സുപ്രഭാതം…
ഏഴടിയാൽ നാഴികമണികാലമളന്നു. പതിവുപോലെ ഞാൻ കാപ്പിയും പത്രവും കൈക്കൊണ്ടു.
ചരിത്രത്തിലാദ്യമായി കേരളത്തിൽ ഏറ്റവും വലിയ ചൂട് നാല്പതിന്റെ സ്‌കെയിലിൽ പൊങ്ങിയതായി വാർത്ത.
അധർമ്മം പെരുത്തതുകൊണ്ടാണ് ആത്മീയ ഭക്തിവാദികൾ, മരങ്ങൾ വെട്ടുന്നതു മൂലമെന്നു പ്രകൃതി സ്നേഹികൾ “മരമില്ലാത്ത കടലിലും മഴപെയ്യുന്നില്ലേ” എന്നു മന്ത്രിച്ചോദ്യം.
കലങ്ങിയ മനസ്സുമായി കാപ്പിയും പത്രവും തീർന്നപ്പോൾ ഞാൻ കർമ്മവ്യഗ്രതയിലേക്ക്
രാത്രിയിൽ മേശവിളക്കിനു മുന്നിൽ കേരളചരിത്രം തുറന്നു. അറബിസഞ്ചാരി അൽ അബ്‌ത്തിരിയുടെ പതിനാലാം നൂറ്റാണ്ടിലെ സഞ്ചാരക്കുറിപ്പിലെത്തി. ‘കേരളത്തിൽ കഠിന വേനൽക്കാലത്ത് ആരും പുറത്തിറങ്ങാറില്ല. വീടിനുള്ളിൽ മിക്കവാറും നഗ്നരായിക്കിടക്കുകയാണ്’…. വായന കഴിഞ്ഞ് പുസ്തകം മടക്കിയ ഞാൻ തുണിയില്ലാത്ത ഭൂതമോ വാരിച്ചുറ്റിയ വർത്തമാനമോ തമ്മിൽ ഭേദം എന്ന പുതിയ ചിന്താക്കലക്കത്തിലേയ്‌ക്ക് വഴുതിമൂരി നിവർന്നു. ഭാവിയുടെ വർത്തമാനം വർത്തമാനത്തിന്റെ ഭാവിയാകാം എന്ന് നിനച്ച് ഞാൻ പുതിയ ചൂടിൽ നഗ്നനായി.
Generated from archived content: story3_jun1_07.html Author: mankulam-gk