പ്രിയ എഡിറ്റർ, അവസരോചിതമായ മുഖക്കുറിപ്പ് ശ്ലാഘനീയമാണ്. സംവരണത്തിന് പുതിയ മതങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് ഓരോ 10 വർഷത്തേക്കും ബില്ലുകൾ പാസ്സാക്കുന്നവർ (കേന്ദ്ര സംസ്ഥാനമന്ത്രി പുംഗവൻമാർ) സ്വന്തം അധികാരത്തിനുമാത്രമാണ് നിയമസഭാമന്ദിരങ്ങളിലും കേന്ദ്രത്തിലും പെട്രോളും കത്തിച്ച് കിതച്ചെത്തുന്നത്. മനുഷ്യജാതി മാത്രമായും വിദ്യാഭ്യാസ യോഗ്യതയിലും തെരഞ്ഞെടുപ്പ് നടത്തിയാൽ ഈ സംവരണമെന്തിന്?
കാവനാട് ജി. വിവേകാനന്ദൻ
മുഖക്കുറിപ്പ് പൂർണ്ണമായും മനുഷ്യവിരുദ്ധമാണ്. തീരെ പുതുമയില്ലാത്തതും. മനുവിനോളം പഴയത്.
കുരീപ്പുഴ ശ്രീകുമാർ
ജാതി സംവരണം, മിശ്രവിവാഹം സംബന്ധിയായ വിഷയത്തിൽ ഗ്രാമം എഴുതുന്ന എഡിറ്റോറിയലുകൾ ഉപരിപ്ലവമായ നിഗമനങ്ങളുടേതാണ്. പത്രാധിപരുടെ വാദങ്ങൾക്ക് പിന്തുണ കൊടുക്കുന്ന കത്തുകൾ കാര്യങ്ങൾ ശരിയായി അപഗ്രഥിക്കാത്തവരുടേതാണ്.
പട്ടാഴി ശ്രീകുമാർ
ലക്കം 86, എഡിറ്റോറിയൽ അത്ര ആശാവഹമല്ല. സ്വജാതിപ്രണയങ്ങളെ പ്രോത്സാഹിപ്പിച്ചെഴുതിയത് കളിയാക്കിയാണെന്ന് കരുതുന്നു.
കാപ്പിൽ തുളസീദാസ്
‘കടമ’ എന്ന ചെന്താപ്പൂരിന്റെ കവിതയിൽ ജീവിതത്തിന്റെ അനുഭവങ്ങളുടെ എല്ലാം മനസ്സിലെ പൊളളുന്ന തീക്കനലുകൾ തിളങ്ങിനിൽക്കുന്നു.
അശോകൻ അഞ്ചത്ത്
ഫെബ്രുവരി ലക്കം കിട്ടി. നൗഷാദ് പത്തനാപുരത്തിന്റെ കവിത നന്നായിരിക്കുന്നു.
എഡിറ്റർ നീലഗിരി മാസിക
‘ഗ്രാമം’ കൈപ്പറ്റി. മുഖക്കുറിപ്പ് ശ്രദ്ധേയം. കാലികം…സമൂഹത്തോട് പ്രതികരിക്കുന്ന ശീർഷകം
സുനിൽ സി.ഇ.
ലേഖനങ്ങൾ കുറച്ചുകൂടി ലളിതമാവേണ്ടതുണ്ടെന്ന് തോന്നുന്നു.
പ്രിൻസ് കല്ലട
മിശ്രവിവാഹം-ആദർശത്തെ നിരാകരിക്കുന്നില്ല, എന്നാൽ പലരും ജീവിത സുരക്ഷിതത്വം-രണ്ട് പേർക്കും തൊഴിൽ-പരിഗണിച്ച് വിവാഹിതരാവുന്നവരുണ്ട്. മറ്റ് ചിലത് പ്രേമവിവാഹമാണ്. ഏതായാലും ത്യാഗം ചെയ്യുന്നത് സ്‌ത്രീകളാണ് എന്നത് വാസ്‌തവം
ശങ്കരൻ കോറോം
എരുമേലിയെപ്പോലെയുളള പണ്‌ഡിതൻമാരും ‘പുനർവായന’, ജൈവപരം എന്നൊക്കെ എഴുതുന്നതു കാണുമ്പോൾ ശുദ്ധഭാഷയുടെ ഭാവിയെപ്പറ്റി ആശങ്ക
മാങ്കുളം ജി.കെ.
Generated from archived content: letters_mar.html