ബോധിവൃക്ഷങ്ങൾ

അച്ഛൻ ഃ കരുണക്കടലായ കണ്ണുകളുളളവൻ

നഷ്‌ടവനങ്ങളെ ശിവമൗലിയാക്കിയോൻ

കാട്ടുതീയിൽ കിളിക്കൂടുവേവാതെ

കാക്കുവാൻ വെളളവുമേന്തിയോടുന്നവൻ

അമ്മഃ കഷ്‌ടത കത്തിച്ചതീയിൽ സ്വയം വെന്തു

സ്വന്ത ജനത്തിനു തീൻമേശയായവൾ

അഗ്‌നിയിൽ വെന്ത തനിത്തങ്കമാകിലും

മണ്ണിൽ കിടക്കയാൽ കാണാതെപോയവൾ

പൈതൃകമെന്നും പുലരാൻ ശരീരത്തെ

വീതിച്ചു ഭാവിക്കു വിൽപത്രമാക്കിയോൾ

മകൻഃ കാൽവളരാതെ ചക്രകസേരയിൽ

ചിന്തചെയ്യുന്ന ചൈതന്യമാണവൻ

കാണുമാരിലും ചോദ്യമുയർന്നിടും

എന്തുപാപം പണിതതീ സാത്വികർ?

പൂർവ്വികർക്കേറ്റ ദോഷം സഹിക്കയോ

ഭാവിജന്മം പവിത്രീകരിക്കയോ?

ചക്രക്കസേരയിൽ പൊന്തുന്നുയൗവ്വനം

ചന്ദനാണു മുറിയിലീരാത്രിയിൽ

ചിന്തവെന്തു പ്രബന്ധങ്ങൾ പൂക്കുന്നു

മുമ്പിൽ ‘യന്ത്രമസ്‌തിഷ്‌ക തളിക’യിൽ

വൻകരകൾക്കു മീതേ പറക്കുന്ന-

തിക്കസേരയിൽ പൂവിട്ട പാൽക്കുടം

കാണുമാരും കടയുമീയുത്തരംഃ

മർത്യനെത്രമഹത്തായ പാതകൾ-

ഏതു സപ്‌തമാം പാഴ്‌മണക്കാട്ടിലും

ബോധിവൃക്ഷമൊരുക്കുമീ മാനവൻ

കാലുപോയുളള ജന്മമെന്നാകിലും

ഏതുശൈലവും താണ്ടുമീ മാനവൻ!

Generated from archived content: poem3_july.html Author: g_vikramanpillai

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here