ഗ്രാമം നവംബർ ലക്കം കിട്ടി. ‘കുട്ടികൾ ആർക്ക്‌വേണ്ടി’ എന്ന മുഖക്കുറിപ്പ് അവസരോചിതമായി. ‘പീഡന’ ‘മൊഴിമാറ്റ’ വാർത്തകൾ കൊണ്ട് മാധ്യമങ്ങൾ നിറയുന്നു. കുട്ടികൾ ഇവയുടെ അർത്ഥമന്വേഷിക്കുകയാണ്. ഇവയുടെ അർത്ഥം ചികയുമ്പോൾ അടുത്തദിവസം വീണ്ടും ‘മൊഴിമാറുക’യാണ്. സാക്ഷരതയിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിൽ അച്ഛനില്ലാത്ത കുട്ടികളുടെ എണ്ണം പെരുകുന്നു. പ്രസവിക്കാൻ താത്‌പര്യമില്ലാത്ത പെൺകുട്ടികളെ അന്വേഷിച്ചുകൊണ്ടുളള കത്തുകൾ മാര്യേജ് ബ്യൂറോകളിൽ കുന്നുകൂടുന്നത് നാം കണ്ടില്ലെന്നു നടിക്കുന്നു. കുട്ടികളെ ഓർത്തുളള താങ്കളുടെ പത്രാധിപക്കുറിപ്പ് നമ്മുടെ കലാലയങ്ങളിൽ ചർച്ചാവിഷയമാകട്ടെ. – വിളക്കുടി രാജേന്ദ്രൻ
ഗ്രാമം ലഭിച്ചു. വിശാലമായ പുറംലോകത്തേക്ക് ദൃഷ്‌ടി പായിക്കുവാൻ ‘ഗ്രാമം’ എന്ന ചെറു കിളിവാതിലിലൂടെ സാധിക്കുന്നുണ്ട്. – ചാൾസ്. ജെ.ഡി
ഗ്രാമം (94) കിട്ടി. ‘കുട്ടികൾ ആർക്കുവേണ്ടി?’ എന്ന മുഖക്കുറി ഒരു തുറന്ന ചിന്തയ്‌ക്കും ചർച്ചയ്‌ക്കും വിഷയമാകേണ്ട വിഷയമാണ്. “പും നാമ നരകാത് ത്രായതേ ഇതിപുത്രഃ”എന്ന പുത്രനിർവ്വചനം പ്രസക്തമായിരുന്ന ഒരു കാലമുണ്ടായിരുന്നു. ഉദരപൂരണാർത്ഥമോ ധനസമ്പാദനാർത്ഥമോ അന്യദേശത്തു വസിക്കുന്ന മക്കൾ മാതാപിതാക്കളുടെ മരണാനന്തര ചടങ്ങിൽപോലും പങ്കെടുക്കാൻ ‘ലീവില്ലാതെ’ കഷ്‌ടപ്പെടുന്ന കാലമാണിത്. – പ്രശോഭൻ ചെറൂന്നിയൂർ
ഭാഷയുടെ മഹാത്മ്യത്തെപ്പറ്റി നവംബർ ലക്കത്തിൽവന്ന ലേഖനം ശ്രദ്ധേയമായി തോന്നി. മാതൃഭാഷ എന്തുമാകട്ടെ, ഐക്യവും സാഹോദര്യവുമാണ് ഒരാൾക്ക് നാടിനുവേണ്ടി ചെയ്യാൻ കഴിയുന്ന വലിയ സംഭാവന. ഭാഷയുടെ പേരിൽ നടക്കുന്ന ധ്രുവീകരണവും വിഭാഗീയതയും വെറും സങ്കുചിത ചിന്താഗതിയിൽ നിന്നും ഉടലെടുക്കുന്നതാണ്. – ഏഴംകുളം മോഹൻകുമാർ
‘കുട്ടികൾ ആർക്കുവേണ്ടി’ എന്ന മുഖക്കുറിപ്പിൽ പറഞ്ഞിരിക്കുന്ന മനംകൊതിച്ച് പിറക്കുന്നവർ ദേവജന്മങ്ങളായും, ശരീരം കൊതിച്ച് പിറക്കുന്നവർ അസുരജന്മങ്ങളായും അവതരിക്കും എന്ന് എഴുതി കണ്ടു. ഇത്തരമൊരു അളവുകോൽ ലഭിച്ചത് നിലനിൽക്കുന്ന ബ്രാഹ്‌മണിസത്തിന്റെ ഫ്രെയിമിനകത്ത് നിന്നുകൊണ്ടുളള നിരീക്ഷണങ്ങളിലൂടെയാണ്. ആരാണ് ദേവൻമാർ? ആരാണ് അസുരൻമാർ? ഓണത്തിലൂടെ കൊണ്ടാടുന്ന മഹാബലി അസുരനായിരുന്നില്ലേ. ഇവിടുത്തെ മണ്ണിൽ പണിയെടുക്കുന്നവന്റെ ലൈംഗികമായ ഇടപെടലിനെക്കുറിച്ചുളള അജ്ഞതയിൽനിന്നാണ് ഇത്തരമൊരു അഭിപ്രായം രൂപപ്പെട്ടതെന്ന് തോന്നുന്നു. – രവി കൊയിലാണ്ടി
“അപമാനിക്കപ്പെടുന്ന ആത്മീയ ചൈതന്യങ്ങൾ” ചർച്ച ചെയ്യേണ്ടതുതന്നെ. – ശങ്കരൻ കോറോം
Generated from archived content: letter_dec.html
Click this button or press Ctrl+G to toggle between Malayalam and English