വർഷങ്ങൾക്കുമുൻപ്. അച്ഛനും ചിറ്റപ്പന്മാരും അപ്പച്ചിയോടുമൊത്ത് വലിയ റോഡുകളുളള, എപ്പോഴും തിരക്കുളള, വൻകെട്ടിടങ്ങൾ കാവൽനിൽക്കുന്ന ഒരു സ്ഥലത്ത് ബസ്സിറങ്ങി. തിരക്കുളള റോഡ് മുറിച്ചു കടക്കുമ്പോൾ അപ്പച്ചി എന്റെ കയ്യിൽ പിടിച്ചിരുന്നു.
ഒത്തിരി കെട്ടിടങ്ങൾ ചുറ്റിലുമുളള ഒരിടത്തേക്കാണ് ഞങ്ങൾ നീങ്ങിയത്. കറുത്ത കോട്ടുമിട്ട് കുറേപ്പേർ കയ്യിൽ കടലാസ്സുകെട്ടുമാായി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ടായിരുന്നു. പലയിടങ്ങളിലും പോലീസുകാരെയും കണ്ടു. ഏതോ അത്ഭുതലോകത്തിൽ ചെന്നുപെട്ട ഞാൻ അപ്പച്ചിയോടു ചോദിച്ചു.
“നമ്മൾ എവിടാ നിക്കുന്നെ?”
“ഇതു കോടതിയാ….” അപ്പച്ചി പറഞ്ഞു. മനസ്സിലായില്ലെങ്കിലും ‘ങും…’ എന്നു ഞാൻ മൂളി.
“നമ്മൾ എന്തിനാ ഇവിടെ വന്നെ…?”
“എന്റെ സംബന്ധം ഒഴിയാൻ…”
“സംബന്ധം ഒഴിയാനോ? ങ്‌ഹേ…അതെന്തിനാ…?”
അപ്പച്ചി ഒന്നും മിണ്ടിയില്ല. മുണ്ടിന്റെ കോന്തല പിടിച്ചുവലിച്ചുകൊണ്ട് ഞാൻ വീണ്ടും വീണ്ടും ചോദിച്ചപ്പോൾ പറഞ്ഞു.
“അതു കൊച്ചാട്ടന്മാരു പറഞ്ഞിട്ടാ…”
ഒന്നും മനസ്സിലാകാതെ അപ്പച്ചിയുടെ മുഖത്തേക്ക് നോക്കി. പൊടിച്ചുവന്ന കണ്ണുനീർ ഒപ്പിക്കൊണ്ട് അവർ ദൂരത്തേക്കു നോക്കിനിന്നു…
അല്‌പം കഴിഞ്ഞപ്പോൾ ഒരാൾ വന്ന് അപ്പച്ചിയെ ഒരു മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി.
അച്‌ഛനും ചിറ്റപ്പന്മാരും ആ മുറിയിൽ നിന്ന് സന്തോഷത്തോടെ കുറച്ചുകഴിഞ്ഞപ്പോൾ ഇറങ്ങിവരുന്നതു കണ്ടു. ഏറെ പിറകിലായി അപ്പച്ചിയും, തൊട്ടടുത്ത് മറ്റൊരാളും…അയാളോട് അപ്പച്ചി ചോദിക്കണതു കേട്ടുഃ
“പോവ്വാ…ഇല്ലയോ…”
“ങ്‌ഹാ…” അയാൾ മൂളി
“ഇനി നമ്മള് കാണത്തില്ല.. ഇല്യോ…”
“ങ്‌ഹാ…”
“നീ എന്തിനാ ഇതിനു സമ്മതിച്ചേ..?”
“കൊച്ചാട്ടന്മാരു പറയുമ്പം ഒക്കത്തില്ലെന്നു പറയാൻ പറ്റ്വോ…നിങ്ങള് വീതം ചോദിച്ചോണ്ടല്യോ…”
അയാൾ നടന്നു നീങ്ങിയപ്പോൾ അപ്പച്ചി പിറകിൽ നിന്നുപറഞ്ഞുഃ “എനിക്കൊരു കാര്യം പറയണമായിരുന്നു.”
“എന്തുവാ..” അയാൾ നിന്നു.
“ഒരു ജമ്പറിനു തുണി വാങ്ങിച്ചു തരാമോ…?”
ഒന്നും പറയാതെ അയാൾ പോയെങ്കിലും അല്‌പം കഴിഞ്ഞ് കടലാസുപൊതി അപ്പച്ചിയെ ഏൽപ്പിക്കുന്നതു കണ്ടു.
കഥയറിയാതെ കൊച്ചുകുട്ടിയായ ഞാൻ മിഴിച്ചുനിന്നു.
Generated from archived content: story10_dec.html Author: gopi_aanayadi