ഇടത്തരക്കാരന്‍ പെണ്‍കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കരുത്

പ്രതിലോമമെന്ന് വിശേഷിപ്പിക്കപ്പെട്ടേക്കാവുന്ന അല്ലെങ്കില്‍ കടുത്ത തെറ്റിദ്ധാരണ ഉയര്‍ത്താവുന്ന ആലോചനയാണിത്. ഇടത്തക്കാരനും സാധാരണക്കാരനും പെണ്‍കുട്ടികളെയും ( പ്രത്യേകിച്ച്) ആണ്‍കുട്ടികളേയും ഉന്നതവിദ്യാഭ്യാസം ചെയ്യിക്കേണ്ടതുണ്ടോ എന്ന് പലതവണ ആലോചിക്കണം. സം വരണത്തിന്റെയോ സൗജന്യങ്ങളുടേയോ പട്ടികയില്‍ ഇടം പിടിക്കാത്തവരും അര്‍ഹരായിട്ടും അതൊക്കെ നിഷേധിക്കപ്പെടുന്നവരുമായ ഇടത്തക്കാര്‍ ഇക്കാര്യത്തില്‍ കൂടുതലായി ഗൗരവസമീപനം പാലിക്കേണ്ടതുണ്ട്.

ഇടത്തരക്കാര്‍ ആത്മഹത്യ മുനമ്പുകളില്‍ നില്‍ക്കുന്ന ജനവിഭാഗമാണ്. ദുരഭിമാനത്തില്‍ അധിഷ്ഠിതമായ അഭിമാന ബോധമാണ് അവരെ നയിക്കുന്നത്. നായകന്‍ അപകടകാരിയായതുകൊണ്ട് അന്തകനാവുകയും ചെയ്യാം. അഭിമാനത്തോടെ തന്നെ ജീവിക്കാന്‍ കഴിയാതെ വരുന്ന സാഹചര്യത്തില്‍ ദുരഭിമാനം സങ്കീര്‍ണ്ണതകള്‍ മാത്രമേ സമ്മാനിക്കുകയുള്ളു. പെണ്‍കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കുന്നതിനേക്കാള്‍‍ അവരെ തൊഴിലധിഷ്ഠിതമായ കോഴ്സുകള്‍ അഭ്യസിപ്പിച്ച് ഭാവിയെ നേരിടാന്‍ പ്രാപ്തരാക്കുകയാണ് വേണ്ടത്. ഉന്നത വിദ്യാഭ്യാസമുള്ള പെണ്‍കുട്ടിക്ക് അവളുടെ യോഗ്യത അനുസരിച്ചുള്ള യുവാവിനെ കണ്ടെത്തേണ്ടി വരും. മകളുടെ യോഗ്യതയ്ക്ക് ആനുപാതികമായി ജീവിതവും ഗൃഹവും പരിഷ്ക്കാരങ്ങള്‍ ആവശ്യപ്പെടും. കടക്കെണി അങ്ങനെയാണ് ഉണ്ടാകുന്നത്. നൂറ്റിയൊന്നു പവനും എ. സി. കാറും സ്വപ്നം കണ്ട് പെണ്‍ തണലില്‍ ജീവിതം നയിക്കാന്‍ കച്ചകെട്ടി നില്‍ക്കുന്നവര്‍ ഇടത്തരം ഭവനങ്ങള്‍ താറുമാറാക്കി അവരെ അനാഥരും വാടകക്കാരും ആത്മഹത്യാ ജന്മങ്ങളുമാക്കി തീര്‍ക്കും. പെണ്‍കുട്ടികളെ വസ്തുവകകള്‍ വിറ്റു തുലച്ചും ലോണ്‍ എടുത്തു പഠിപ്പിക്കുന്നതിലും‍ ലക്ഷങ്ങള്‍ നല്‍കി തൊഴിലുണ്ടാക്കുന്നതിലും അപകടങ്ങളുണ്ട്. ഉന്നത വിദ്യാഭ്യാസത്തോടൊപ്പം ലഭിക്കുന്ന സ്വാതന്ത്ര്യവും നിഷേധവും പങ്കാളിയെ സ്വയം തെരെഞ്ഞെടുക്കലും മാതാപിതാക്കളുടെ ഉറക്കം കെടുത്തുന്നുണ്ട്. ഇങ്ങനെ ഉറക്കം കെടുന്നതിനും ഉരുകി തീരുന്നതിനുമാണോ പറക്കമുറ്റും വരെ കാവലിരിക്കുന്നത്? അത് മറ്റൊരു പ്രശ്നം) ധനകാര്യ സ്ഥാപനങ്ങള്‍‍ പ്രലോഭനങ്ങള്‍ നല്‍കി പാവം മനുഷ്യരെ വ്യാമോഹിപ്പിച്ചുകൊണ്ടിരിക്കും. ഇത് വിദ്യാഭ്യാസ ലോണിന്റേയും ഭവനവായ്പ്പകളുടെയും ഭീകര രൂപത്തില്‍ കടക്കെണിയില്‍ വീഴ്ത്തി അവരുടെ അധ്വാന നേട്ടത്തെ അവര്‍ ചൂഷണം ചെയ്യും. ഒരാളെ ആജീവനാന്തം കടക്കാരനാക്കാനുള്ള പദ്ധതികള്‍‍ ആവിഷക്കരിക്കപ്പെട്ടുകൊണ്ടിരിക്കും.

മക്കള്‍ ഉന്നതരാകാന്‍ ആരും കൊതിക്കും. ലോണ്‍ മോഹങ്ങള്‍ക്ക് ഗരുഢച്ചിറകുകള്‍‍ നല്‍കും. മരിച്ചാലും തീരാത്ത ബാദ്ധ്യതകളില്‍ യാഥാര്‍ത്ഥ്യങ്ങള്‍‍ തിരിച്ചറിയുമ്പോഴേക്കും‍ എല്ലാം കൈവിട്ടു പോകും. എപ്പോഴും ഒരു വിഭാഗത്തെ ചതഞ്ഞ ജന്മങ്ങളാക്കി അവശേഷിപ്പിക്കുമ്പോള്‍ തരക്കേടില്ലാത്ത കിടപ്പാടം തട്ടിപ്പൊളിച്ച് പത്ത് ലക്ഷത്തിന്റെ വീട് വയ്ക്കും. ( അതില്‍ കൂടുതലുമാകാം) എട്ടു ലക്ഷത്തിന്റെ കടക്കാരനാവുന്നവന്‍ സ്വസ്ഥത നഷ്ടപ്പെട്ട് ആറാം മാസം കയ്യില്‍ ഇരുന്നതും ഒറ്റാലില്‍ കിടന്നതും പോയി എന്ന അവസ്ഥയില്‍ അനാഥമാക്കപ്പെടുന്ന കാഴ്ച പെരുകുകയാണ്. ഇടത്തരക്കാരന് മണ്ണും മക്കളും വീടും മേല്‍വിലാസവും നഷ്ടമാകാതിരിക്കാന്‍ ചെറിയ സ്വപ്നവും ചെറിയ ജീവിതവും കൊതിക്കുക എന്നതാണ് അഭികാമ്യം. സാമ്പത്തിക ഭീകരതയേയും അധികാര ഭികരതേയും ചെറിയ ജീവിതം കൊണ്ട് ചെറുക്കാന്‍ കഴിയും.

Generated from archived content: essay1_may19_13.html Author: mani_k_chenthappuru

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here