പടയോട്ടം

അർത്ഥമില്ലായ്‌മയിൽ

അർത്ഥം കണ്ടെത്തുവാൻ

അരയും തലയും മുറുക്കീ-

ട്ടഹോരാത്രം;

മെയ്‌മറന്നല്ലെങ്കിൽ

മാനം മറന്ന്‌,

അധ്വാനിക്കാതെയും

അധ്വാനിച്ചും,

അവസാനം ശാശ്വത-

ശാന്തിയുമായെത്തും

‘സത്യ’ത്തെ പുൽകുവാൻ

ഒരുപക്ഷേ, സ്വയമേവ

അല്ലെങ്കിൽ വിധിപോലെ,

മാനവർ ജീവിതമെന്നപേരിൽ

കൊണ്ടും കൊടുത്തും

കൊട്ടിഘോഷിക്കുന്ന

കടമകൾ കൊണ്ടുളള

കൗതുകക്കാഴ്‌ച;

കടപ്പാടുകൾ കൊണ്ടുളള

കാർമുകിൽക്കാഴ്‌ച;

കാലത്തെവെല്ലുവാൻ

സമ്പത്തുകൊണ്ടും

കാലംകഴിക്കുവാൻ

കണ്ണീര്‌കൊണ്ടും;

പടവെട്ടി പടവെട്ടി

പന്തളത്തെത്തുമ്പോൾ

പരിപൂർണ്ണമാകുന്ന

പടയോട്ടം;

ഭാവിപ്പരേതന്റെ

പടയോട്ടം.

Generated from archived content: poem17_oct.html Author: illyas_parippilly

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here