ഗ്രാമത്തിന്റെ മുഖക്കുറിപ്പുകൾ വേറിട്ടൊരു ശബ്‌ദമായിട്ടാണ് എന്നെപ്പോലുളളവർക്ക് അനുഭവമാകുന്നത്. എന്നാൽ ഡിസംബർ ലക്കത്തിലെ കുറിപ്പിനോട് വിയോജിപ്പുണ്ട്. പ്രവചന സ്വഭാവമുളള ഒരു പക്ഷം പിടിച്ചുളള ആ കുറിപ്പിന് രാഷ്‌ട്രീയ നിറമില്ലെങ്കിലും, സഹികെട്ട ജനതയുടെ പ്രതിഷേധാഗ്നി ആ വാക്കുകളിൽ കത്തിയാളുന്നുണ്ടെങ്കിലും…പക്ഷം പിടിക്കുന്ന കുറിപ്പുകൾ ‘ഗ്രാമ’ത്തിന് ആവശ്യമുണ്ടോ? – ഗണേഷ് പൊന്നാനി
‘ഗ്രാമം’ കൈപ്പറ്റി. കാലിക പ്രശ്‌നങ്ങളെ സാംശീകരിച്ച നവംബർ ലക്കത്തിലെ “കുട്ടികൾ ആർക്കുവേണ്ടി?” എന്ന മുഖക്കുറിപ്പ് ശ്രദ്ധേയം. ജനം എങ്ങനെ ജീവിക്കണമെന്ന പുതിയ മറിമായമാണ് ഇന്നത്തെ പരസ്യകല! ആഗോളീകരണ പശ്ചാത്തലത്തിലുളള പുത്തൻ പരസ്യകലയെയാണ് നിയന്ത്രിക്കേണ്ടതും, നിരോധിക്കേണ്ടതും. അതിനുളള ആർജ്ജവം എന്നുണ്ടാകുന്നുവോ അന്നു മാത്രമേ ഇതിനു പരിഹാരമുളളൂ. – സി ബി എസ്. തേവളളി
‘ഗ്രാമം’ ലക്കം-95 ലഭിച്ചു. കുഞ്ഞുരചനകളുടെ ശക്തി ചോർന്നു പോകുന്നുവെന്നുതോന്നുന്നു. തീർച്ചയായും പത്രാധിപരെക്കാൾ എഴുത്തുകാരാണ് ഇക്കാര്യം ശ്രദ്ധിക്കേണ്ടത്. – കൊന്നമൂട് ബിജു
ഗ്രാമം ഡിസംബർ ലക്കം നന്നായി. ഈ അടുത്ത കാലത്തൊന്നും ഇത്ര ഗൗരവമുളള മുഖക്കുറിപ്പെഴുതാൻ മറ്റു മാസികകൾക്ക് നട്ടെല്ലുണ്ടായിട്ടില്ല – മൂർക്കോത്തു ബാലചന്ദ്രൻ
ഡിസംബർ ലക്കം കിട്ടി. മുഖക്കുറിപ്പിൽ പ്രകടിപ്പിച്ച പ്രത്യാശയോട് യോജിക്കുന്നു. അടുത്തത് സ്‌ത്രീസംവരണം. 33% സംവരണം നല്‌കുന്നതുകൊണ്ട് ജനപ്രതിനിധിസഭകൾ കലഹങ്ങളുടെ ചന്തയാകുമെന്ന് മുൻപും മുഖക്കുറിപ്പിൽ രോഷംകൊണ്ടതോർക്കുന്നു. ഇങ്ങനെയൊരു താങ്ങില്ലാതെതന്നെ വനിതകൾ സമൂഹത്തിൽ ഉയർന്നു വരട്ടെയെന്നുളള വിശ്വാസപ്രകടനവും ഇപ്പോൾ വായിച്ചു. കാര്യങ്ങൾ വെട്ടിത്തുറന്നെഴുതാൻ അസാമാന്യ ധീരത വേണം. ഗ്രാമത്തിന് അത് വേണ്ടുവോളമുണ്ടെന്ന് സമ്മതിച്ചേ തീരൂ. കാഹളം, മനുഷ്യനും ബോംബും, മണ്ണ്, ലളിതഗാനം, അച്‌ഛൻ എന്നീ രചനകൾ പുനർവായനാപ്രേരിതങ്ങളാണ്. – വെൺകുളം ധനപാലൻ
‘ഗ്രാമം’ ഡിസംബർ ലക്കം കൈപ്പറ്റി. രചനകളിൽ ഗോപി ആനയടി, ബിജു പി.നടുമുറ്റം, പ്രവീൺ രാജ്, ഇ.കെ. പുതുശ്ശേരി, ചാത്തന്നൂർ സോമൻ എന്നിവരുടേത് മികച്ചതായി. – ജിജോ രാജകുമാരി
ഗ്രാമം കൈപ്പറ്റി. മുഖക്കുറിപ്പിലെ മൂർച്ച ശുഭ സൂചകമാണ്. – മാക്‌സ് പേരേര
ഗ്രാമം ലഭിച്ചു. ഡിസംബർ ലക്കത്തിലെ കവിതകൾ മിക്കതു ആശയസുന്ദരമെങ്കിലും മനുഷ്യപുത്രൻ, വിഷുക്കിളി, മാറ്റം, മന്ദസ്‌മിതം എന്നിവ താളബദ്ധതകൊണ്ട് മനസ്സിൽ തങ്ങിനില്‌ക്കുന്നു. – മാങ്കുളം ജി.കെ
Generated from archived content: letter_jan2.html