പഴയ കഥകളിലെ രാജകുമാരിമാരുടെ ജീവിതത്തിനു സദൃശ്യമായ ഭാവനയായിരുന്നു അവൾക്ക്. നാലു കുതിരകളെ പൂട്ടിയ സ്വർണ്ണത്തേരിൽ രാജകുമാരനോടൊപ്പമുളള യാത്ര, കൊട്ടാരത്തിൽ ചന്ദനക്കട്ടിലിൽ ശയനം, വെളളിപ്പാത്രങ്ങളിൽ മൃഷ്‌ടാനഭോജനം, ആജ്ഞ കാത്തുനിൽക്കുന്ന തോഴിമാർ അങ്ങനെ പലതും.
വിവാഹാനന്തരം ഒരുനാൾ അവൾ ഭർത്താവിന്റെ കാതിൽ മന്ത്രിച്ചു.
“സ്‌ത്രീധനമായി നല്ലൊരു തുക ലഭിച്ചിട്ടുണ്ടല്ലോ. കുറച്ചുദിവസം അടിച്ചുപൊളിച്ചു ജീവിക്കണം. ഒരു ടൂർ യാത്ര വിമാനത്തിൽ. താമസവും ഭക്ഷണവും സ്‌റ്റാർ ഹോട്ടലുകളിൽ. എന്താ…”
പക്ഷേ അയാളുടെ മുഖം തെളിഞ്ഞില്ല.
“വീടൊന്നു പുതുക്കണം. കുറച്ചു പുരയിടം വാങ്ങണം. കൂലിപ്പണിക്കുപോകാതെ സ്വന്തമായി കൃഷിചെയ്‌തു ജീവിക്കണമെന്നാണെന്റെ ആഗ്രഹം.‘
’സ്‌ത്രീധനം എന്റച്ഛൻ തന്നതല്ലേ. അപ്പോൾ എന്റെ ആഗ്രഹം കഴിഞ്ഞിട്ടുമതി ബാക്കി കാര്യങ്ങൾ.‘
അവസാനം നവവധുവിന്റെ ഇംഗിതത്തിനുമുന്നിലയാൾ കീഴടങ്ങി.
ട്രെയിൻ സൗകര്യമുണ്ടായിട്ടും യാത്ര വിമാനത്തിലാക്കി. താമസവും ഭക്ഷണവും സ്‌റ്റാർ ഹോട്ടലുകളിൽ. വിനോദകേന്ദ്രങ്ങളിലേക്ക് ടാക്‌സി മാത്രമായിരുന്നു ഉപയോഗിച്ചത്.
പണം തീരാറായപ്പോൾ അവർ പഴയ കുടിലിൽ തിരിച്ചെത്തി. ’ജീവിക്കുന്നെങ്കിൽ ഇങ്ങനെ ജീവിക്കണം.‘ അവളുടെ വാക്കുകൾ കേൾക്കാനുളള ക്ഷമ അയാൾക്കില്ലായിരുന്നു. അടുത്ത ദിവസത്തെ ഭക്ഷണത്തിനുളള വക കണ്ടെത്താൻ അയാൾ വീണ്ടും കൂലിപ്പണിക്കു പോയിത്തുടങ്ങി. കാരണം ഭാര്യയെ തീറ്റിപ്പോറ്റേണ്ട ചുമതല അയാൾക്കുണ്ടല്ലോ.
Generated from archived content: story4_june.html Author: ezhamkulam_mohankumar