പ്രാരാബ്ദങ്ങളുടെ കടൽ
ജീവിതത്തെ വിഴുങ്ങും മുമ്പേ
ഖേദമില്ലാത്ത മനസ്സിൽ
വിലാപങ്ങളുടെ ഗുണനപ്പട്ടികകൾ
എണ്ണിയെണ്ണിയൊടുങ്ങുകയാണ്.
ഓരോ വിനയും
താൻ തന്നെ വിതച്ചതെന്ന തിരിച്ചറിവിൽ
മുൾമുനയിൽ നിന്നുളള
തപസ്സ് നിർത്തണം
സ്വാതന്ത്ര്യത്തിന്റെ നിറം മങ്ങുന്നത്
മുദ്രാവാക്യങ്ങളിൽ തിരിച്ചറിയാം
ഓരോ ധ്വനിയും പ്രതിധ്വനിക്കുകയാണ്
സൗപർണ്ണികയിലും പാപനാശിനിയിലും
സ്നാനം ചെയ്താലും
പളളിക്കലാറിൽ ശൗചം ചെയ്തതിനാൽ
ഒഴുകിയൊഴുകി കടലിലെത്തി
മീൻ വിഴുങ്ങി
മുക്കുവന്റെ വലയിൽ കുരുങ്ങിയതും
പാകം ചെയ്ത് ഭക്ഷിച്ചതും
മീൻതൊട്ട് വേദത്തിൽ കൂടിയതും
ഓർമ്മയിൽ തുളുമ്പിക്കവിയുമ്പോൾ
നീയും ഞാനും
പിൻവിളിയുടെ ഓരോ ഊഴം കാക്കുമ്പോഴും
മരണത്തിന്റെ ഉന്നം
എനിക്കു നേരെ ചൂണ്ടുകയാണ്.
Generated from archived content: poem7_01_06.html Author: idakulangara_gopan