ഇന്നു ഞാനേകനാണ്
വിജനമാമീ ഏകാന്തത തീരത്ത്
വിധിയെ ഓർത്ത് വിലപിക്കുന്നവൻ
സ്വന്തമാക്കാൻ കൊതിച്ചതെല്ലാം
സ്വപ്നമായി തീർന്നിടുമ്പോൾ
നിമിഷാർദ്രങ്ങളിൽ ഞാൻ മയങ്ങുന്നു
വേർപാടിന്റെ വേദനയോർത്ത്
എത്തിപ്പിടിച്ചിടാമെന്ന് തോന്നി
അതിലെന്നും തോൽവി മാത്രമായി
ജീവിതമിന്നു വെറും ഭ്രമം മാത്രം
ജീവനതിലൊരിറ്റു കണ്ണീർ മാത്രം
സ്വന്തമായി ഭൂവിലൊന്നുമില്ല
മിഥ്യയാം ദേഹമല്ലാതിനി
സ്നേഹത്തിനർത്ഥം ഭ്രമിച്ചു പോയി
അടിവേരറ്റതിന്നു നിലം പരിശായ്
പ്രകൃതി തൻ ക്രൂരമാം കരങ്ങളാലേ
ജൻമങ്ങളെല്ലാം വെറും പ്രതീക്ഷയായി
കഥയായ് മാറുന്നു ജീവിതങ്ങൾ
തോൽവി തൻ കടലായി തീർന്നിടുന്നു
സാന്ത്വനം-അതുമില്ലിന്നനുഭവിക്കാൻ
നാൾക്കു നാൾ തീരുന്ന ജൻമമോർത്ത്
മിഴികൾ തളർന്നു മിഴിവിന്റെ കോണിൽ
മഴയായ് പെയ്‌തുവെൻ അന്തരവും
നാൾക്കുനാൾ പൊഴിയും പൂക്കളെ ഓർത്ത്
നാമെന്തിനലറുന്നു നാലു ദിക്കിൽ
ഇന്നു ഞാൻ നാളെ നീ എന്ന പോലെ
ഈ ഭൂവിലെല്ലാം അദൃശ്യമാവും
Generated from archived content: poem15_nov23_06.html Author: kunnath_padmanabhan