സ്വാതന്ത്ര്യദിനം

കളിതുടങ്ങുന്നതിനു മുമ്പുതന്നെ ഇറ്റലിയോടായിരുന്നു അവന്റെ കൂറ്‌. അശരണരോടും അശക്തരോടും അനുകമ്പയാണ്‌ അവനെപ്പോഴും. ഇറ്റലിയോടാണ്‌ കൂറെന്നതിനാൽ കൂട്ടുകാരുടെ മുമ്പിൽ അവൻ പരിഹാസ്യനായി. ഇറ്റലി തോൽക്കുമെന്ന്‌ അവർ നേരത്തെ ഉറപ്പിച്ചിരുന്നു. ബ്രസീലും ജർമ്മനിയും അർജന്റീനയും അവർക്ക്‌ ജീവവായുവായി. ഏറെ നാൾ നമ്മെ അടക്കിവാണ ഇംഗ്ലണ്ടിനോട്‌ കൂറു കൈവിടാൻ ചിലർക്കായില്ല.

പ്രബലർ മറുഭാഗത്തായതിനാൽ അവരുടെ വായാടിത്തത്തിനു മുമ്പിൽ അവൻ മൗനം പൂണ്ടു. അർജന്റീനയുടെയും ബ്രസീലിന്റെയും ജർമ്മനിയുടെയും ഇംഗ്ലണ്ടിന്റെയും പതാകകൾ ഉയരെ പാറിക്കളിക്കുമ്പോൾ അതു നോക്കി നിസ്സഹായനായി നിന്ന്‌ ഒരിക്കലവൻ എന്നോടു ചോദിച്ചു ഃ “നീ ആരുടെ കൂടെയാ”?

അക്ഷരാർത്ഥത്തിൽ എനിക്കുത്തരം മുട്ടി കാരണം എന്റെ കൂടെ ആരുമില്ലല്ലോ. എന്റെ ഉത്തരം അവനുപോലും ഇഷ്ടപ്പെട്ടില്ല. അതും കളിക്കളത്തിലില്ലാത്ത…….

പ്രബലർ പോർക്കളത്തിൽ ക്ഷതമേറ്റ്‌ മലർന്നു വീണുപിടയുമ്പോൾ അവന്റെ മനസ്സ്‌ കൂടുതൽ കരുത്താർജ്ജിച്ചു. അവസാനം അവൻ വിജയിക്കുന്നതുവരെയും.

തകർന്നവരും തകർത്തവരും മതി മറന്നുറങ്ങുമ്പോഴാണ്‌ സ്വാതന്ത്ര്യത്തിന്റെ അരുണിമ ഇരുണ്ട ക്യാൻവാസിനെ വെട്ടിമാറ്റി ഒളിഞ്ഞു നോക്കിയത്‌. വിറയാർന്ന കൈകളോടെ, ആരും കാണാതെ ഞാനെന്റെ പതാക ഉയർത്തവെ, അതിനുമുയരെ മറ്റുളളവ പാറിപ്പറക്കുന്നത്‌ എന്നെ അലോസരപ്പെടുത്തി.

Generated from archived content: story3_jan01_07.html Author: janu_ayichalkandi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here