ഗ്രാമം വായിക്കാറുണ്ട്. ‘മക്കൾക്ക് വേണ്ടി സമ്പാദിച്ച് കൂട്ടരുത്’ മുഖക്കുറിപ്പ് വളരെ നല്ലത്. ഞാനും ആ അഭിപ്രായത്തോട് യോജിക്കുന്നു. – ജയൻ പുതുമന
ഗ്രാമം മാസിക കൈപ്പറ്റാറുണ്ട്. 10-ാം വർഷത്തിലേക്കുളള ജൈത്രയാത്രയിൽ മാസികയുടെ മുഖചിത്രം തയ്യാറാക്കിയ ശ്രീ എൻ.എസ്.മണി, ശ്രി. റ്റി.ആർ. മോഹനൻ എന്നിവരെ എന്റെ സന്തോഷം അറിയിക്കുന്നു. – വേലുണ്ണി ഞാങ്ങാട്ടിരി
ഫെബ്രുവരി ലക്കം ഗ്രാമത്തിൽ പി.ബൈജു പ്രകാശിന്റെ ചരിഞ്ഞുനോട്ടം ‘സ്‌ത്രീകളുടെ വഴികാട്ടി’ അവസരോചിതമായി. സ്‌ത്രീകളുടെ മാസിക, ആരോഗ്യമാസിക തുടങ്ങിയ പേരിൽ അശ്ലീലം മൊത്തമായും ചില്ലറയായും വിൽക്കുന്ന വൻകിടക്കാരെ എതിർക്കാൻ ഒരാളും ഇവിടെ മുന്നോട്ടു വരില്ല. പ്രതികരണശേഷി നഷ്‌ടപ്പെട്ടവരുടെ ലോകമാണല്ലോ ഇത്. സത്യം പറഞ്ഞാൽ ഇതൊക്കെയും ഒരുതരം ലഹരി കച്ചവടമാണ്. ‘ഫെമിനി’സ്‌റ്റുകൾക്ക് പീഡനത്തിന് പിറകെ പോകാനല്ലേ സമയമുളളു! – ചെമ്മാണിയോട് ഹരിദാസൻ
കെ.വി.എൻ.കല്ലടയോട് ഒരുവാക്ക്. നിഘണ്ടുവിൽ നിന്നും പദം കണ്ടെത്തി കവിത കുറിക്കാതിരിക്കുക. കവിഹൃദയത്തിൽ നിന്നും ഉറന്നൊഴുകുന്ന അനുഭൂതികളാവണം കവിത. കഠിനപദങ്ങളാകുന്ന ശിലകളിൽതട്ടി അതിന്റെ സ്വച്ഛന്ദ പ്രവാഹത്തിനു തടസ്സം സൃഷ്‌ടിക്കാതിരിക്കുക. – ശങ്കു ചേർത്തല
മാസികയിൽ പ്രത്യക്ഷപ്പെടുന്ന എഡിറ്റോറിയലുകൾ ശ്രദ്ധേയമായി പരിലസിക്കുന്നു. “ചെറുതാണ് സുന്ദരം” എന്ന തത്ത്വത്തിലധിഷ്‌ഠിതമാണ് താങ്കളുടെ പ്രസിദ്ധീകരണമെന്നു കാണുന്നതിൽ സന്തോഷമുണ്ട്. – പ്രൊഫ. എം.സത്യപ്രകാശം
എഡിറ്റോറിയൽ പതിവുപോലെ വ്യത്യസ്‌തം. ആരും പറയാത്തതും ശ്രദ്ധിക്കാത്തതുമായ കാര്യങ്ങൾ ഗ്രാമം കണ്ടെത്തുന്നു. ആ രീതിയിൽ അവ ശ്രദ്ധേയവും. – ശങ്കരൻ കോറം
മക്കൾക്കുവേണ്ടി സമ്പാദിച്ചു കൂട്ടുന്നതിനെക്കുറിച്ചുളള മുഖക്കുറിപ്പ് ഏറെ ചിന്തനീയമാണ്. ഇതു മാത്രമല്ല ഇന്ന് മക്കളെ വളർത്തുവാനും സ്‌നേഹിക്കുവാനും മാതാപിതാക്കൾക്ക് സമയമില്ല. ആ ജോലി അവർ ഹോം നേഴ്‌സിനെ ഏൽപ്പിക്കുന്നു…. ഈ കുട്ടികൾ വളർന്നു വരുമ്പോൾ അച്ഛനമ്മമാരെ വൃദ്ധമന്ദിരത്തിൽ ഏൽപ്പിക്കുന്നതിൽ അത്ഭുതപ്പെടാനുണ്ടോ? – പ്രിൻസ് കല്ലട
Generated from archived content: letters_apr23.html