സന്തോഷത്തിലും സന്താപത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും വിശ്വസ്തതയോടെ ജീവിക്കുവാന്‍ സമ്മതമാണോ? അതെയെന്ന വധൂവരന്മാരുടെ സമ്മതത്തിനൊടുവില്‍ പതിവുപോലെ അവന്‍ സ്വപ്നത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു. വെള്ളം എത്ര കുടിച്ചാലും ദാഹം ശമിക്കാത്ത അവസ്ഥ . സ്വയം കുഴിച്ച കുഴിയില്‍ പതിച്ചതിലുള്ള നിരാശയും വിഷാദവും . ഒരു കിടക്കയിലെങ്കിലും മനസ്സുകൊണ്ടും ശരീരം കൊണ്ടും അവര്‍ ഏറെ അകന്നിരുന്നു.
മദ്യസൗഹൃദങ്ങള്‍ വീട്ടിലേക്കു വേരോട്ടം തുടങ്ങിയപ്പോള്‍ അവന്‍ അറിഞ്ഞിരുന്നില്ല വിശ്വസ്ത ദാമ്പത്യത്തിന്റെ തകര്‍ന്നൊഴുക്കിനു ചാല്‍ തെളിക്കലാണ് മദ്യപാനത്തോടുള്ള അവളുടെ എതിര്പ്പ് ഇല്ലാതാകുന്നതിന്റെ കാരണം മനസിലായിരുന്നില്ല.
സഞ്ചാരഭാഷണിയിലെ ഭാഷണചക്രത്തില്‍ പ്രിയ സുഹൃത്തിന്റെ സമയക്കവര്‍ച്ച ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ സംശയക്കാരനും മാനസികരോഗിയുമായി. പതിവ് കലഹത്തിനൊടുവില്‍ പോയി മരിച്ചു കൂടെയെന്ന ചോദ്യം സര്‍വേന്ദ്രിയങ്ങളിലും തട്ടി പ്രതിധ്വനിച്ചു.
അര്‍ത്ഥമില്ലാത്ത ജീവിതം അവസാനിപ്പിക്കുന്നതിലൂടെ അനാഥനാകുന്ന കുട്ടികളും അവരുടെ ഭാവിയും വെച്ച തുലാസ് ഉയര്‍ന്നു തന്നെ നിന്നു. പൊതുവഴിയിലെ പുളിമരക്കൊമ്പില്‍ അവളുടെ ഗന്ധമുള്ള സാരിത്തലപ്പില്‍ തൂങ്ങിയാടുമ്പോള്‍ തുറിച്ച കണ്ണൂകള്‍ പരതുന്നുണ്ടായിരുന്നു ചുറ്റും കൂടി നില്‍ക്കുന്നവരില്‍ ” തെറിച്ചവര്‍” ആരൊക്കെയെന്ന്.
എന്തായാലും കുഴിയിലെ പൂവുണങ്ങും മുമ്പേ പ്രേതങ്ങള്‍ ഇല്ലെന്നവര്‍ തെളിയിച്ചുകൊണ്ടിരുന്നു.
Generated from archived content: story1_feb10_14.html Author: jose_pj