കത്തുകൾ

മുഖക്കുറിപ്പുകൾക്ക്‌ പുതുമയുണ്ട്‌. സി.ജെ.മണ്ണുംമൂടിന്റെ ചരമക്കുറിപ്പ്‌ പത്രങ്ങൾ വിവേചനപരമായ രീതിയിൽ പ്രസിദ്ധീകരിച്ചു എന്ന്‌ അച്ചടിച്ചു കണ്ടു. ആ മഹച്ചരമം ഞാൻ അറിയുന്നത്‌ അപ്പോൾ മാത്രമാണ്‌. മണി സൂചിപിച്ചത്‌ തികച്ചും ശരി.

-പ്രൊഫ.ജി.സോമനാഥൻ

എഴുത്തുകാരന്റെ വേർപാട്‌ ചരമക്കൂട്ടത്തിൽ കൊടുത്ത്‌ നിന്ദിക്കുന്ന കുത്തക പത്രങ്ങൾക്കെതിരെ മുഖക്കുറിപ്പിലൂടെ നടത്തിയ പ്രതിഷേധം തികച്ചും ഉചിതമായി. കാട്ടുകളളന്മാരുടെയും ചിട്ടിക്കമ്പനിക്കാരന്റെയും മതതീവ്രവാദിയുടെയുമൊക്കെ മരണവാർത്ത ഒന്നാംപേജിൽ നിന്നും വായിക്കേണ്ടിവരുന്ന നമ്മൾ സ്വന്തം ഹൃദയത്തിൽ ഒരു സിംഹാസനം പണിത്‌ കുടിയിരുത്തിയിരിക്കുന്ന ‘പ്രശസ്‌തരല്ലെങ്കിലും മഹാന്മാരായ’ പല എഴുത്തുകാരുടെയും മരണവാർത്ത ‘ചരമക്കൂട്ടത്തിൽ’ നിന്നും ‘ഭൂതക്കണ്ണാടി’യുടെ സഹായത്തോടെ വായിച്ചെടുക്കേണ്ടി വരുമ്പോഴുണ്ടാകുന്ന മനോവേദന വിവരണാതീതമാണ്‌. കുത്തകപത്രങ്ങളുടെ കൂലിയെഴുത്തുകാർക്ക്‌ കുപ്പി വാങ്ങിച്ചുകൊടുത്ത്‌ പ്രശസ്‌തനാകുന്നവന്റെ കെട്ടകാലത്തിൽ ഇതും ഇതിനപ്പുറവും സംഭവിക്കാം.

-അഡ്വഃ എസ്‌.ജിതേഷ്‌

മെയ്‌-ജൂൺ ലക്കം കൈപ്പറ്റി. എഡിറ്റോറിയൽ ശ്രദ്ധേയമായി. ആരും പറയാത്ത വിഷയം. പത്രസമൂഹത്തിനുവേണ്ടി അക്ഷരങ്ങൾ കൊണ്ടു പൊരുതി മൃതിയടയുന്നവരെ അക്ഷരക്കൂട്ടർ തന്നെ അവഗണിക്കുന്നത്‌ കഷ്‌ടമെന്നേ പറയേണ്ടൂ.

– ജിജോ രാജകുമാരി

ജൂൺ ലക്കം ലഭിച്ചു. ‘എഴുത്തുകാരന്റെ വേർപാട്‌ ചരമക്കൂട്ടത്തിൽ’ എന്ന മുഖക്കുറിപ്പ്‌ വായിച്ചു. ചൂണ്ടിക്കാണിക്കപ്പെടേണ്ടതും പ്രതിഷേധാർഹവുമായ ഒരു വിഷയമാണു താങ്കൾ മുഖക്കുറിപ്പായി എഴുതിയിരിക്കുന്നത്‌. നമ്മുടെ പത്രധർമ്മവും പത്രസംസ്‌കാരവും സ്വദേശാഭിമാനിയുടെ കാലഘട്ടത്തോടെ മൺമറഞ്ഞോ എന്നു നാം ശങ്കിക്കുന്നതിൽ അത്ഭുതമില്ല.

– കുരീപ്പുഴ രാജേന്ദ്രൻ

പുതിയ ലക്കത്തിലെ ‘അന്യൻ’ എന്ന കഥ മനസ്സിനെ വല്ലാതെ സ്‌പർശിച്ചു. അവതരണത്തിന്റെ ഒഴുക്ക്‌ കുറച്ചുകൂടി നന്നാക്കിയിരുന്നെങ്കിൽ ആ കഥ കരുത്താർജ്ജിച്ചേനെ.

– പവിത്രൻ ഓലശ്ശേരി

ഗ്രാമം മെയ്‌-ജൂൺ ലക്കം കിട്ടി. എഡിറ്റോറിയൽ അവസരോചിതം തന്നെ. എല്ലാ സമൂഹവും കലാകാരൻമാർക്ക്‌ വേണ്ടുന്ന ആദരവ്‌ കൊടുക്കാറുണ്ട്‌. അങ്ങനെയുളള കലാകാരൻമാരുടെ വേർപാട്‌ ചില പത്രക്കാർ ചരമക്കൂട്ടത്തിൽ ചേർത്ത്‌ മഹിമ കുറയ്‌ക്കുന്നത്‌ ഒട്ടും ശരിയല്ല. ഇതേ ലക്കത്തിലെ രാജു പാമ്പാടിയുടെ കഥ നന്നെങ്കിലും എഴുത്തിന്റെ ശൈലി പോര.

– ശങ്കരൻ തെക്കിനിയിൽ

ഗ്രാമം മാസികയിലെ ഇളവൂർ ശ്രീകുമാർ എഴുതിയ “മറവിയുടെ പുസ്‌തകത്തിൽ എഴുതാൻ” എന്ന കാര്യമാത്ര പ്രസക്തമായ ലേഖനം ജോണിന്റെ അതുല്യമായ വ്യക്ത്യത്വത്തെക്കുറിച്ച്‌ കുറേക്കൂടി അറിയാൻ സഹായിച്ചു.

– എം.കെ.കരിക്കോട്‌

മേയ്‌, ജൂൺ ലക്കം കിട്ടി. എഴുത്തുകാരന്റെ വേർപാട്‌ ചരമക്കൂട്ടത്തിൽപ്പെടുത്തുന്ന മുഖക്കുറിപ്പ്‌ ശ്രദ്ധേയം. കഴിഞ്ഞ ലക്കത്തിലെ പ്രണയത്തേയും, പ്രണയവിവാഹത്തേയും പ്രോത്സാഹിപ്പിക്കുന്ന കുറിപ്പും ഏറെ പ്രാധാന്യമർഹിക്കുന്നു. ജാതിയും, മതവും മനുഷ്യനെ വേർതിരിക്കുന്ന കാലഘട്ടത്തിൽ എല്ലാവർക്കും ചിന്തിക്കാൻ ഇടനൽകട്ടെ.

– രാജേഷ്‌.കെ.എരുമേലി

സാംപ്രകാശ്‌ തൃശിലേരിയുടെ ‘ബിസിനസ്സ്‌’ എന്ന കവിത ചില സത്യങ്ങൾ തുറന്നു കാണിക്കുന്നു.

– അശോകൻ അഞ്ചത്ത്‌

Generated from archived content: letter_july.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English