ഇരുകാലികൾ

(പാതവക്കിൽ തളർന്നു വീണ അച്ഛനെ മടിയിൽ കിടത്തി, സഹായത്തിന്‌ കേണപേക്ഷിക്കുന്ന നിരാലംബനായ നാലു വയസുകാരൻ – അവന്റെ രോദനം ആരും ശ്രവിച്ചില്ല. ആ അച്ഛന്റെ പോക്കറ്റിൽ നിന്ന്‌ പേഴ്‌സും, മൊബൈൽ ഫോണും മോഷ്‌ടിക്കപ്പെട്ടതായി പത്രവാർത്ത)

മണ്ണിൽക്കിടന്നു പിടയും പിതാവിനെ

ഉണ്ണി മടിയിൽക്കിടത്തി വിവശനായ്‌

‘രക്ഷിക്കണേ, എന്റെയച്ഛനെ മാമരേ…..

കുഞ്ഞിന്റെ രോദനം വ്യർത്ഥമായ്‌ വായുവിൽ!

കൊട്ടിയടച്ച ചെവിയും തിമിരത്താൽ

പൊട്ടിയ കണ്ണും തുറക്കാത്ത ഹൃത്തുമായ്‌,

തിക്കിത്തിരക്കി ഇരുകാലികൾ നീളെ

നോക്കാതെ നിൽക്കാതൊഴുകുന്നു പാതയിൽ!

ചത്ത മനുഷ്യന്റെ പോക്കറ്റടിക്കുവാൻ

കാരുണ്യം കാട്ടിപോൽ-സന്മനസ്‌സുളളവർ…..!

’എന്തുപറ്റി എന്റെ നാടിന്‌? – വേദിയിൽ

മന്ത്രമധുരമാം ചോദ്യങ്ങൾ കേൾപ്പൂ നാം.

കത്തി,യകത്ത്‌ പുറത്തു ചിരിയുമായ്‌

കത്തുന്ന കാറിൽ പറക്കുന്നു ദൈവങ്ങൾ!

(കണ്ണും കരളും ചെവിയും തുറക്കാത്ത

മണ്ണിലെ ദൈവങ്ങൾ-നാടിന്റെ ശാപങ്ങൾ!)

Generated from archived content: poem4_nov23_06.html Author: kannan_kunthirukulath

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here