മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്ക്. ഇഴുവത്തുരുത്തി ഗ്രാമത്തിൽ നെയ്യങ്ങാട് ദേശമാണ് എന്റെ ജന്മഗ്രാമം. ഗ്രാമങ്ങളുടെ വിശുദ്ധിയും നന്മയുമൊക്കെ അനുനിമിഷം നഷ്‌ടപ്പെടുന്നതിന്റെ നേർക്കാഴ്‌ചകൾ എന്റെ ഗ്രാമത്തിലും ദൃശ്യമാകുന്നു.
“കുഴിവെട്ടിമൂടുക വേദനകൾ, കുതികൊൾക ശക്തിയിലേയ്‌ക്ക് നമ്മൾ” എന്നും ‘ഇടയ്‌ക്ക് കണ്ണീരുപ്പ് പുരട്ടാതെന്തിന് ജീവിതപലഹാരം’ എന്നുമൊക്കെപാടിയ മഹാപ്രതിഭയായിരുന്ന ഇടശ്ശേരി ജീവിച്ചിരുന്നത് ഈ ഗ്രാമത്തിലായിരുന്നു എന്നത് ഞങ്ങൾക്കിന്നും അഭിമാനിക്കാൻ ഇടനൽകുന്നു.
എന്നാൽ ഇടശ്ശേരിയെ മറന്നവരാണ് ഞങ്ങളുടെ ഗ്രാമത്തിലെ ആളുകളിൽ ഏറെയും. അടുത്തിടെ ഇവിടെ രൂപം കൊണ്ട നവോദയ കലാസാംസ്‌കാരിക വേദിയെന്ന കലാപ്രസ്‌ഥാനം ഈ ഗ്രാമത്തിന് പുതിയൊരു നാമം നൽകിയിരിക്കുന്നു. “ഇടശ്ശേരി ഗ്രാമം” എനിക്ക് ആദ്യാക്ഷരങ്ങൾ പകർന്ന് തന്ന നെയ്യങ്ങാട് സർക്കാർ എൽ.പി.സ്‌കൂൾ ഇടശ്ശേരിയുടെ വീടായിരുന്ന പുത്തില്ലത്തോട് ചേർന്നുനില്‌ക്കുന്നു.
പഴയതലമുറയിൽപ്പെട്ടവർ ഇടശ്ശേരിയെ അറിഞ്ഞിരുന്നത് മഹാകവിയായിട്ടായിരുന്നില്ല. മഹാനായ ഒരു മനുഷ്യസ്‌നേഹിയായിട്ടായിരുന്നു. ഒരു കവിക്ക് ഇത്രയും ജനപ്രിയനാകാനും സാധാരണക്കാരന്റെ മനസ്സിൽ ഇടം നേടാനും കഴിഞ്ഞുവെന്നത് വർത്തമാനകാലഘട്ടത്തിൽ ഒട്ടൊക്കെ അത്ഭുതമാണ്. അദ്ദേഹം ജീവിച്ചിരുന്ന ‘പുത്തില്ലം’ പുത്തൻപണക്കാർ ഇടിച്ച് നിരത്തി നാമാവശേഷമാക്കി. ഈ ഗ്രാമത്തിൽ നിന്നും അകന്ന് ഇടശ്ശേരി സാഹിത്യമന്ദിരം നിലകൊളളുന്നു. അവിടെ കൃഷ്‌ണപ്പണിക്കർ വായനശാലയും പ്രവർത്തിക്കുന്നു. ഇടശ്ശേരിയെ ഓർമ്മപ്പെടുത്തുന്ന ഒരു ചെറുപരസ്യപ്പലകയല്ലാതെ മറ്റൊരു ഞങ്ങളുടെ ഗ്രാമത്തിൽ ഇന്ന് നിലനിൽക്കുന്നില്ല.
പൊന്നാനിയെക്കുറിച്ച് അല്‌പം പറഞ്ഞില്ലെങ്കിൽ നെയ്യങ്ങാട് ദേശത്തെക്കുറിച്ച് പറഞ്ഞതിന് പ്രസക്തിയില്ലാതാകും. മലബാർ കേന്ദ്രകലാസമിതിയുടെ തുടക്കം പൊന്നാനിയിൽ നിന്നാണ്. ഇന്ന് പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വരെയും തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർവരെയും നീണ്ടുകിടക്കുന്നതായിരുന്നു ഒരുകാലത്തെ പൊന്നാനി താലൂക്ക്. പൊന്നാനിപ്പുഴയെന്ന് വിളിപ്പേരുളള ഭാരതപ്പുഴ അറബിക്കടലിന് ഹൃദയം കൈമാറുന്നത് പൊന്നാനിയിൽ വച്ചാണ്. പൊന്നാനിയുടെ സ്ഥലനാമത്തെക്കുറിച്ച് പലവാദഗതികൾ നിലവിലുണ്ട്. അതിൽ പലതും വിശ്വാസയോഗ്യമല്ലാത്ത ഐതിഹ്യങ്ങളാണ്. വില്യം ലോഗന്റെ മലബാർ മാനുവലിൽ ‘പനിയാനി’ ‘പുനിയാനി’ എന്നൊക്കെ പരാമർശിച്ച് കാണുന്നുണ്ട്. കോഴിക്കോട് സാമൂതിരിയുടെ പ്രധാനപ്പെട്ട തുറമുഖങ്ങളിൽ ഒന്നായിരുന്നു പൊന്നാനിയെന്നാണ് ചരിത്രം. 1540-ൽ സാമൂതിരിയും പറങ്കികളും തമ്മിൽ നടന്ന പൊന്നാനിസന്ധി പ്രസിദ്ധമാണ്. കേരളഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട് പുറത്തിറക്കിയ കേരളസ്ഥലനാമകോശത്തിൽ പറയുന്ന പൊൻനാണയം എന്നതിൽ നിന്നാണ് പൊന്നാനി രൂപപ്പെട്ടതെന്ന് പറയുന്നു. തുറമുഖനഗരത്തിൽ വൻതോതിൽ പൊൻനാണയങ്ങൾ വിനിമയം ചെയ്‌തിരുന്നു.
എഴുത്തുകാരെക്കൊണ്ടും സാംസ്‌കാരികനായകരെക്കൊണ്ടും സമ്പന്നമാണ് പൊന്നാനി. പഴയതലമുറയിലെ ദീപസ്‌തംഭങ്ങളായിരുന്ന നമ്മെവിട്ട് പോയ ഇടശ്ശേരി, ഉറൂബ്, കടവനാട് കുട്ടികൃഷ്‌ണൻ, എം. ഗോവിന്ദൻ ഇവരൊക്കെ പൊന്നാനിപ്പെരുമയെ ജ്വലിപ്പിക്കുന്ന ഓർമ്മകളാണ്. കൂടല്ലൂർക്കാരനായ എം.ടി, പഴയപൊന്നാനിത്താലൂക്ക്‌കാരനാണ്. സി.രാധാകൃഷ്‌ണൻ, പി.പി. രാമചന്ദ്രൻ, ആലങ്കോട് ലീലാകൃഷ്‌ണൻ, പി. സുരേന്ദ്രൻ, സി. അഷ്‌റഫ്, രാമകൃഷ്‌ണൻ കുമാരനെല്ലൂർ, വി.പി. രാമകൃഷ്‌ണൻ, കെ.ടി. സതീശൻ നാടക സംഗീത രംഗത്തെ നിത്യ സാന്നിദ്ധ്യമായിരുന്ന വി.കെ. മായൻ പൊന്നാനിയുടെ രാഷ്‌ട്രീയ ചരിത്രത്തിലെ വിസ്‌മയം ഇ.കെ. ഇമ്പിച്ചിബാവ ഇവരൊക്കെ പൊന്നാനിയുടെ മനസ്സിലിടം നേടിയവരാണ്.
ഒന്നരനൂറ്റാണ്ടോളം പഴക്കമുളള പൊന്നാനി മുൻസിഫ് മജിസ്‌ട്രേറ്റ് കോടതി ഇന്നും തെല്ലും ക്ഷതമേൽക്കാതെ തലയുയർത്തി നിൽക്കുന്നു. എന്റെ ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന് വേദിയായ പൊന്നാനി എ.വി. സ്‌കൂളിന് നൂറ്റിപ്പന്ത്രണ്ട് വർഷത്തെ പഴക്കമുണ്ട്. രേഖാചിത്രങ്ങളുടെ രാജശില്‌പിയായ ആർട്ടിസ്‌റ്റ് നമ്പൂതിരി പൊന്നാനി കരുവാട്ട് മനക്കാരനാണ്. ചരിത്രപരവും, സാംസ്‌കാരികവുമായ ഒട്ടേറെ ഔന്നിത്യങ്ങൾ പേറുന്ന പൊന്നാനി ഇന്ന് അവഗണനയുടെ താഢനങ്ങളേറ്റ് വിലപിക്കുകയാണ്. ഇടശ്ശേരിയുടെ നെല്ലുകുത്തുകാരി പാറുവും, ഉറൂബിന്റെ ഉമ്മാച്ചുവുമൊക്കെ ചവിട്ടിനടന്ന ഈ മണ്ണ് കേരളത്തിന്റെ സാംസ്‌കാരിക ഭൂമികയിൽ പഴയകാല പാരമ്പര്യങ്ങളുടെ അടയാളവും പേറി നിൽക്കുമ്പോൾ ഒരു പൊന്നാനിക്കാരനാകുവാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു.
Generated from archived content: essay1_may7_08.html Author: ganesh_ponnani