ശ്രീ.ബൈജുപ്രകാശിന്റെ ‘ചരിഞ്ഞുനോട്ടം’ (സ്‌ത്രീകളുടെ വഴികാട്ടി) സത്യസന്ധമായ ഒരു നിരീക്ഷണമാണ്. ഇന്നും രാപകൽ അദ്ധ്വാനിച്ച് തന്റെ കുഞ്ഞുങ്ങളെയും ‘കെട്ട്യോനേയും’ പോറ്റേണ്ട ഗതികേട് അനുഭവിച്ചുകൊണ്ടിരിക്കുന്ന എത്രയോ സ്‌ത്രീകൾ നമ്മുടെ നാട്ടിലുണ്ട്. അതിനിടയ്‌ക്കാണ്, അല്ലെങ്കിൽ ഇതൊന്നും കണ്ടിട്ടും കാണാതെ നിങ്ങളുടെ നഖങ്ങൾ എങ്ങനെ മനോഹരമാക്കാമെന്നും, ബന്ധപ്പെടുമ്പോൾ സമയദൈർഘ്യം എങ്ങനെ വർദ്ധിപ്പിക്കാമെന്നും തട്ടിവിട്ട് കൊഴുത്തുതടിക്കുന്ന (ഇറച്ചിക്കോഴികൾ എന്നും പറയാം) സ്‌ത്രീയുടെ മാത്രം വാരികകളുടെ ദരിദ്രവാസികളെക്കുറിച്ച് ഫെമിനിസ്‌റ്റുകൾ പോലും മൗനം കൊളളുന്നത് തുറന്നു കാട്ടപ്പെടേണ്ടതുതന്നെയാണ്. – കെ.ടി.രവി കൊയിലാണ്ടി
മുഖപ്രസംഗം “ക്ഷേത്രങ്ങളിൽ വ്യാപാര കേന്ദ്രങ്ങൾ പണികഴിപ്പിക്കണം” ഉജ്ജ്വലമായിട്ടുണ്ട്. ഈ സന്ദേശം ഹിന്ദുസമുദായം പുനരാലോചനയ്‌ക്ക് വിധേയമാക്കേണ്ടതുണ്ട്. – കമലാക്ഷൻ വെളളാച്ചേരി
ഗ്രാമം കൈപ്പറ്റി ചെന്താപ്പൂരിന്റെ ‘ഞാറ്’ എന്ന കവിത ഈ ലക്കത്തിലെ ഏറ്റവും ഇഷ്‌ടപ്പെട്ട വിഭവമായിരുന്നു. – അശോകൻ അഞ്ചത്ത്
“ക്ഷേത്രങ്ങളിൽ വ്യാപാര കേന്ദ്രങ്ങൾ പണി കഴിപ്പിക്കണം” ആശയം കാലത്തിനനുസൃതം തന്നെ. – വേങ്കൊല്ല ദിൽഷാദ്
‘ഞാറും’ അംഗനയും ഒരുപോലെയാണെന്നു കണ്ടെത്തിയ നിരീക്ഷണത്തിനും അതിന് കാവ്യംഗനയുടെ സുന്ദരഭൂഷകൾ ചാർത്തിയ കവി മനസ്സിനും ഒരായിരം അഭിനന്ദനങ്ങൾ.
‘വിത്തി’ലൂടെ സന്തോഷ് ചുണ്ടില്ലാമറ്റത്തിന്റെ ആഹ്വാനവും നന്നായി. – ഡോ.ഇ. സുധീർ
പത്തുവർഷക്കാലം ഇത്തരം ഒരു ചെറുമാസിക ഈ സാമൂഹ്യ ചുറ്റുപാടിൽ ഒഴുക്കിൽ നിന്നും മാറി സഞ്ചരിച്ച സംഭവം അത്ഭുതമാണ്. – സന്തോഷ് ചുണ്ടില്ലാമറ്റം
മാർച്ച് ലക്കം കിട്ടി. വിഷയങ്ങൾ നിർഭയമായി അവതരിപ്പിക്കുന്ന പത്രാധിപരുടെ ധീരമായ ഉത്തരവാദിത്വം പത്രപ്രവർത്തനരംഗത്ത് ഇന്ന് ഒറ്റപ്പെട്ടു കാണുന്ന കാര്യമാണെന്ന് പറയുന്നതിൽ സന്തോഷമുണ്ട്. – ചെമ്മാണിയോട് ഹരിദാസൻ
സാമ്പത്തികമായി മുന്നിട്ടു നിൽക്കുന്ന ക്ഷേത്രങ്ങൾ ഭക്തർക്ക് നല്‌കാവുന്ന സമാശ്വാസ നിർദ്ദേശങ്ങളെക്കുറിച്ച് മുഖക്കുറിപ്പ് ശ്രദ്ധേയമായിരുന്നു. – മൂർക്കോത്തു ബാലചന്ദ്രൻ
Generated from archived content: letters_may28.html