്നേക്കുമായുള്ള വേര്‍പിരിയലാണോ? ആ നൊമ്പരം കുറിച്ചിടുന്ന വരികളില്‍
കാണാം പ്രണയിതാക്കള്‍ക്ക് സ്വന്തം കാമിനിയുടെ ( കാമുകന്റെ) വാക്കുകള്‍
പലപ്പോഴും നീണ്ട വിരഹാദ്രമായ വേദനകള്‍ പങ്കുവയ്ച്ചുള്ള ലേഖനങ്ങളാവും.
അവയൊക്കെ അമൂല്യമായ നിധിപോലെ ആരും കാണാതെ സൂക്ഷിച്ചു വയ്ക്കുന്ന
ഓട്ടോഗ്രാഫുകള്‍ വേറെയുണ്ടാകും.

വിഷുക്കാലത്ത് വിഷുപ്പക്ഷിയുടെ കൂജനം അവരെ സംബന്ധിച്ചിടത്തോളം കഴിഞ്ഞു
പോയ സ്മൃതികള്‍ തരുന്ന മുഹൂര്‍ത്തങ്ങളുടെ നൊമ്പരപ്പെടുത്തുന്ന പുനര്‍വായനയോ
കാഴ്ചകളൊ ആകാം.


ഇന്ന് ഓട്ടോഗ്രാഫുകളില്ല. കൊച്ചുകുട്ടികള്‍ വരെ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ച്
എസ് എം എസ് അയക്കുന്നു. അല്ലെങ്കില്‍ ഇന്റെര്‍ നെറ്റ് കഫെകളില്‍ മണിക്കൂറുകള്‍
നീണ്ട ചാറ്റിംഗ്.

പിന്നെ ആരെയെങ്കിലും കിട്ടിയാല്‍ ഒത്തൊരുമിച്ചൊരു യാത്ര.
കാര്‍ന്നോന്മാരറിയാതെ. അവരില്‍ പലരും വിദേശങ്ങളിലായിരിക്കും. ഐസ്‌ക്രീ!മ്
പാര്‍ലറുകള്‍, പാര്‍ക്ക്, സിനിമ, ഏതെങ്കിലും മുന്തിയ ഹോട്ടലില്‍ മുറിയെടുത്തൊരു
രാത്രി.

പിന്നെ പണ്ടത്തെ ‘ പ്ലെറ്റോണിക് ലൌ’ ഇപ്പോഴില്ല. മാംസനിബദ്ധമായ ഈ
രംഗങ്ങള്‍ക്ക് അധികവും താളം തെറ്റുന്നു. ചതിക്കുഴികളില്‍ പെട്ടുവെന്ന്
അറിയുന്നത് ആരെ വിശ്വസിച്ചിറങ്ങിയോ അവന്റെ കൂടെ വേറെയും ആള്‍ക്കാരുണ്ടെന്ന്
അറിയുമ്പോഴാണു. കിടപ്പറയിലെ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന ഒളിക്യാമറകള്‍ സ്ഥാപിച്ച
ഹോട്ടലുകള്‍ ധാരാളമുള്ള നാട്ടില്‍ പഴയ ഓട്ടോഗ്രാഫില്‍ വിരഹാര്‍ദ്രമായ കാമുകന്റെ
വേദനകലര്‍ന്ന വാക്കുകള്‍ കാലാഹരണപെട്ട വാക്കുകളാണ്‍. വിഷുപ്പക്ഷിയുടെ
കൂജനത്തിനുള്ള പുതിയൊരു വ്യാഖ്യാനം ചതിക്കുഴിയില്‍ പെടുന്ന ഇണപ്പക്ഷികളുടെ
വേദനയോര്‍മ്മപ്പെടുത്തുന്നു. പുതിയൊരു ഗാനം, താമസിയാതെ തന്നെ ഉണ്ടായെന്നും
വരും.

കടപ്പാട് : സ്‌നേഹഭൂമി

Generated from archived content: essay2_apr9_14.html Author: meera

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English