നിഴല്‍

വീണ്ടും എനിക്കുമുമ്പില്‍ അയാള്‍ ,ഒരു നിഴല്‍ പോലെ ഒരു തരം അസ്വാസ്ഥ്യം പോലെ…

അയാള്‍ പറഞ്ഞു : വരു സ്നേഹിതാ,എത്ര കാലമായി ഞാന്‍ നിന്നെ പിന്‍തുടരുന്നു .ഇനിയെങ്കിലും ഈ ഒളിച്ചുകളി മതിയാക്കി എന്റെ കൂടെ വരൂ.

അയാള്‍ ചിരിച്ചു .വൃത്തികെട്ട ചിരി. കോമ്പല്ലുകള്‍ കാട്ടി; കണ്ണുരുട്ടി ഹോ…ദൈവമേ…

ഞാന്‍ കണ്ണുകള്‍ ഇറുകെ അടച്ചു. എനിക്കറിയാം , വളരെക്കാലമായി അയാളെന്നെ പിന്‍തുടരാന്‍ തുടങ്ങിയിട്ടുണ്ടെന്ന് . എന്റെ സുഷുപ്തിയിലും ജാഗ്രതയിലും ഞാനയാളെ ദര്‍ശിക്കാറുണ്ട് . അപ്പോഴൊക്കെ എനിക്ക് പേടി തോന്നും . അസഹ്യമായ ഒന്നിനെ കാണുന്നതു പോലെ അയാള്‍ക്കുനേരെ ഞാന്‍ പല്ലിറുമ്മും . എന്നാല്‍ അയാളപ്പോള്‍ വളരെ ലാഘവത്തോടെ ചിരിക്കുകയാണ് ചെയ്യുക . ഒരു തമാശയറിഞ്ഞതുപോലെയുള്ള ആ ചിരി വൃത്തി കെട്ടതായിരിക്കും . എനിക്കപ്പോള്‍ ഓക്കാനം വരും.

എന്നു മുതലാണ് അയാളെന്നെ പിന്‍തുടരാന്‍ തുടങ്ങിയതെന്ന് എനിക്കറിയില്ല. അത് ആലോചിക്കുന്നതുപോലും എന്നെ സംബന്ധിച്ചോളം വളരെ പ്രയാസമുള്ള ഒരു കാര്യമായിരുന്നു .

എന്റെ മനസ്സ് വായിച്ചതുപോലെ അപ്പോള്‍ അയാള്‍ പറയും .

“എന്നും ഞാന്‍ നിന്നോടൊപ്പമുണ്ടായിരുന്നു . നീ വെളിച്ചത്തിലേക്ക് മിഴി തുറക്കുന്നതിനും മുമ്പ് . നീ വളര്‍ന്നത് എനിക്ക് വേണ്ടി മാത്രമാണ് . എന്റെ സ്വപ്നത്തിനും ആഹ്ലാദത്തിനും നിറം ചാര്‍ത്താന്‍ . എന്നിലൂടെ മാത്രമേ നിനക്ക് മോക്ഷമുള്ളൂ.

വീണ്ടും എന്നിക്കുമുന്നില്‍ അയാള്‍ . അമാവാസി പോലെ , തണുപു പോലെ….അയാളുടെ കൈ എന്നിലേക്ക് നീളുകയാണ് . ദൈവമേ ഞാന്‍ എന്താണ് ചെയ്യുക?

Generated from archived content: story2_june21_12.html Author: ganesh_panniyath

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here