‘ഗ്രാമം’ നാനാർത്ഥങ്ങളുളള ലഘു രചനകൾകൊണ്ട് സമൃദ്ധമാണ്. കെ.ടി.രവിയുടെ (കൊയിലാണ്ടി) കത്ത് തന്നെയും നോക്കുക. പ്രചാരത്തിൽ ഇന്ത്യയിൽ റിക്കാർഡുനേടിയ ഒരു ‘പവിത്ര’ വനിതാസചിത്രവാരിക വൈബ്രേറ്റർ കച്ചവടംപോലെയാണ് സ്‌ത്രീലൈംഗികതയെ വിറ്റ് മനഃശാസ്‌ത്ര വ്യാപാരം പൊടിപൊടിക്കുന്നത്. ദൈർഘ്യം വർദ്ധിപ്പിക്കുന്ന മന്ത്രത്തകിട് വിൽപ്പന, ചോദ്യേത്തരപംക്തികളും സമൃദ്ധമായി നടത്തുന്നു. സ്‌ത്രീ-പുരുഷ ഫെമിനിസ്‌റ്റുകൾക്ക് അവയിൽ വിവസ്‌ത്രരാവാൻ ഒരു മടിയുമില്ല. പുന്തലത്താഴം ചന്ദ്രബോസിന്റെ ‘പ്രണയ വാതിൽ’ മലയാളത്തിലെ അസ്സൽ ഗസൽതന്നെ. – ഇ. വാസു
മുഖക്കുറിപ്പ് ശക്തം. പണിപ്പേറ് പ്രോത്സാഹിപ്പിക്കുന്നത് അപരിഷ്‌കൃത മതങ്ങളാണ്. സന്തതികൾ ദൈവം തരുന്നതല്ലെന്ന തിരിച്ചറിവ് സുപ്രധാനവും മതവിരുദ്ധവുമാണ്. ആ അറിവിലേക്കാണ് കുചേലയുഗത്തിൽനിന്നും നമ്മളുയരേണ്ടത്. – കുരീപ്പുഴ ശ്രീകുമാർ
‘ഗ്രാമം’ കണ്ടു. ‘പന്നിപ്പേറുതടയണം’ എന്ന മുഖലേഖനം അസ്സലായി. വേറിട്ടചിന്തകൾകൊണ്ട് സജീവസാന്നിദ്ധ്യം അറിയിക്കുന്ന ‘ഗ്രാമത്തിന്’ സർവ്വ മംഗളങ്ങളും നേരുന്നു. – എൻ.കെ.ശശിധരൻ
ഗ്രാമത്തിന്റെ മുഖക്കുറിപ്പുകൾ വേറിട്ട കാഴ്‌ചപ്പാടുകളാണ്. ‘പന്നിപ്പേറ് തടയണം’ എന്ന മുഖക്കുറിപ്പിൽ ജനസംഖ്യാനിയന്ത്രണത്തിന് മുന്നോട്ടുവയ്‌ക്കുന്ന നിർദ്ദേശങ്ങൾ ഭരണകൂടങ്ങൾ നടപ്പാക്കിയിരുന്നെങ്കിൽ എത്ര നന്നായേനെ. ജനസംഖ്യാപ്രശ്‌നം നേരിടുന്ന ചൈനയിൽ ഒന്നിൽ കൂടുതൽ കുട്ടികൾ ഉളളവർ പിഴയടക്കണമത്രെ..! ഇന്ത്യയിൽ ഇങ്ങനെയുളള നിയമങ്ങൾ നടപ്പാക്കണമെങ്കിൽ സങ്കുചിത ചിന്താഗതിയില്ലാത്ത രാഷ്‌ട്രീയ പ്രസ്ഥാനങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു. – അജിതൻ, ചിറ്റാട്ടുകര
‘പന്നിപ്പേറ് തടയണം’ വായിച്ചു. കുടുംബാസൂത്രണം കാലഘട്ടം ആവശ്യപ്പെടുന്നതുകൊണ്ട് അംഗീകരിക്കാം. പിന്നീട് പറഞ്ഞ കാര്യങ്ങൾ തീർത്തും മാനുഷികമല്ലാത്തതായി തോന്നുന്നു. ഈ ഭൂമിയിൽ മറ്റുളളവർക്ക് ദ്രോഹം ചെയ്യാതെ എങ്ങിനേയും ജീവിക്കാം. അതിനർത്ഥം കുട്ടികളില്ലാതെ ജീവിക്കുന്നതാണ് ഉത്തമം എന്ന് വരരുത്. ഒരു സ്‌ത്രീപുഷ്‌പിണിയാവുന്നത് അമ്മയാകുന്നതോടുകൂടിയാണ്. ആ കുഞ്ഞിന്റെ നിഷ്‌കളങ്കമായ കളിയും, ചിരിയും ആസ്വദിക്കാൻ കഴിയാത്ത ദമ്പതിമാർക്ക് ഏത് കലയാണ്, ഏത് സാഹിത്യമാണ്, ഏത് പ്രത്യയശാസ്‌ത്രമാണ് പകരം വയ്‌ക്കാനുളളത്…? ഇല്ലായ്‌മ ചെയ്യുകയല്ല. മറിച്ച് നവീകരണമാണ് ആവശ്യം. – കെ.ടി.രവി കൊയിലാണ്ടി
രാജ്യത്ത് സ്‌ഫോടനാത്മകമായ സ്ഥിതിവിശേഷം സൃഷ്‌ടിക്കുന്ന ജനസംഖ്യാ വർദ്ധനവിനെപ്പറ്റി എഴുതിയ “പന്നിപ്പേറ് തടയണം” എന്ന മുഖക്കുറിപ്പ് അപ്രിയസത്യങ്ങൾ സമൂഹത്തോട് വിളിച്ചുപറയുന്ന യഥാർത്ഥ പോരാളിയുടെ കരുത്തുറ്റ ശബ്‌ദമായിരുന്നു. – ഗണേഷ് പൊന്നാനി
വംശം നിലനിർത്തുവാനും അതല്ല, ‘ദേ ഞങ്ങൾക്ക് കുഴപ്പമൊന്നുമില്ല’ എന്നു സമൂഹത്തെ ബോദ്ധ്യപ്പെടുത്താനെങ്കിലും ഒരു കുട്ടി ആവശ്യമാണ്. അവൻ(എൽ) കല്ലെറിയുന്നെങ്കിൽ എറിയട്ടെ. ജന്മദോഷം എന്നുകരുതി സമാധാനിക്കാം. പക്ഷേ സാമൂഹിക സാഹചര്യം എങ്ങനെയായിരുന്നാലും കുട്ടികളെ വേണ്ടെന്നു വയ്‌ക്കുന്നവർ പ്രകൃതിയെ ധിക്കരിക്കുകയാണ് ചെയ്യുന്നത്. ആ പിന്തിരിപ്പൻ ചിന്താഗതിയോട് ഒരിക്കലും യോജിക്കുക വയ്യ. – ഷീല.ആർ, ചേർത്തല
ഏപ്രിൽ ലക്കം ഗ്രാമത്തിലെ മുഖക്കുറിപ്പ് “പന്നിപ്പേറ് തടയണം” ഏറെ നന്നായി. പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തകിടം മറിക്കുന്ന പല കാരണങ്ങളിൽ പ്രധാനപ്പെട്ടവ തന്നെയാണ്, അനുസൂതമായ ജനസംഖ്യാവർദ്ധനവ്. ഭയാനകവും ഭീകരവുമായ അവസ്ഥയെ തൊട്ടറിഞ്ഞ “ഗ്രാമ”ത്തിന് അഭിനന്ദനങ്ങൾ! – സിബിസ് തേവളളി
Generated from archived content: letter_june_05.html