കോമഡിയുടെ സ്വന്തം നാട്ടിലെ കോമാളിപ്പട

ഐതീഹ്യപ്രകാരം പരശുരാമൻ മഴുവെറിഞ്ഞ്‌ വീണ്ടെടുത്ത കേരളം 1956 നവംബർ ഒന്നിന്‌ കേരളസംസ്ഥാനമായി രൂപം കൊണ്ടുവെന്ന്‌ പറയുമ്പോൾ രണ്ടാമത്തെ പരശുരാമൻ ആര്‌? ഐതീഹ്യമായാലും ചരിത്രമായാലും എല്ലാത്തിലുമൊരു കോമഡി ടച്ചുണ്ട്‌. അതുകൊണ്ടാവാം കേരളീയർ മറ്റാരെക്കാളും കോമഡി ഇഷ്ടപ്പെടുന്നത്‌. പരശുരാമൻ മഴുവെറിഞ്ഞപ്പോൾ പൊങ്ങിവന്ന സംസ്ഥാനമായതിന്റെ മറ്റൊരു ലക്ഷണമാണ്‌ കേരളീയർ പൊതുവെ പൊങ്ങച്ചക്കാരാണെന്നുള്ളത്‌.

ചാക്യാർകൂത്തിൽ തുടങ്ങിയ തമാശ പാഠകത്തിൽ കത്തിക്കയറി കേരളീയർക്കു മുന്നിൽ മിമിക്രിയായി എത്തി നിൽക്കുന്നു. കൊച്ചുകൊച്ചു നാട്ടുരാജ്യങ്ങൾ ചേർന്ന്‌ ഐക്യകേരളം രൂപീകരിച്ചതുപോലെ പഴയ പല ഹാസ്യരൂപങ്ങളുടേയും സമ്മിശ്രമായ മിമിക്‌സ്‌ പരേഡ്‌ കേരളീയർ ടി.വി.യുടെ മുന്നിലിരുന്ന്‌ ആസ്വദിക്കുന്നു. ടി.വി.ചാനലിൽ ഇപ്പോൾ മിമിക്രിക്കാരാണ്‌ ശരിക്കും താരങ്ങൾ.

സാധാരണക്കാർക്ക്‌ മനസിലാവുന്ന രീതിയിൽ അധികാരി വർഗത്തിന്റെ തെറ്റുകളെ ചൂണ്ടിക്കാണിക്കുവാൻ കാർട്ടൂണിസ്‌റ്റിനുള്ള പ്രാഗത്ഭ്യം കാർട്ടൂണിനെ ജനകീയമാക്കി. രാവിലെ ഒരു കപ്പ്‌ ചായയ്‌ക്കൊപ്പം പത്രത്തിലെ കാർട്ടൂൺ കണ്ട്‌ ചിരിയ്‌ക്കുന്നവർ ഒരു നിമിഷത്തേക്കെങ്കിലും ജാതിമത രാഷ്‌ട്രീയത്തിനതീതരാകും.

ഒരു വിഭാഗത്തിന്‌ ചിരിക്കണമെങ്കിൽ ഇരുട്ട്‌ നിർബന്ധം. താൻ ചിരിക്കുന്നത്‌ മറ്റൊരാൾ കണ്ടാൽ എന്തോ ചോർന്നു പോകുമെന്ന്‌ ധരിക്കുന്നവർ പാസുമൂലം പ്രവേശനം നടത്തുന്ന ഹാസ്യപരിപാടി കാണാനേ പോകൂ.

കോമഡി സിനിമയും സിനിമയിലെ കോമഡി നടനെയും കണ്ടാൽ മലയാളി എല്ലാം മറന്നൊന്ന്‌ ചിരിക്കും. ജഗതി, ഇന്നസെന്റ്‌, മാള എന്നു കേൾക്കുമ്പോഴെ പലരും ചിരിച്ചു തുടങ്ങും. മരണവീട്ടിൽ വെച്ചായാലും ഇവരെ കണ്ടാൽ പരിസരം മറന്ന്‌ ചിരിച്ച്‌ കോമാളിയാവുന്നവരാണ്‌ മലയാളികൾ.

മറ്റുള്ളവരുടെ ദുരിതങ്ങളിലും ദുരന്തങ്ങളിലും ചിരിക്കാൻ മലയാളിക്ക്‌ മടിയില്ല. സ്വന്തം കാര്യത്തിൽ തിരിച്ചും. അതുകൊണ്ട്‌ മലയാളിയെ കോമഡിയുടെ സ്വന്തം നാട്ടിലെ കോമാളിയെന്നു വിളിക്കുന്നതിൽ തെറ്റുണ്ടോ?

Generated from archived content: essay1_mar6_07.html Author: kulakada_prasannakumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here