കത്തുകൾ

ഒക്‌ടോബർ ലക്കം കിട്ടി. പത്രധർമ്മം വെളിപ്പെടുത്തുന്ന വിലപ്പെട്ട രചനകൾ. മിശ്രവിവാഹത്തെക്കുറിച്ചുളള മുഖക്കുറിപ്പ്‌ അത്യന്തം ശ്രദ്ധേയമാണ്‌. പുരോഗമനത്തിന്റെ പെരിൽ കുടുംബസങ്കല്പം തകർക്കാനുളള ആഗോളീകരണശ്രമം തിരിച്ചറിയാൻ കഴിയാത്ത പുരോഗമനവാദികളുടെ കണ്ണുതുറപ്പിക്കേണ്ടതാണ്‌. സത്യവ്രതന്റെ ‘വ്യഭിചാരം വരുന്ന വഴി“യും ഈ ലക്ഷ്യം തന്നെയാണ്‌ നിറവേറ്റുന്നത്‌. ശ്രീ. ചെമ്മനം ചാക്കോയുടെ കുറിപ്പും ഹൃദയാവർജ്ജകമായി. – കെ.ആർ.ഗോപി

മിശ്ര വിവാഹത്തെക്കുറിച്ചുളള പത്രാധിപക്കുറിപ്പ്‌ സമ്മിശ്ര പ്രതികരണമുയർത്തും എന്നുറപ്പ്‌. ആരും പറയാൻ ധൈര്യപ്പെടാത്ത ചില കാര്യങ്ങളാണ്‌ ചെന്താപ്പൂര്‌ പറഞ്ഞുവച്ചിട്ടുളളത്‌. ഒരുകാര്യം വ്യക്തമാണ്‌. ഉന്നതജാതിക്കാരെ മാത്രം ”മിശ്ര“ വിവാഹത്തിനു തിരഞ്ഞെടുക്കുന്ന പ്രവണത പുരുഷന്മാരിൽ കടന്നുവരുന്നുണ്ട്‌. ഇവരിൽ പലരും ജോലിക്കുവേണ്ടി സ്‌കൂൾ രജിസ്‌റ്ററിൽ താണജാതി രേഖപ്പെടുത്തുന്നു. (അച്ഛന്റെയോ അമ്മയുടെയോ ജാതി ചേർക്കാമെന്നായിരുന്നു ഇതുവരെയുളള വ്യവസ്ഥ. ഈയിടെ ജാതിക്കെതിരെ സുപ്രീംകോടതിവിധി വന്നിട്ടുണ്ട്‌.) അന്യമതങ്ങൾ തമ്മിലുളള ”മിശ്രവിവാഹം“ ഫലത്തിൽ സ്വന്തം മതത്തിലാളെക്കൂട്ടാനുളള പരിപാടിയായി കണ്ടുവരുന്നു. ഒരു ”പ്രമുഖ മതംമാറ്റ“ത്തിന്റെ ലക്ഷഭ്യവും വിവാഹമായിരുന്നല്ലോ! സ്വർത്ഥതവച്ച്‌ മതം മാറുക. അതു മറച്ചുവച്ച്‌ സ്വന്തം മതത്തെ അവഹേളിക്കുക, ”സ്വാതന്ത്ര്യം“ മാറിയ മതത്തിലാണെന്ന വിഡ്‌ഢിത്തം പുലമ്പുക! ഇതൊക്കെയാണ്‌ പരക്കെ കണ്ടുവരുന്നത്‌. എല്ലാ മതത്തിലും നന്മതിന്മകളുണ്ട്‌. ഒന്നും മറ്റൊന്നിനെക്കാൾ മേന്മയുളളതല്ല എന്ന വസ്‌തുതയാണ്‌ സത്യം. മറിച്ചുളള പ്രചാരണമെല്ലാം സ്വാർത്ഥപൂരിതമാണെന്ന സത്യം നിഷേധിച്ചിട്ടു കാര്യമില്ല. കാരണം, മിശ്ര മത വിവാഹക്കാരിൽ മതം വർജ്ജിച്ചു ജീവിക്കുന്നവർ ഒരു ശതമാനംപോലും കാണില്ല. അതുതന്നെ ജാതികൾ തമ്മിലുളള വിവാഹക്കാരുടെയും സ്ഥിതി. പുറമേ ഒരു ജാതി, ജോലിക്കുവേണ്ടി റിക്കാർഡിൽ മറ്റൊരു ജാതി! ഇതാണവരുടെ നില! – മുഖത്തല

തെറ്റായ ബന്ധങ്ങളെ ന്യായീകരിക്കാനുളള മാർഗ്ഗമല്ലേ പലപ്പോഴും മിശ്രവിവാഹം? ഈ മുഖംമൂടികൾ നമ്മൾ തിരിച്ചറിയുകതന്നെവേണം. – പ്രിൻസ്‌ കല്ലട

’ഗ്രാമം‘ 104-​‍ാം ലക്കം കിട്ടി. ”മിശ്ര വിവാഹം കുത്തഴിഞ്ഞ തലമുറകളെ സൃഷ്‌ടിക്കും“ മുഖക്കുറിപ്പും സത്യവ്രതന്റെ ’വ്യഭിചാരം വരുന്നവഴികൾ‘ കുറിപ്പും സന്ദർഭോചിതമായി. ചെമ്മനത്തിന്റെ ’എന്റെ ഗ്രാമം‘ അക്ഷരാർത്ഥത്തിൽ ഗ്രാമത്തിന്റെ നഖച്ചിത്രമായി. – കായക്കൽ അലി

ഒക്‌ടോബർ ലക്കം കിട്ടി. മിശ്ര വിവാഹത്തെക്കുറിച്ചുളള മുഖക്കുറിപ്പ്‌ അവസരോചിതവും ശ്രദ്ധേയവുമായി. മിശ്രവിവാഹത്തിലൂടെ ജാതി-മത രഹിത സമൂഹവും മത മൈത്രിയും എവിടെയും ഉണ്ടായിട്ടില്ല. മിക്ക മിശ്രവിവാഹങ്ങളും നടക്കുന്നതും, അനന്തരതലമുറകൾക്കുളള സർക്കാർ ആനുകൂല്യങ്ങൾ കിട്ടാനും മത പരിവർത്തനത്തിലൂടെ സമുദായ ശക്തി വർദ്ധിപ്പിക്കാനുമാണ്‌. മനോവികാസത്തിലൂടെ മാത്രമേ മതേതരത്വവും മതമൈത്രിയും സൃഷ്‌ടിക്കാനാവുകയുളളു. മറ്റുളളതെല്ലാം കണ്ണടച്ച്‌ ഇരുട്ടാക്കലാണ്‌. – ചെമ്മാണിയോട്‌ ഹരിദാസൻ

ഒക്‌ടോബർ ലക്കത്തിലെ അഞ്ചൽ ദേവരാജന്റെ ’ഹൃദയരേഖ‘ എന്ന ഗാനകവിത മനോഹരം! എൻ.കുട്ടൻപിളള മടവൂർ എഴുതിയ ’അക്ഷരം‘ എന്ന കവിതയും ഉജ്ജ്വലം. – കമലാക്ഷൻ വെളളാച്ചേരി

ഒക്‌ടോബർ ലക്കത്തിൽ പ്രത്യക്ഷപ്പെട്ട എഡിറ്റോറിയൽ ശ്രദ്ധേയമാണ്‌. ”മിശ്രവിവാഹം“ പലരും ലാഘവത്തോടെയാണ്‌ കാണുന്നത്‌. എന്നാൽ ഈ പ്രശ്‌നം ഗൗരവത്തോടെ വീക്ഷിക്കുന്ന ഗ്രാമം പത്രാധിപരെ ഞാൻ അനുമോദിക്കുന്നു. – പ്രൊഫ.എം. സത്യപ്രകാശം

Generated from archived content: letter_dec17_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here