ഇതു നിന്റെ മണ്ണ്
നീയന്നരിഞ്ഞിട്ട ശിരസ്സുകൾ
ചിരിക്കുന്നു
കരയാൻ മറന്നതിനാലല്ല.
നിനക്കു മുൻപേ വന്നവനും
പറഞ്ഞിരുന്നു വാമൊഴി
ഇതെന്റെ മണ്ണ്
ഇന്നവനെവിടെ?
കാലത്തിന്റെ കളിയരങ്ങിൽ
അന്തകന്റെ കരസ്പർശമേറ്റ്
ചിറകൊടിഞ്ഞ കിളിയായി-
ഈ മണ്ണിലമർന്നു
നീ ചിരിക്കുകയോ… എന്തിന്
ഈ മണ്ണ് നേടിയതിനാലോ
നാളെ നിന്നെ പിരിയാനും
സർപ്പശാപം പോലെയെത്തും
നിന്റെ പിൻഗാമികൾ
ജാഗരൂകനാവുകനീ
കയ്യിലൊതുങ്ങുന്നതെല്ലാം
ആറടി മണ്ണിലടക്കുക. പക്ഷെ
നിനക്കൊരിടം… എന്തിന്
എരിഞ്ഞു തീർന്ന നിന്റെയസ്തിക്ക്
ഈ ഭാരതപ്പുഴ തന്നെയധികം
തുടരുക നിന്റെ താണ്ഡവം
ഇന്നു നീ തന്നെയധികാരി
നാളെ മറ്റാരോ…
Generated from archived content: poem6_dce26_07.html Author: kunnath_padmanabhan