കാലഘട്ടത്തിന്റെ ചൂടുംചൂരും ആവാഹിച്ചിരിക്കുന്ന കദന കലാപങ്ങളുടെ കാവ്യപ്പിറവി. ഓരനെല്ലൂർ ബാബുവിന്റെ ആദ്യകവിതാ സമാഹാരം ‘പിറവി’. പെൻബുക്‌സാണ് പ്രസാധകർ.
‘പടയണി’ ഒഴിച്ചുളള മറ്റു കവിതകളെല്ലാം ഒറ്റപ്പെട്ട വൈശിഷ്‌ട്യത്തിന് നിദർശനങ്ങൾ. പിറവിയെന്നാണ് പുസ്‌തകത്തിന്റെ പേരെങ്കിലും ആദ്യത്തെ കവിത പുഴയുടെ മരണത്തെപ്പറ്റിയാണ്. പുഴയുടെ മരണത്തിൽ ഹൃദയം കൊണ്ടു വിലപിക്കുന്ന ബാബു പുഴവാരുന്നവരുടെ ദുരമൊഴിയിലും അസംതൃപ്‌തനാണ്.
ബാല്യകൗമാര യൗവ്വന വാർദ്ധക്യങ്ങളുടെ താരതമ്യപഠനം എന്ന് വിശേഷിപ്പിക്കാവുന്നതും തെരുവിലുറച്ച ബാല്യമല്ല, യഥാർത്ഥത്തിൽ ഊന്നുവടി കവർന്ന അനാഥ ‘വാർദ്ധക്യ’മാണ് സഹതാപാർഹം എന്ന ധ്വനി ഉണർത്തുന്നതുമായ രണ്ട് കവിതകൾ. ദശാസന്ധികൾ, ഋതുഭേദം എന്നിവ. ജലസാന്നിധ്യവും ‘പിറവി’യുമായി അഭേദ്യമായ ബന്ധമുണ്ട്. ജീവന്റെ ആദ്യരംഗം, പിന്നെ മഹാഭാരതകർത്താവിന്റെ അപൂർവ്വ ജന്മം. ബാബുവിന്റെ സർഗ്ഗസമീക്ഷയ്‌ക്കും കടലും പുഴയുമായി പ്രണയബന്ധം.
ഈ സമാഹാരത്തിലെ ഒരു കവിതയുടെ ശീർഷകം കടമെടുത്താൽ ‘അമാവാസിയിലെ പൗർണ്ണമിയാണ്’ പിറവി എന്ന് നിസ്സംശയം പറയാം. ‘ചിതയാളുന്ന നെഞ്ചിലെ ജലധി’യെന്നും പറയാം.
Generated from archived content: book2_mar9.html Author: illyas_parippilly