വിദ്യാരംഭം എന്നത് ഒരു കുട്ടിയുടെ ഭാവിജീവിതത്തിലേക്കുള്ള അറിവന്റെയും വെളിച്ചത്തിന്റെയും വഴി തുറക്കലാണ്. അറിവ് എന്നതും വെളിച്ചം എന്നതും ഒന്നേയുള്ളൂ. വ്യത്യസ്ത മത ജാതികള്‍ക്ക് വ്യത്യസ്ത അറിവും വെളിച്ചവുമില്ല. കേരളീയര്‍ വളരെ പവിത്രമായ ചടങ്ങായിട്ടാണ് വിദ്യാരംഭത്തെ കാണുന്നത്. നാട്ടിലുള്ള നിലത്തെഴുത്താശാന്മാരും പൂജാരികളുമാണ് മുന്‍പ് വിദ്യാരംഭം കുറിച്ചിരുന്നത്. കൂടിപ്പള്ളിക്കൂടങ്ങളും ആശാന്മാരും ആശാട്ടിമാരുമൊക്കെ സ്മരണയായി. വിദ്യാരംഭം ഇന്നു സാംസ്‌കാരിക സ്ഥാപനങ്ങളും പത്രസ്ഥാപനങ്ങളും ഏറ്റെടുത്തിരിക്കുന്നു. സാംസ്‌കാരിക നായകന്മാരും സാഹിത്യകാരന്മാരും ഗുരുക്കളാകുന്നു. ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ അവിടെ ആദ്യാക്ഷരം കുറിക്കുകയും ചെയ്യുന്നു. വിദ്യാരംഭത്തില്‍ മതവും ജാതിയുമൊക്കെ ദര്‍ശിക്കുന്നവരെക്കുറിച്ചു ഒന്നും പറയാതിരിക്കുകയാകും നല്ലത്. ആവശ്യമായ സംസാരം (ചിന്തയും എഴുത്തും ബാധകമാക്കാം) പ്രാണഹാനിയാണെന്നു സദ്ഗുരു വിദ്യാധിരാജ ചട്ടമ്പി സ്വാമികള്‍ പറഞ്ഞിട്ടുണ്ട്.
വിദ്യാരംഭത്തിന് സാഹിത്യ അക്കാഡമിയിലും തുടക്കം കുറിച്ചിരുന്നു. മഹാനായ എം.ടി. വാസുദേവന്‍ നായര്‍ അക്കാഡമിയുടെ അധ്യക്ഷനായിരിക്കുമ്പോഴാണ് എഴുത്തുത്സവത്തിന് തുടക്കമിട്ടത്. പിന്നീട് അത് തുടരുകയുണ്ടായില്ല. സാഹിത്യ സാംസ്‌കാരിക കേന്ദ്രമായ അക്കാഡമിയില്‍ വിദ്യാരംഭം ഒഴിവാക്കപ്പെട്ടത് ഖേദകരമാണ്. തുഞ്ചന്‍ പറമ്പിലും ഗുരുവായൂരിലും നടക്കുന്ന വിദ്യാരംഭത്തേക്കാള്‍ പ്രാധാന്യം അക്കാഡമിയില്‍ നടക്കുന്ന വിദ്യാരംഭത്തിനുണ്ട്. മഹാന്മാരായ അനേകം പ്രതിഭകളുടെ കാല്‍പ്പാടുകള്‍ പതിഞ്ഞ മണ്ണാണത്. നമ്മുടെ കുട്ടികളും അവരുടെ രക്ഷിതാക്കളും അക്കാഡമിയുടെ അങ്കണത്തില്‍ വന്നു ചേരട്ടെ. അവരില്‍ എത്ര പേര്‍ എഴുത്തുകാരാകില്ലെന്നു കണ്ടു? വിദ്യാരംഭം അക്കാഡമിയുടെ മഹത്വം വര്‍ധിപ്പിക്കുകയേയുള്ളൂ..
ശ്രീപത്മനാഭ സ്വാമി ബാലസാഹിത്യ സമ്മാനം പുനഃസ്ഥാപിച്ച അക്കാഡമിക്കും ഇച്ഛാശക്തിയുള്ള സാംസ്‌കാരിക വകുപ്പ് മന്ത്രിക്കും ഇക്കാര്യത്തില്‍ വേണ്ട നടപടി എടുക്കാന്‍ കഴിയുമെന്ന് ഉറപ്പുണ്ട്. വരും വര്‍ഷങ്ങളില്‍ വിദ്യാരംഭത്തിന് അക്കാഡമിയുടെ അങ്കണം ഒരുങ്ങുന്നത് സാംസ്‌കാരിക കേരളം സ്വപ്‌നം കാണുന്നുണ്ട്.
Generated from archived content: essay1_july22_13.html Author: mani_k_chenthappuru