എന്റെ ഗ്രാമം

കേരളോൽപത്തി മുതൽ ഐതിഹ്യങ്ങളിൽ നിറഞ്ഞുനിൽക്കുന്ന പ്രസിദ്ധമായ ‘തിരുനാവായ’യാണ്‌ ഞാൻ ജനിച്ചുവളർന്ന ഗ്രാമം. നൂറ്റാണ്ടുകളോളം കേരള ചക്രവർത്തിമാരെ തെരഞ്ഞെടുത്തിരുന്ന മാമാങ്ക മഹോത്സവം നടന്നത്‌ ഇവിടെയാണ്‌. മാമാങ്കത്തിന്റെ തിരുശേഷിപ്പുകളായി സാമൂതിരി പെരു നിലനിന്നിരുന്നു. ‘നിലപാടുതറ’, ചാവേറുകളുടെ ശവം ആനയെക്കൊണ്ട്‌ ചവിട്ടിത്താഴ്‌ത്തിയിരുന്ന ‘മണിക്കിണർ’ ‘മരുത്തറ’ ‘ചങ്ങമ്പളളി കളരി’ എന്നിവയൊക്കെ ഇന്നുമിവിടെയുണ്ട്‌. ജർമ്മൻ സായ്‌പ്പുമാർ നിർമ്മിച്ച നൂറ്റാണ്ടു പിന്നിട്ട ഓട്ടുകമ്പനിയുടെ പാതിപൊളിച്ച ഭാഗവും ഇവിടെ സ്ഥിതിചെയ്യുന്നു. നവയോഗികളാൽ സ്ഥാപിതമായ നാവാമുകുന്ദക്ഷേത്രം, മധ്യമലബാറിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ വൈരങ്കോട്‌ ദേവിക്ഷേത്രം എന്നിവയും ഇവിടെയുണ്ട്‌. നിളയുടെ തീരത്ത്‌ ഹിന്ദു-മുസ്‌ലിം-ക്രൈസ്‌തവർ തോളുരുമ്മിക്കഴിയുന്ന ഈ ഗ്രാമം മത സൗഹാർദ്ദത്തിനും കലാ-സാംസ്‌കാരിക പ്രവർത്തനങ്ങൾക്കും പേർപെറ്റതാണ്‌. ഒട്ടേറെ പ്രതിഭാധനന്മാർ ഇവിടെ ജീവിച്ച്‌ കടന്നുപോയിട്ടുണ്ട്‌.

നിളയിലെ ത്രീമൂർത്തി സംഗമമായ തിരുനാവായയിൽ 1948 ഫെബ്രുവരി 12-ന്‌ മഹാത്മജിയുടെ ചിതാഭസ്‌മം നിമഞ്ഞ്‌ജനം ചെയ്‌തതുമുതൽ എല്ലാവർഷവും ഫെബ്രുവരി 10, 11,12 തീയതികളിൽ ഇവിടെ സർവ്വോദയ മേള നടത്തിവരുന്നു. ഇന്ത്യയുടെ നാനാഭാഗത്തുനിന്നുമെത്തുന്ന സർവോദയ-ഗാന്ധിയൻ പ്രവർത്തകരുടെ സംഗമമാണിത്‌. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായ ഖിലാഫത്ത്‌ പ്രസ്ഥാനത്തിൽ ഏറെ മുന്നേറ്റം നടത്തിയ ഈ ഗ്രാമം മുമ്പ്‌ തുറമുഖപട്ടണമായിരുന്നു. ബർമ്മയിൽനിന്നു വന്ന അരിയും ജാവയിൽനിന്നും വന്ന പഞ്ചസാരയും തിരുനാവായ കടവിൽ ഇറക്കിയതായി ചരിത്രം പറയുന്നു.

3 ഹൈസ്‌കൂളുകളും മൂന്ന്‌ യു.പി. സ്‌കൂളുകളും ഒമ്പത്‌ എൽ.പി. സ്‌കൂളുകളും ഭാരതീയ വിദ്യാഭവന്റെയും-എം.ഇ.എസിന്റെയും വിദ്യാലയങ്ങളും ഇവിടെയുണ്ട്‌. ഒട്ടേറെ കലാ-സാംസ്‌കാരിക സംഘടനകൾ പ്രവർത്തിക്കുന്ന ഇവിടെ പഞ്ചായത്ത്‌ സാംസ്‌കാരിക നിലയത്തിൽ മികച്ച ലൈബ്രറിയും പ്രവർത്തിക്കുന്നുണ്ട്‌.

Generated from archived content: essay3_feb10_06.html Author: kayakkal-ali

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here