പ്രണയാതുരരായ പ്രൊഫസറും ശിഷ്യയും

പ്രശസ്‌തമായ പാടലീപുത്രത്തിലുളള (പാറ്റ്‌ന) ബി.എൻ.കോളേജിലെ അൻപതുകാരനായ പ്രൊഫ.മട്ടുക്കുനാഥ്‌ ചൗധരിക്ക്‌ തന്റെ ശിഷ്യകളിൽ ഒരാളായ ഇരുപത്തിരണ്ടുകാരി ജൂലിയോടു കലശലായ പ്രേമം. ശിഷ്യയ്‌ക്കും കടുത്ത പ്രേമം തന്നെ. രഹസ്യമായിട്ടായിരുന്നു തുടക്കമെങ്കിലും തുടർന്നുണ്ടായ ചില സംഭവങ്ങൾ ഇതു നാടായ നാടൊക്കെ ചർച്ചയ്‌ക്ക്‌ കാരണമായി. വിവാഹിതനും രണ്ടു കുട്ടികളുഷെ പിതാവുമാണ്‌ പ്രൊഫസറെന്നുളള പോരായ്‌മകളൊന്നും ശിഷ്യയായ കാമുകിക്ക്‌ പ്രശ്‌നമായില്ല. പ്രശ്‌നം സങ്കീർണ്ണമായത്‌ കാമുകിയേയും കൂട്ടി പ്രൊഫസർ സ്വന്തം വീട്ടിലേയ്‌ക്ക്‌ കടന്നുചെന്നപ്പോഴാണ്‌. ക്രുദ്ധയായ ഗുരുപത്നി കാമുകിയുടെ മുടിക്കു പിടിച്ചു താഴെ അടിക്കുകയും, നിലത്തിട്ട്‌ നിർദ്ദയം ചവുട്ടി അവശയാക്കുകയും ചെയ്‌തു. ഇതെല്ലാം നിർവികാരനായി നോക്കി നിൽക്കാനെ പ്രൊഫസർക്ക്‌ കഴിഞ്ഞുളളൂ…. അയൽക്കാരും നാട്ടുകാരുമായി ഒരു നല്ല ആൾക്കൂട്ടത്തെ സാക്ഷി നിർത്തിയായിരുന്നു ഗുരുപത്നിയുടെ താണ്ഡവം. ഇത്തരം ശാരീരിക പീഡനങ്ങളൊന്നും തന്നെ പ്രണയബദ്ധരായ അവരുടെ തീരുമാനത്തെ ഇളക്കിമറിക്കാൻ ഉതകിയില്ല.

പ്രൊഫസർക്ക്‌ സ്വന്തം വിദ്യാർത്ഥി സമൂഹത്തിന്റെയും ക്രൂരമായ പ്രതികരണം നേരിടേണ്ടിവന്നു. ഷർട്ടുവലിച്ചുകീറി, കഴുത്തിൽ ചെരിപ്പുമാലയണിയിച്ച്‌, മുഖത്തു കറുത്ത പെയിന്റടിച്ച്‌ അവർ സ്വന്തം അധ്യാപകനെ തെരുവീഥിയിലൂടെ പരേഡ്‌ ചെയ്യിച്ചു. ഇതെല്ലാം നിഷ്‌ക്രിയനായി നിർമ്മമനായി പ്രൊഫസർ നേരിട്ടു.

പത്രമാധ്യമങ്ങളും ടി.വി.ചാനലുകളും ത്രസിപ്പിക്കുന്ന ഈ പ്രണയകഥയെ എരിവും പുളിയും ചേർത്ത്‌ ജനത്തിനു വിളമ്പികൊണ്ടേയിരുന്നു. പ്രത്യേകം പ്രത്യേകം നടത്തിയ അഭിമുഖങ്ങളിലെല്ലാം അവരുടെ പ്രേമം സത്യത്തിന്റെ മാർഗ്‌ഗത്തിലൂടെയുളളതാണെന്നും ലോകത്ത്‌ ഒരു ശക്തിക്കും അവരെ വേർപിരിക്കാനാവില്ലെന്നും അവർ ഉറക്കെ പ്രഖ്യാപിച്ചു. ആ നിശ്ചയദാർഢ്യത്തിന്റെ മുന്നിൽ പലരും തലകുനിച്ചു. വിദ്യാർത്ഥി സമൂഹത്തിന്‌ ഈ നിലപാടുകൾ ഒരു പുനർചിന്തയുടെ വക നൽകി. അവർ ജയാരവങ്ങളോടെ മാലകളണിയിച്ച്‌ ഈ അപൂർവ്വകമിതാക്കളെ കോളേജ്‌ കാമ്പസിലേക്ക്‌ എതിരേറ്റു. അനശ്വരമായ പ്രേമത്തിനു വേണ്ടി ജീവത്യാഗം ചെയ്‌ത എണ്ണമറ്റ കമിതാക്കളുടെ രോമാഞ്ചമണിയിക്കുന്ന പൂർവ്വചരിത്രമാകാം വിദ്യാർത്ഥിസമൂഹത്തെ പുനർചിന്തനത്തിടയാക്കിയത്‌. “സച്ചാ പ്രേം അമർഹോ”. (യഥാർത്ഥ പ്രേമം അനശ്വരമാകട്ടെ) എന്ന മുദ്രാവാക്യം മുഴക്കി അവർ പ്രൊഫസറെ തോളിലേറ്റി നടന്നു. “യേ സബ്‌ ബച്ചോം കാ ഖേൽ ഹൈ” (ഇതെല്ലാം കുട്ടികളുടെ ഒരു കളിയല്ലേ) എന്നു മാത്രമാണ്‌ ഇതേ കുറിച്ച്‌ പ്രൊഫസർ പ്രതികരിച്ചത്‌.

പ്രേമത്തിന്റെ അനശ്വരത വിദ്യാർത്ഥിസമൂഹം എത്ര പാടിപ്പുകഴ്‌ത്തിയാലും ഗുരുപത്നിയും, കോളെജ്‌ മാനേജ്‌മെന്റും ഇത്‌ നിസാരമായി കാണുന്നില്ല. ഭാര്യ നിയമത്തിന്റെ വഴിതേടുവാനും, നൈതികതയുടെ പ്രശ്‌നമായികണ്ട്‌ നടപടികൾ എടുക്കാനുമാണ്‌ മാനേജ്‌മെന്റും നിശ്ചയിച്ചിരിക്കുന്നത്‌.

അന്ധമായ പ്രേമം വരുത്തിവയ്‌ക്കുന്ന ഓരോ പൊല്ലാപ്പുകളേ………!!

Generated from archived content: essay1_nov23_06.html Author: gopi_aanayadi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here