റോഡിൽ തടിച്ചുകൂടിയ ആൾക്കൂട്ടം. വന്നവർ വന്നവർ ആളുകളെ ചികഞ്ഞുമാറ്റി ദൃശ്യം കാണാൻ വെമ്പൽകൊണ്ടു. തളംകെട്ടിയ ചോരക്കളത്തിൽ അറുത്തിട്ട കോഴിയെപ്പോലെ പിടയുന്ന മനുഷ്യനെ ആർക്കും തിരിച്ചറിയാനായില്ല.
ബസ്സ്റ്റോപ്പിൽ ബസ്സു കാത്തുനിന്ന അയാൾ ഇതൊന്നും ശ്രദ്ധിച്ചില്ല. അയാളുടെ ശ്രദ്ധമുഴുവൻ ബസ്സുവരുന്ന ദിക്കിലേക്കായിരുന്നു. ഓഫീസിലെത്താനുളള വേവലാതിയിൽ റോഡിലെ ബഹളം കണ്ടില്ലെന്നു നടിച്ചു. അല്ലെങ്കിലെന്ത്? അതൊക്കെ ചെയ്യേണ്ടവർ ചെയ്തോളും.
കുതറിവന്ന ബസ്സ് നിർത്തേണ്ട താമസം. അയാളതിൽ ചാടിക്കയറി. അയാളുടെ ലക്ഷ്യം ഓഫീസുമാത്രമായിരുന്നു.
അഞ്ചുമിനിട്ട് നേരത്തെയാണ് അയാൾ ഓഫീസിലെത്തിയത്. വല്ലാത്തൊരാശ്വാസം.
കസേരയിൽ പൊടിതട്ടി ഇരിക്കേണ്ട താമസം. ഫോൺ റിങ്ങടിച്ചു. ഛെ! രണ്ടുമിനിട്ടിരിക്കാൻ സമ്മതിക്കില്ലെന്നുവച്ചാൽ. അയാൾ പിറുപിറുത്തുകൊണ്ട് ഫോണെടുത്തു. പെട്ടെന്നൊരലർച്ചയോടെ അയാൾ താൻ ബസ്സ് കയറിയ സ്റ്റോപ്പിനെ ലക്ഷ്യമാക്കി ഓടി.
Generated from archived content: story2_june.html Author: janu_ayichalkandi