ആളുവില – കവിതവില

ആളുവില കല്ലുവില എന്ന ചൊല്ലിന്‌ കാലികമായി ഒരു പാഠഭേദം വരുത്തിയാൽ ആളുവില കവിത വില എന്ന്‌ പറഞ്ഞുപോകും ചില പുതിയ പ്രവണതകൾ കാണുമ്പോൾ. കല്ലിന്റെ പക്ഷത്തു വിൽപ്പനയാണെങ്കിൽ കവിതയുടെ ഭാഗത്ത്‌ വാങ്ങലാണെന്ന്‌ മാത്രം. പണ്ട്‌ കുമാരനാശാൻ കവിസ്ഥാനാർഹരില്ലത്രപേർ എന്ന്‌ പറഞ്ഞത്‌ ഇന്ന്‌ ഏറെ സത്യമായിരിക്കുന്നു. എങ്കിലും കവിത്വത്തിന്റെ സ്‌ഫുലിംഗങ്ങൾ അങ്ങിങ്ങു വിരളമായി കാണപ്പെടുന്നതിനാൽ അന്ധകാരാവൃതമായ ആധുനിക കവിതാരംഗത്ത്‌ ആശയ്‌ക്കുളള വക തീരെയണഞ്ഞുപോയിട്ടില്ല, പഴയ കാലത്ത്‌ കവിതയുടെ മാറ്റ്‌ നിർണ്ണയിച്ചിരുന്നത്‌ ജാതി, സമ്പത്ത്‌, ആഢ്യത്വം തുടങ്ങിയ മാനദണ്‌ഡങ്ങൾ കൊണ്ടായിരുന്നു. അങ്ങനെ പലരും മഹാകവികളായി വിലസിയിരുന്ന ചരിത്രം നമുക്ക്‌ സുപരിചിതം. എന്നാൽ കാലഭേദത്താൽ അതിനൊക്കെ ആശാവഹമായ മാറ്റങ്ങളുണ്ടാകുകയും യഥാർത്ഥ കവിത്വമുളളവരെ മാത്രം കവികളായി കാലം കണ്ടെത്തുകയും ചെയ്‌തു. എന്നാൽ അടുത്ത കാലത്തായി കവിത്വനിർണ്ണയം പഴയ മട്ടിലേക്കു മടങ്ങിയ വികൃതസത്യമാണ്‌ നാം കാണുന്നത്‌. ജാതി, സമ്പത്ത്‌ തുടങ്ങിയവയ്‌ക്ക്‌ പകരം അധികാരം, പോപ്പുലാരിറ്റി, സിനിമാ പരിവേഷം തുടങ്ങിയവയാണ്‌ പിൻശക്തികൾ എന്നുമാത്രം. കവിത്വം കമ്മിയായ ഒരാളുടെ കവിതകൾ അദ്ദേഹം ഉന്നതോദ്യോഗസ്ഥനും സിനിമാ സംവിധായകന്റെ മകനും സിനിമാ പാട്ടെഴുത്തുകാരനുമൊക്കെയായതിനാൽ പ്രമുഖ വാരികകളിൽ ധാരാളം പ്രസിദ്ധീകരിക്കപ്പെട്ടത്‌ അടുത്ത കാലത്ത്‌ നാം കണ്ടു.

ഇപ്പോഴിതാ മലയാളത്തിന്റെ പ്രിയപ്പെട്ട ഗാനഗന്ധർവ്വന്റെ ആദ്യകവിതയും മലയാള മനോരമ (ശ്രീ-2004 ജനുവരി 18) വൻ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരിക്കുന്നു. വർഷങ്ങൾ നീണ്ട കാവ്യസപര്യ അനുഷ്‌ഠിച്ച മലയാളത്തിന്റെ പ്രിയ കവികൾക്കാർക്കും ലഭിക്കാത്ത അംഗീകാരം പാട്ടുകാരനായ ദാസിന്‌ ഒരു സുപ്രഭാതത്തിൽ മനോരമ നൽകിയിരിക്കുന്നു. എന്നാൽ അത്‌ കവിതയുടെ സ്വത്വബലം കൊണ്ടുമാത്രമാണോ എന്നാലോചിച്ചാൽ അല്ലേ അല്ല എന്ന്‌ കാവ്യബോധം തെല്ലെങ്കിലുമുളള ആരും പറഞ്ഞുപോകും. ഇതു ദാസിന്റെ കുറ്റമല്ല. അദ്ദേഹം തന്റെ രചന ഒരു കവിതയാണോ എന്ന്‌ വിനയപൂർവ്വം ഒരു പ്രസംഗ മദ്ധ്യേ സംശയം പ്രകടിപ്പിക്കുകയും അതിന്റെ പോരായ്‌മകൾ ചൂണ്ടിക്കാട്ടണമെന്ന്‌ സഹൃദയസമക്ഷം അപേക്ഷിക്കുകയും ചെയ്‌തിട്ടുണ്ട്‌. എന്നാൽ എന്തുകൊണ്ട്‌ മനോരമ അതു വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു? അവിടെയാണ്‌ പഴമൊഴി പുതുമൊഴിയായി വന്നു സമാധാനം തരുന്നത്‌ – ‘ആളുവില കവിതവില’.

Generated from archived content: essay1_apr.html Author: mankulam-gk

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here