സ്വൈരസംഭാഷണത്തിനിടയിൽ
ആരുടെയോ ചുടുചോര മണക്കുന്നുണ്ട്
(ഒരു സംഭാഷകന്റെ മാറെല്ലുപിളർന്ന മരണം)
നിലാവിനു നഖം വളരുന്നുണ്ട്…
ഭദ്രാസനപ്പളളിയുടെ അരമനയിൽനിന്ന്
ഒരു വൈദികന്റെ ഭയന്ന നിലവിളി.
അയാളുടെ ദുഃസ്വപ്‌നങ്ങളുടെ ആൾത്താരയിൽ,
ബലാൽസംഗിക്കപ്പെട്ടു മരിച്ച
പെൺകുട്ടിയുടെ മൃതദേഹം
എഴുന്നേറ്റു നഖങ്ങൾ പരിശോധിക്കുന്നു.
ആരോ ഒരുവൻ ഇരുട്ടിൽ വച്ചുനൽകിയ
പണം വഴിവിളക്കിന്റെ ചുവട്ടിൽനിന്നു
പരിശോധിക്കുന്ന വേശ്യ, നൽകപ്പെട്ടതു
പഴയവർത്തമാനപ്പത്രത്തിന്റെ തുണ്ടുമാത്ര
മായിരുന്നെന്നറിഞ്ഞുതെറിപാടുന്നു!
പിന്നെ കരയുന്നു.
ഒടുവിൽ ആശ്വസിക്കുന്നു.
“ഒരു ദ്രോഹിക്കുകൂടി ഗുഹ്യരോഗം!”
ആരോ ആരുടെയോ തുറുപ്പുഗുലാൻ
മോഷ്‌ടിക്കുന്നുണ്ട്
പിച്ചക്കാർക്കെതിരായ സമരത്തിൽ
എല്ലാവരും യോജിക്കുന്ന
തെന്തുകൊണ്ടാണുസുഹൃത്തേ!
Generated from archived content: poem1-jan.html Author: kavalam-balachandran