സ്വാതന്ത്ര്യദിനത്തിനു മുന്നോടിയായി ചേർന്ന സ്‌റ്റാഫ് മീറ്റിംഗിലാണ് മോഹനൻമാഷ് ആ പടക്കംപൊട്ടിച്ചത്. പതിവുളള പതാക ഉയർത്തലിനു പുറമേ, സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്നതെന്തെങ്കിലും ഇപ്രാവശ്യം വിദ്യാർത്ഥികൾക്കായി ചെയ്‌തുകൂടെ…?
സമയം നാലുകഴിഞ്ഞതിനാൽ എല്ലാവരും അപ്പോൾ സമ്മതം മൂളിപ്പിരിയുകയാണ് ഉണ്ടായത്. പിന്നെ, ആഘോഷ തലേന്നുവരെ പതിവുവിട്ടുളള പ്രത്യേകതകളൊന്നും ആരുടെ ഭാഗത്തുനിന്നും കാണാതിരുന്നപ്പോൾ മോഹനൻമാഷ് ഒരു കഷണം ചോക്ക് വെളളത്തിൽ മുക്കി നോട്ടീസ് ബോർഡിൽ ഇങ്ങനെ എഴുതി.
“നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ നമുക്കും പങ്കുചേരാം.”
അതുകണ്ട് ഹെഡ്‌മാസ്‌റ്റർ
“ഒരു കളർ ചോക്കുകൊണ്ടാണ് മാഷത് എഴുതേണ്ടത്…”
അറബിമാഷ് ഇങ്ങനെ തിരുത്തി.
“അതിനുചുറ്റും ഒരു വട്ടം വരക്കാമായിരുന്നു.”
വിശാലാക്ഷി ടീച്ചർ
“മാഷ്‌ക്ക് വേറെ പണീം തൊരോംല്ല അതുതന്നെ…”
ഇതുകൂടി ആയപ്പോൾ മോഹനൻമാഷ് ഡസ്‌റ്റർ നനച്ച് ബോർഡിലെഴുതിയത് മായ്‌ച്ചു കളഞ്ഞു.
Generated from archived content: story4_oct1_05.html Author: m_krishnadas