ബൈബിളിലെ സാർവത്രിക മാനങ്ങൾ

പാശ്ചാത്യ സാഹിത്യലോകത്ത്‌ ബൈബിളിന്റെ സ്വാധീനം വളരെ വലുതാണ്‌. മലയാളത്തിൽ ഈ വകുപ്പിൽ അധികം കൃതികളില്ല എന്നാകുന്നു എന്റെ അറിവ്‌. വെറും മതഗ്രന്ഥമായി വ്യവഹരിച്ചാൽ മാത്രം പോരാ ബൈബിളിനെ. കൂടുതൽ മാനുഷികവും സാർവത്രികവുമായ പരിപ്രേക്ഷ്യത്തിൽ ആ മത ഗ്രന്ഥത്തെ സമീപിക്കേണ്ടിയിരിക്കുന്നു. സുരേഷ്‌ മാധവ്‌ എഴുതിയ ‘ക്രിസ്‌തുവിന്റെ പ്രകാശ വിളംബരം’ എന്ന കൃതിയുടെ മുഖ്യമായ സവിശേഷത അതാണ്‌. ഈ സമീപനത്തിലാവട്ടെ വ്യക്തിപരമായ അനുഭൂതിയുടെ സ്‌പർശം നിലനിർത്താൻ യത്‌നിച്ചിരിക്കുന്നു. ഏതിനെയും ഒട്ടൊന്നു വ്യക്തിനിഷ്‌ഠമായി സമീപിക്കുന്നതിൽ വിരോധമില്ല എന്നത്രേ എന്റെ വിശ്വാസം. എന്നാൽ ഈ സമീപനം ഒരു മാർഗ്ഗം മാത്രമായി ഒരുക്കണം. ഈ മാർഗ്ഗത്തിലൂടെ ഗ്രന്ഥത്തിന്റെ വിശാലവും ഉദാരവുമായ മാനങ്ങളെ സാക്ഷാത്‌കരിക്കുക എന്നതാവണം സാഹിത്യത്തിന്റെ ധർമ്മം. അത്‌ ആസ്വാദനത്തിലും അപഗ്രഥനത്തിലും ഒക്കെ സംഭവിക്കണം.

അത്‌ ‘ക്രിസ്‌തുവിന്റെ പ്രകാശവിളംബരത്തിൽ’ സംഭവിച്ചിട്ടില്ല എന്നല്ലഃ ആവിഷ്‌ക്കരിക്കേണ്ട പ്രകരണം സുരേഷ്‌ മാധവിനെ പ്രലോഭിപ്പിക്കുന്നു. ആ പ്രലോഭനം എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം പ്രചോദകം തന്നെ. പക്ഷേ അതിനെ ഹിതകരമായ ഒരളവിൽ അതിജീവിക്കുമ്പോഴേ ആവിഷ്‌ക്കാരം, ഇച്ഛിക്കുന്ന തോതിൽ ഫലപ്രദമാവൂ. ഈ പുസ്‌തകത്തിലെ ഭാഷാമുദ്രകൾ, പൊതുവേ പ്രിയങ്കരമായ സുരേഷ്‌മാധവിന്റെ ശൈലിയെ ഒരുപക്ഷേ ബാധിക്കുന്നുണ്ട്‌. ശൈലിയിലെ ആർഭാടം സുതാര്യതയ്‌ക്ക്‌ ഇടവരുത്തുന്നത്‌ ആശ്വാസമല്ലല്ലോ.

ഞാൻ എന്റെയൊരു മോഹം അപ്രായോഗികം എന്നു ബോധമുളളപ്പോൾതന്നെ രേഖപ്പെടുത്തട്ടെ; ഇതിഹാസ പഠനത്തിന്‌ മലയാളം നേടിയ എതിരറ്റ മാതൃകയത്രേ മാരാരുടെ ഭാരതപര്യടനം. ഒരു നിശ്ചിത പ്രകരണത്തിന്റെ സാന്ദ്രവും സംക്ഷിപ്‌തവുമായ ആഖ്യാനം; അതുൾക്കൊളളുന്ന ധാർമ്മിക സമസ്യകൾ, അതിൽപ്പെട്ടു പോവുന്ന പാത്രങ്ങൾക്ക്‌ ഒരുക്കുന്ന സംഘർഷങ്ങൾ മുതലായവയുടെ വിശകലനം അവയുടെയൊക്കെ അടിസ്ഥാനത്തിൽ വിശാലമായ മാനുഷിക ഐക്യത്തിന്‌ എക്കാലത്തേയ്‌ക്കുമായി ഈട്ടം കൂടുന്ന സന്ദേശം-ഇത്തരമൊരു ഘടന ഭാരതപര്യടനത്തെ ഭാവബന്ധുരം എന്നതുപോലെ അർത്ഥ പുഷ്‌ക്കലവും ആക്കിയിരിക്കുന്നു. ഏതാണ്ടിതുപോലെ ഒരു പഠനം ബൈബിളിനെ ആധാരമാക്കി നടത്തേണ്ടതല്ലേ? പളളിയുടെയും പൗരോഹിത്യത്തിന്റെയും വലയത്തിൽ നിന്ന്‌ ആ ഗ്രന്ഥത്തെ വ്യാപകമായ പൊരുളുകളിലേയ്‌ക്ക്‌ മോചിപ്പിക്കാൻ അപ്പോഴല്ലേ സാധ്യമാവൂ? പുതിയ തലമുറയിലെ ദാർശനിക പ്രതിഭയായ സുരേഷ്‌ മാധവിന്‌ അത്‌ ചെയ്യാൻ കഴിയും എന്നു വിശ്വസിക്കാനാണ്‌ എനിക്കിഷ്‌ടം.

ക്രിസ്‌തുവിന്റെ പ്രകാശവിളംബരം, സുരേഷ്‌ മാധവ്‌, ഓഷ്യാനിക്‌ ബുക്‌സ്‌, തേവലക്കര, വിലഃ 60 രൂപ)

Generated from archived content: book2_may28.html Author: kp_sankaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here