ഞെട്ടുളള കുപ്പിയിലെ കുട്ടി പാൽ കുടിക്കൂ. “ഗ്ലാസ്സിൽ കൊടുക്കേണ്ട പ്രായമായിട്ടും കുപ്പിപ്പാൽ കൊടുക്കുന്നത് നിന്റെ കഴിവുകേടാ”- എന്ന് അമ്മയ്‌ക്ക് വല്ല്യമ്മയുടെ ശകാരം! തന്റെ ശാഠ്യം എന്തുകൊണ്ടെന്ന് വല്യമ്മയ്‌ക്ക് അറിഞ്ഞുകൂട. ഗ്ലാസ്സ് പോലെ മഹാവട്ടത്തിൽ തുറന്നുകിടക്കുന്നിടത്ത് നിന്നല്ല അമ്മയുടെ പാൽ കുടിക്കുന്നത്. അമ്മയുടെ രുചി കിട്ടത്തില്ലെങ്കിലും, ഈമ്പാനും കടിക്കാനും അങ്ങനെ അമ്മയെക്കുറിച്ച് ഓർക്കാനും പറ്റിയ ഒരു സാധനം പാല്‌ക്കുപ്പിക്കുണ്ട്-ഞ്ഞെട്ട്. അമ്മയുടെ രുചി അറിയണമെങ്കിൽ കുപ്പിയും ഗ്ലാസ്സുമില്ലാതെ അമ്മ തന്നെ പാൽ തരണം. അപ്പോൾ വരുന്നു, പെണ്ണുങ്ങളുടെ ഒരു മഹാകൂട്ടം.
“നീ അതിൽ ചെന്ന്യായം തേക്ക്. ഈ മുലകുടി നിർത്തിയേ പറ്റൂ.”
ചെന്ന്യായം എന്താണ്? ആ! ആർക്കറിയാം? എന്തോ കുഴപ്പമുളള സാധനമാണ്, ഒന്നറിയാംഃ തന്റെ പാലു കുടി മുട്ടിക്കാനാണ് വല്ല്യമ്മയുൾപ്പെടെ എല്ലാ പെണ്ണുങ്ങളുടെയും ശ്രമം.
പനിയും ചുമയും വയറ്റിളക്കവും മാറിമാറി വരും. അപ്പോഴൊക്കെ ഡോക്‌ടറങ്കിളിനെക്കണ്ട് അമ്മ വാങ്ങിത്തരുന്ന മരുന്നുഗുളികകൾക്ക് മധുരമാണ്; നല്ല വാസനയും. രാത്രി അച്‌ഛൻ ഈ വാസനയുമായിട്ടാണ് വരുക. താൻ തിന്നേണ്ട ‘മിഠായിഗുളിക’യൊക്കെ അച്‌ഛനാണ് തിന്നുന്നത്! ദേഷ്യം വന്നു. എന്നാലും അച്‌ഛൻ വാരിയെടുത്ത് ഉമ്മതരുമ്പോൾ എല്ലാം മറന്ന് പൊട്ടിച്ചിരിക്കും. മരുന്നു വാസനമൂക്കിൽ വലിച്ചു കയറ്റുകയും ചെയ്യും.
രാത്രി അമ്മതന്നെ പാൽ തരണമെന്ന് ശാഠ്യമുണ്ട്- കുപ്പിയില്ലാതെ, ഗ്ലാസ്സില്ലാതെ. അപ്പോഴാണ് അമ്മയുടെ അസൽരുചി. ഏത് മിഠായിയേക്കാളും രുചി അമ്മയ്‌ക്കാണ്! അമ്മ പാൽ തന്നാലേ ഉറങ്ങൂ; അല്ലെങ്കിൽ നിർത്താതെ കരയും.
പക്ഷേ, രാത്രിയിൽ എപ്പോഴെങ്കിലും ഉണർന്നാൽ, അമ്മയുടെയും അച്‌ഛന്റെയും ഇടയ്‌ക്ക് കിടന്ന താൻ ഭിത്തിക്കരികിലാകയും, അവർ ഒന്നിച്ച് കിടക്കുകയും ചെയ്യുന്നതാണ് കാണുക. അമ്മ ഒന്ന് തട്ടുകയോ മുട്ടുകയോ പാൽ തരാൻ തുടങ്ങുകയോ ചെയ്യുമ്പോൾ, ഉറക്കം മഹാകരിമ്പടമായി തന്നെ മൂടും.
പക്ഷേ, അമ്മ കാട്ടിത്തരാറുളള അമ്പിളിയമ്മാവന്റെയും നക്ഷത്രപ്പിളളാരുടെയും ഇടയ്‌ക്ക് പറക്കുന്ന ചിത്രശലഭങ്ങളെ കണ്ടുകൊണ്ടിരിക്കുമ്പോഴാണ്, ഈ രാത്രിയിൽ പെട്ടെന്നുണർന്നത്.
സ്വപ്‌നം മായും മുമ്പേ കണ്ടുഃ അച്‌ഛൻ തന്നെപ്പോലെ കിടന്ന് തനിക്കവകാശപ്പെട്ട, അമ്മയുടെ രുചി കവർന്നെടുക്കുകയാണ്. ‘കരയുന്ന കുഞ്ഞിനേ പാലുളളൂ’ എന്ന് കേട്ടിട്ടുണ്ട്; പാലിനുവേണ്ടി ഒരു ദാഹം കത്തിപ്പടരുന്നുമുണ്ട്, കരഞ്ഞു. അമ്മയും അച്‌ഛനും മാറിമാറിത്തല്ലി. കരഞ്ഞാൽ തല്ല് കിട്ടുമെന്ന് ആരും പറഞ്ഞ് കേട്ടിട്ടില്ല. വിസ്‌മയം വളർന്ന് ഏങ്ങലായി. പിന്നെ കുട്ടി കരഞ്ഞില്ല; പാൽ കുടിച്ചുമില്ല.
Generated from archived content: story1_may21_08.html Author: joykutti_palathunkal