മഹേശൻ സാറിനു മഹേശന്‍ സാറിനു അതുകിട്ടുമോ?അതുകിട്ടുമോ?


മഹേശന്‍ സാര്‍ ആ വിഷയം തിരഞ്ഞെടുക്കണൊയെന്നു ചിന്തിച്ചു. ഒടുവില്‍ മനസ്സിന്റെ
നിര്‍ബന്ധം കൊണ്ട് അതു തന്നെയാക്കി.

സഹപ്രവര്‍ത്തകര്‍ പഴിക്കും.

” മഹേശന്‍ സാറെ ഇത്ര വിലകുറഞ്ഞ വിഷയമായിപ്പോയല്ലോ വേറെ എന്തെല്ലാം വിഷയങ്ങളുണ്ട്”

ഭാര്യയും എതിര്‍ത്തു.

” വെറും തരം താണ വിഷയമായല്ലോ ന്റെ മഹി സാറെ”

” ടീച്ചറെ വളരെ ആഴത്തില്‍ പഠിക്കേണ്ട വിഷയമാ ഇത്. അപൂര്‍വ്വമായത്. എല്ലാവരും
നിരുത്സാഹപ്പെടുത്തുന്നുണ്ടെങ്കിലും നമ്മുടെയൊക്കെ നിത്യജീവിതത്തില്‍
ബന്ധപ്പെട്ട കാര്യമല്ലേ ഇത്? ഒറ്റ ദിവസമെങ്കിലും ഇതറിയാത്ത
മനുഷ്യരുണ്ടോ?”

” ഓ സാറിന്റെ ഒരു കണ്ടു പിടുത്തം”

” എന്തായാലും ഞാനുറച്ചു”

” ഈ വിഷയത്തെക്കുറിച്ചെങ്ങനെ പഠിക്കും?”

” എന്റെ റിസര്‍ച്ച് ടീച്ചറിലൂടെ തുടങ്ങി ജനങ്ങളുടെ ഇടയിലെത്തും”

”വിഷയോം പറഞ്ഞു ചെന്നാ അവരു തന്നെ പ്രതികരിക്കും. കോളേജധ്യാപകനാണെന്നും
നോക്കില്ല”

” ടീച്ചെറെങ്കിലും എനിക്കു പ്രോത്സാഹനത്തിന്റെ എനര്‍ജ്ജി പകരൂ”

” അല്ല സാറെ ആരു ഗൈഡു ചെയ്യും?”

” ഇതിനാരും വേണ്ടെന്നെ സ്വയം പഠിക്കും പലതും കണ്ടെത്തും”

മഹേശന്‍ സാര്‍ പഠിക്കാനിറങ്ങി. ഒരു ഡോക്ടറേറ്റ് അദ്ധ്യാപകന്റെ മുന്നിലും
പോയില്ല. റഫറന്‍സ് ഗ്രന്ഥങ്ങള്‍ വായനക്ക് ആഹാരമായില്ല. ആദ്യം വീട്ടില്‍
നിന്നുള്ള പഠനം ഭാര്യയായ ടീച്ചറോട് ആ കാര്യം പറഞ്ഞു.

ടീച്ചര്‍ ഞെട്ടിപ്പോയി.

” ഇതെന്തൊരു പരീക്ഷണമാ സാറെ?”

സാറിന്റെ സ്‌നേഹാഭ്യര്‍ത്ഥനക്കു മുമ്പില്‍ ടീച്ചര്‍ കീഴടങ്ങി. തന്നെ പ്രാണനു
തുല്യം സ്‌നേഹിക്കുന്ന ഭര്‍ത്താവല്ലെ മഹിസാര്‍. ഇതില്‍ എന്തിനു നാണിക്കണം?

അന്നത്തെ പ്രഭാതത്തില്‍ അവരുടെ കിടപ്പു മുറിയില്‍ ആദ്യ പരീക്ഷണം നടന്നു.
നരച്ച ഇരുട്ടിന്റെ നനുത്ത പ്രഭാതത്തില്‍ നഗ്‌നയായ ടീച്ചറെ മഹിസാര്‍ മണത്തു
നോക്കി. രാത്രിയുറക്കത്തിനു ശേഷം ഉറക്കച്ചടവിന്റെ ഉടയാടയണിഞ്ഞ
കുളിക്കാത്ത പല്ലുതേക്കാത്ത ഭാര്യയുടെ ഗന്ധത്തിനു മണമോ… നാറ്റമോ?

ആ ഗവേഷണ ടെസ്റ്റു നടന്നു കഴിഞ്ഞപ്പോള്‍ മഹി സാര്‍ പറഞ്ഞു .

” ടീച്ചര്‍ എന്നെയുമൊന്നു മണത്തു നോക്ക്”

” ശോ വേണ്ടന്നെ …ഒരു വൃത്തികെട്ട പരീക്ഷണം നമ്മുടെ സ്വകാര്യതയില്‍ ഒരു
വൃത്തികേടുമില്ലെന്നെ. ഇക്കാര്യത്തില്‍ ഭാര്യയുടെ സഹായം ഇല്ലാതെ മറ്റൊരു
പെണ്ണിന്റെ സഹായം തേടാനൊക്കുമോ ടീച്ചറെ?” അയാളുടെ നഗ്‌ന ശരീര ഗന്ധവും
ടീച്ചര്‍ മണത്തറിഞ്ഞൂ.

‘ടീച്ചറെ എന്താ റിസല്‍റ്റ്?

” ആദ്യം സാറ് പറയൂ”

”ശരീരത്തിനു ദുര്‍ഗന്ധമുണ്ട് വായ്‌നാറ്റവും”

ടീച്ചറുടെ മുഖം വാടി.

” ടീച്ചറേ പരിഭവിക്കണ്ടാ ആ നാറ്റത്തിലും സുഗന്ധം മാത്രം ഞാനറിഞ്ഞു.
അനുഭവിച്ചു മനസിന്റെ ആ! അഭൌമ സുഗന്ധത്തില്‍ പുറമെയുള്ള നാറ്റം അലിഞ്ഞു
പോയില്ലേ”

ആ പറച്ചിലില്‍ ടീച്ചറിനു പുളകം പകര്‍ന്നു.

” ങാ…ടീച്ചറിന്റെ റിസല്‍റ്റ്?”

” മഹിസാര്‍ പറഞ്ഞതുപോലെ തന്നാ …നമ്മുടെ ഹൃദയച്ചില്ലയില്‍ ഒരേ
സുഗന്ധപ്പൂവല്ലേ വിരിഞ്ഞത്?”

ഒരുമയുടെ ഒരു ചിരിയോടെ അവര്‍ ആലിംഗനബദ്ധരായി.

” മഹിസാറെ ഈ പരീക്ഷണം പബ്ലിക്കിന്റെ ഇടയില്‍ ചെന്നു വേണ്ട”

മഹി സാര്‍ വിഷയപഠനം തേടി അലഞ്ഞു .

പറഞ്ഞു കേള്‍ക്കുന്നതു കുറിപ്പാക്കാതെ എല്ലാം അനുഭവിച്ചറിയാന്‍ തുനിഞ്ഞു.
മറ്റൊരു സ്ത്രീയുടെ ഗന്ധവും അറിയണമല്ലോ ആലോചിച്ചു വഴി കണ്ടെത്തി ടീച്ചറോടു പറഞ്ഞു.
” ഇല്ല ഇതിനു മാത്രം ഞാന്‍ സമ്മതിക്കില്ല മറ്റൊരു സ്തീ ഗന്ധമറിയാന്‍ ഒരു
വേശ്യയെ തേടി പോകാനോ?”

ടീച്ചറെന്നെ സ്‌നേഹത്തിന്റെ ഇളം കാറ്റ് അനിഷ്ടക്കലിയുടെ കൊടുങ്കാറ്റലകളായി
ചീറിയടിച്ചു.
”ടീച്ചറെ പ്ലാന്‍ മുഴുവന്‍ കേള്‍ക്ക്. കാര്യം പറഞ്ഞ് ഒരു വേശ്യയെ നമ്മുടെ
വീട്ടിലേക്കു കൊണ്ടു വന്നു രാത്രിയില്‍ താമസിപ്പിക്കുന്നു. അവളെ വേറൊരു
മുറിയില്‍ കിടത്തുന്നു. അതിരാവിലെ പരീക്ഷണം ”

”അയ്യോ ചുറ്റുവട്ടത്തുള്ളവരൊക്കെ?”

” ചോദിച്ചാ ബന്ധുവാണെന്നു പറയണം ”

”എന്റീശ്വാരാ … സാറിന്റെയൊരു ഗവേഷണ വട്ട്”

ഒടുവില്‍ ടീച്ചര്‍ സമ്മതിച്ചു.

മഹിസാര്‍ പട്ടണത്തിലെ ഒരു പിമ്പിനെ കണ്ടെത്തി കാര്യം പറഞ്ഞു. നല്ല തുക
കൊടുത്ത് ഒരു ചെറുപ്പക്കാരിയെ കിട്ടി. അവള്‍ മഹിസാറിന്റെ വീട്ടിലെ
അതിഥിയായി. ഭക്ഷണമൊക്കെ കൊടുത്തു മറ്റൊരു മുറിയില്‍ കിടത്തി. നേരം പരപരാ
വെളുത്തപ്പോള്‍ അവളുടെ ഗന്ധമറിയാന്‍ മഹിസാര്‍ മുറിയിലെത്തി.

അവള്‍ അനുസരണപെണ്ണായി.

അവള്‍ നഗ്‌നയായി. പുതിയ പെണ്‍ ചൂടില്‍ മഹിസാര്‍ വിയര്‍ത്തു. വികാരം സിരകളില്‍
തിരികൊളുത്തി. അത് ആളിക്കത്തും മുമ്പ് അവളേ മണക്കാന്‍ തുടങ്ങി. മൂക്ക് അതു
ചെയ്തപ്പോള്‍ കൈകള്‍ക്കും ചുണ്ടുകള്‍ക്കും ദേഹത്തിനൊക്കെയും ആഗ്രഹം. അതു
വല്ലാത്ത കൊതിയായി ആര്‍ത്തിയായി ആളിയെങ്കിലും സംയമന കൈ തല്ലിക്കെടുത്തി.

അറിയേണ്ടതു സഗന്ധമോ നാറ്റമോ?

മത്തുപിടിപ്പിക്കുന്ന മണം. വര്‍ത്തമാനത്തില്‍ ദുര്‍ഗന്ധമുണ്ടെങ്കിലും അവളില്‍
മണമുണ്ടെന്നു മഹേശന്‍ സാര്‍ അറിഞ്ഞു. മണത്ത് മണത്ത് മദനാര്‍ത്തിയുടെ കടലലയായി
ഉയരും മുമ്പ് സംയമനത്തിന്റെ കൈകള്‍ സാറിനെ മുറിക്കു പുറത്തേക്കു കൊണ്ടു
പോയി ടീച്ചറുടെ മുഖം.

മഹേശന്‍ സാര്‍ ആ അനുഭവം ടീച്ചറോടു പറഞ്ഞു. ടീച്ചറുടെ ഉള്‍ക്കത്തല്‍ ശമിച്ചു.
വായ് നാറ്റത്തേക്കാള്‍ ഉന്മാദം ഉണര്‍ത്തുന്ന ഉടല്‍ ഗന്ധം മഹേശന്‍ സാറിന്റെ ഉള്ളില്‍ നിറഞ്ഞു.

” സാറിന്റെ തലയ്‌ക്കെന്താ?”

സാറു നിരാശനായില്ല കൂടുതല്‍ ഊര്‍ജ്ജത്തോടെ ഗവേഷണത്തില്‍ മുഴുകി. പോയിന്റു തേടി
ഗ്രാമനഗരത്തിന്റെ മീന്‍ കുട്ടകള്‍ ചുമന്നപ്പോള്‍ നാറ്റം സുഗന്ധമായി സാറിനും
തോന്നി. മേശപ്പുറത്തെത്തുന്ന പൊരിച്ച മീനിന്റെയും മപ്പാസ് കറിയുടെയും
രുചിമണം മഹേശന്‍ സാറിനെ കീഴടക്കി

ചുമട്ടുകാരുടെയും പാടത്തെ പണിയാളരുടെയും അരികില്‍ മഹേശന്‍ സാറെത്തി. അവരുടെ
വിയര്‍പ്പില്‍ നാറ്റം ഒട്ടും കലര്‍ന്നിട്ടില്ലെന്നു സാറിനു തോന്നി.
അദ്ധ്വാനത്തിന്റെ കൈകള്‍ ചിതറിയ സ്‌പ്രേ സുഗന്ധം സാറിനെ ഏറെ
ഇഷ്ടപ്പെടുത്തി.

തൊഴിലാളിക്ക് നാറ്റമേ ഇല്ലെന്നു സാര്‍ കണ്ടെത്തി.

യു സി ജി ശമ്പള സ്‌കെയിലില്‍ ജോലി ചെയുന്ന കോളേജ് അദ്ധ്യാപകരുടേയും
വൈറ്റ്‌കോളര്‍ സര്‍ക്കാര്‍ ജോലിക്കാരുടേയും വസ്ത്രങ്ങളില്‍ നിറഞ്ഞു നിന്ന
സ്‌പ്രേമണം മാന്തിപ്പൊളിച്ചെത്തിയ ശരീരനാറ്റം മഹേശന്‍ സാര്‍ അറിഞ്ഞു.
ശ്മശാനത്തിലെ ശവദഹനനാറ്റം കാറ്റില്‍ നിറഞ്ഞെങ്കിലും അതു തൂത്തെറിഞ്ഞ്
ദഹനപ്പണി ചെയ്യുന്നവരുടെ വിയര്‍പ്പു നാറ്റത്തില്‍ മുങ്ങി… നല്ല ഗന്ധമായി
പൊങ്ങി മൂക്കിലെത്തുന്ന അനുഭവത്തിലും മഹേശന്‍ സാറെത്തി.

അങ്ങനെ ഗൈഡില്ലാതെ മഹേശന്‍ സാര്‍ ഒരു തിസീസ് എഴുതിയുണ്ടാക്കി.

വിഷയം മണമോ നാറ്റമോ നല്ലത്?

മഹേശന്‍ സാറിന്റെ കണ്ടെത്തലില്‍ മണത്തില്‍ നാറ്റമുണ്ടെങ്കിലും നാറ്റത്തില്‍
മണമുണ്ടെന്നുള്ള തിരിച്ചറിവായിരുന്നു ഗവേഷണ ഫലം.

മഹേശന്‍ സാര്‍ ടീച്ചറോടു ചോദിച്ചു

” ടീച്ചറേ എനിക്കു ഡോക്ട്രേറ്റു കിട്ടുമോ?”

”ഞാനും അങ്ങനെ ചോദിക്കുവാ”

” കിട്ടുമോ ടീച്ചറേ?”

*******************************

കടപ്പാട്: ഉണര്‍വ്വ് മാസിക

Generated from archived content: story3_apr9_14.html Author: kk_padinjarappuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English