അടിമത്തം പേറുന്ന ബാല്യങ്ങൾ

പടിഞ്ഞാറൻ ചക്രവാളത്തിൽ സൂര്യൻ ചാഞ്ഞിറങ്ങി. അപ്പോൾ പെട്ടെന്നെത്തിയ ചാറ്റൽ മഴയിലേക്ക്‌ വെറുതെ നോക്കിയിരിക്കുമ്പോഴാണ്‌ ഒരു തമിഴ്‌ ബാലൻ എന്റെയടുത്തേക്ക്‌ വന്നത്‌. ഏറിയാൽ പന്ത്രണ്ട്‌ വയസ്സ്‌ പ്രായം വരും. കറുത്തിരുണ്ട്‌ ക്ഷീണിതമായ അവന്റെ മുഖത്ത്‌ തെളിഞ്ഞു കാണുന്ന കണ്ണുകളിൽ വല്ലാത്തൊരു ദൈന്യത മുറ്റിനിന്നിരുന്നു. അവന്റെ തലയിലിരുന്ന പ്ലാസ്‌റ്റിക്‌പായകൊണ്ട്‌ മൂടിക്കെട്ടിയ സാമാന്യം വലുപ്പമുളള കുട്ട അവൻ ധൃതിയിൽ താഴെവച്ച്‌, അതിൽ നിന്ന്‌ പ്ലാസ്‌റ്റിക്‌ കൂടുകളിൽ പൊതിഞ്ഞുവച്ചിരുന്ന അരിമുറുക്കിൽ നിന്ന്‌ നാലെണ്ണം എന്റെ മേശപ്പുറത്ത്‌ വച്ച്‌ അവൻ വല്ലാത്തൊരു ഭവ്യതയോടെ ചുണ്ടുകൾ ചലിപ്പിച്ചു.

‘സാർ നാല്‌ പേക്കറ്റ്‌ പത്തുരൂപ’

അത്തരം പലഹാരങ്ങളിൽ തീരെ താല്‌പര്യമില്ലാത്തതിനാൽ ഞാൻ നിഷേധാർത്ഥത്തിൽ തലയാട്ടിയതും, അവൻ കുട്ടയിൽ നിന്നും ഒരുകൂട്‌ മുറുക്കുകൂടി എടുത്തുവെച്ചതും ഒരുമിച്ചായിരുന്നു. അപ്പോഴും ഞാനെന്റെ നയം വ്യക്തമാക്കി. ഒരുകൂടുകൂടി എടുത്ത്‌ വച്ച്‌ അവൻ പറഞ്ഞു.

‘ആറ്‌ പേക്കറ്റ്‌ പത്തുരൂപ മതി സാർ’

എന്റെ നയത്തിൽ മാറ്റം വരാത്തതിനാൽ അവൻ പൊട്ടിക്കരഞ്ഞു. അവന്റെ കറുത്ത മുഖത്തെ വിളറിയ കണ്ണുകളിൽ നിന്നും കുടുകുടെ കണ്ണുനീർ ചാടിവരികയും കണ്ണീർത്തുളളികൾ എന്റെ മേശപ്പുറത്ത്‌ ചിതറി വീഴുകയും ചെയ്‌തപ്പോൾ ഞാനാകെ പതറിപ്പോയി. എന്തായിരിക്കും ആ കുഞ്ഞുമനസ്സിനെ അലട്ടുന്നതെന്ന്‌ അവനെ പിടിച്ചിരുത്തി ചോദിച്ചപ്പോഴാണ്‌ അവനത്‌ പറഞ്ഞത്‌.

കട്ടയിലുളള മുറുക്ക്‌ മുഴുവനും അവന്റെ താവളത്തിൽ തിരിച്ചെത്തുമ്പോൾ തീർന്നിരിക്കണമെന്നും, അല്ലാതെ ചെന്നാൽ അവന്റെ മുതലാളി അവനെ ഭീകരമായി മർദ്ദിക്കുമെന്നുമായിരുന്നു അത്‌. അവന്‌ അതിനു മുൻപ്‌ ഏറ്റുവാങ്ങേണ്ടി വന്ന മർദ്ദനങ്ങൾ വളരെപ്പെട്ടെന്ന്‌ പറഞ്ഞുതീർത്തു. ഒടുവിൽ വളരെ നിർബന്ധിച്ച്‌ പത്തുരൂപ അവന്റെ പോക്കറ്റിൽ ഞാൻ ഇട്ടുകൊടുത്തുവെങ്കിലും മുറുക്കു കൂടുകൾ അവൻ മേശപ്പുറത്തുതന്നെ വച്ച്‌ നന്ദിയോടെ യാത്ര പറഞ്ഞു പോയപ്പോഴേക്കും ഇരുട്ട്‌ നന്നായി പടർന്നിരുന്നു. 20 കിലോമീറ്ററുകളോളം അകലത്തുളള അവന്റെ താവളത്തിലേക്ക്‌ ധൃതിയിൽ നടന്നു പോകുന്ന കുഞ്ഞനിയനെ കണ്ണിൽനിന്നും മറയുന്നതുവരെ വല്ലാത്തൊരു വിഷാദത്തോടെ ഞാൻ നോക്കിനിന്നു.

ഈ പൈതങ്ങളെക്കൊണ്ട്‌ വേലയെടുപ്പിച്ച്‌ തീതീറ്റിപ്പിക്കുന്നത്‌ തടയാൻ നിയമവും, വകുപ്പുമൊക്കെ പുറപ്പെടുവിക്കുമെന്ന്‌ മൈക്കിനുമുന്നിൽ മാത്രം വിളംബരം ചെയ്യുന്ന ഭരണാധികാരികളുടെ ആത്മാർത്ഥമായ പരിശ്രമവും, നീതിപാലകന്മാരുടെ ചെറിയൊരു ശ്രദ്ധയും ഇക്കാര്യത്തിൽ ഉണ്ടായിരുന്നുവെങ്കിൽ നമ്മുടെയൊക്കെ കുഞ്ഞനിയൻമാർ കണ്ടവന്റെയൊക്കെ ആട്ടും തുപ്പും ചവിട്ടുംകൊണ്ട്‌ നരകിക്കേണ്ടിവരികയും, അങ്ങനെ നരകയാതന അനുഭവിക്കുന്നവൻ നാളെ കുറ്റവാളിയായി രൂപാന്തരം പ്രാപിക്കുകയും ചെയ്യുമായിരുന്നില്ല.

Generated from archived content: essay1_oct1_05.html Author: ganesh_ponnani

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here