‘ഗ്രാമം’ കിട്ടി. മുഖക്കുറിപ്പ് അപക്വവും ബാലിശവുമായിപ്പോയി. മണി.കെ.ചെന്താപ്പൂരിന് എഴുതാം. ഒരു പത്രാധിപർക്ക് യോജിക്കാത്തതായിപ്പോയി. പ്രണയത്തെ എതിർക്കുന്നത് മന്ദബുദ്ധികളെന്ന പ്രസ്‌താവം വിലകുറഞ്ഞതാണ്. ‘പ്രണയത്തിനു കണ്ണില്ല’ എന്ന ഒരു ചൊല്ല് മലയാളത്തിലുണ്ട്. അത് ഒന്നുമാത്രം മതി പ്രണയത്തിന്റെ അസ്‌തിത്വത്തെത്തകർക്കാൻ. അറേൻജ്‌ഡ് വിവാഹത്തെക്കാൾ അല്‌പായുസ്സാണ് പ്രണയവിവാഹമെന്ന് എഴുത്തുകാരനായ താങ്കൾ ഇനിയും മനസ്സിലാക്കാത്തത് ആശ്ചര്യമായി തോന്നുന്നു. ഒരു വിവാദമാണു താങ്കൾ ഉദ്ദേശിക്കുന്നതെന്ന് മനസ്സിലായി. കഴിഞ്ഞ മുഖക്കുറിപ്പും ധാരാളം വിമർശനങ്ങളെ ക്ഷണിച്ചുവരുത്തിയിട്ടുണ്ടല്ലോ.
– ശങ്കു ചേർത്തല
വാർത്താചാനലുകളുടെ ആവിർഭാവത്തോടെ ഒന്നിനും അതിന്റേതായ ഗൗരവം ഇല്ലാതെ പോയി. നടുറോഡിൽ എലിക്കുഞ്ഞ് ചത്ത് കിടന്നാൽ അതിനെ ലൈവ് പ്രോഗ്രാമാക്കുന്ന ചാനലുകൾക്ക് മുന്നിൽ മനുഷ്യർ വെറും ഋണം.
– മുയ്യം രാജൻ
ഏപ്രിൽ ലക്കം കിട്ടി. പ്രണയത്തേയും പ്രണയവിവാഹത്തേയും പ്രോത്സാഹിപ്പിക്കുക എന്ന മുഖക്കുറിപ്പ് നന്നായി. ആനുകാലികമായതും പ്രചാരമേറുന്നതുമായ ഒരു കാര്യമാണ് പ്രണയം.
– ശങ്കരൻ തെക്കിനിയിൽ
ശ്രീ. മാങ്കുളം ജി.കെയുടെ ആളുവില-കവിതവില അസ്സലായിരിക്കുന്നു. പ്രണയവിവാഹങ്ങളിൽ ഏറിയകൂറും പത്രാധിപർ ധരിച്ചുവച്ചിരിക്കുന്നത് പോലെ ആനുകൂല്യങ്ങളിൽ കണ്ണുവച്ചുളളതായിരിക്കില്ല. പ്രണയം ആർക്കെങ്കിലും പ്രോത്സാഹിപ്പിക്കാനോ നിരുത്സാഹപ്പെടുത്താനോ കഴിയുന്ന ഒന്നല്ല. ഈ വികാരം കണ്ണില്ലാത്തതാണെന്ന് കേട്ടിട്ടുണ്ടാവുമല്ലോ. മിക്കപ്പോഴും ഒരു വ്യക്തിയുടെ (ആണ് പെണ്ണ്) ഏതെങ്കിലുമൊരു ശരീരഭാഗത്തോടെ (ഉദാഃ കണ്ണ്, മൂക്ക്, മുടി) മറ്റ് ഗുണങ്ങളോടോ ഉണ്ടാകാവുന്ന (സ്വഭാവം, സ്വരം, വിനയം) അമിത ആരാധന ആകാം പ്രണയഹേതു. ഇങ്ങനെയുളള പ്രേമഭംഗങ്ങളുടെ ദുരന്തചിത്രങ്ങളാണ് നമുക്ക് ചുറ്റും കാണാറുളളത്.
– ഡോ.രാജൻ കല്ലേലിഭാഗം
മുഖക്കുറിപ്പ് സ്വാഗതാർഹമാണെങ്കിലും അരനൂറ്റാണ്ടു പിന്നിലെ മനസുമായിരിക്കുന്ന ചില ആളുകൾ (50% ഇതിനോട് യോജിക്കില്ല. എന്തൊരു അസംബന്ധമാണിത് എന്ന തോന്നലുകൾ വരെ ഉണ്ടാകാം. പ്രണയത്തിന്റെ പേരിൽ ആത്മഹത്യചെയ്യുന്നവരെ പരിഹാസത്തോടെ മാത്രം കാണുന്ന ഇന്നത്തെ സ്ഥിതിയിൽ കുറച്ചു വ്യത്യാസം വരും എന്നല്ലാതെ പൂർണ്ണമായും മാറില്ല.
– രാധ.എം.കണ്ണന്നൂർ
ഗ്രാമം വായിച്ചു. “പ്രണയവിവാഹം പ്രോത്സാഹിപ്പിക്കുക”- പൂർണ്ണമായും ഇതിനോട് യോജിക്കാൻ കഴിയുന്നില്ല. നമ്മെക്കാൾ ജീവിതാനുഭവങ്ങൾ ഉളള നമ്മുടെ മാതാപിതാക്കൾക്ക് ജീവിതത്തെക്കുറിച്ച് കൂടുതൽ ധാരണ ഉണ്ടാകും. അതുകൊണ്ട് അവരുടെ ഉപദേശങ്ങൾ അനുസരിക്കുകയാണ് ഇന്ന് ഉത്തമം.
– പ്രിൻസ് കല്ലട
ഗ്രാമം ലഭിച്ചു. പ്രണയത്തെയും പ്രണയവിവാഹങ്ങളെയും പ്രോത്സാഹിപ്പിക്കുക എന്ന തലക്കെട്ടിൽ താങ്കളെഴുതിയ മുഖക്കുറിപ്പു വായിച്ചു. പണ്ട് പ്രണയത്തിന് പ്രതിബദ്ധതയുണ്ടായിരുന്നു. ഇന്നു പ്രകടനം മാത്രമായി മാറി.
– കുരീപ്പുഴ രാജേന്ദ്രൻ
താങ്കളുടെ മറുപടി ഏറെ ശക്തം. ചിലർക്ക് സത്യം കേൾക്കുന്നത് അലർജിയാണെന്നു ചില പ്രതികരണങ്ങളിൽ നിന്നു മനസ്സിലായി. മനു ഏറെ പഴക്കമുളളവനെങ്കിലും വീണ്ടും വരുന്ന പുതുമക്കാരനുമാണെന്ന സത്യം അറിയാനുളള ക്രാന്തദർശിത്വം ചില കവികൾക്കില്ലാ എന്നു കാണുന്നത് കൗതുകകരം.
– മാങ്കുളം ജി.കെ.
Generated from archived content: letter_june.html