എന്റെ ഗ്രാമം

കവി ഭാവനയ്‌ക്ക്‌ ചാരുതയേകാൻ ഗ്രാമസൗകുമാര്യം എന്നും സംഭാവനകൾ നൽകിയിട്ടുണ്ട്‌. വയലേലകളും പൂക്കളും കിളികളും കായലോളങ്ങളും ഹർഷോന്മാദത്തോടൊപ്പം ഭാവനയുടെ ചിറകു വിടർത്തുന്നു. പൊന്നുവിളയിക്കുന്ന കർഷകനും സൗന്ദര്യം ഒപ്പിയെടുക്കുന്ന ചിത്രകാരനും ഗ്രാമത്തിന്റെ തുടിപ്പുകൾ മറക്കില്ല.

നാഗരികതയുടെ കടന്നാക്രമണം ഉണ്ടായിട്ടുകൂടി സൗകുമാര്യം അത്രയൊന്നും നഷ്ടപ്പെട്ടിട്ടില്ലാത്ത ഗ്രാമമാണ്‌ ഏഴംകുളം. പത്തനംതിട്ട ജില്ലയിൽ അടൂരിൽ നിന്നും അഞ്ചുകിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്നു. പുരാതന കാലം മുതൽ സാംസ്‌കാരിക സമ്പന്നതയാൽ അനുഗ്രഹീത പ്രദേശങ്ങളാണ്‌ ഏഴംകുളത്തിനു ചുറ്റുമുള്ളത്‌. സാഹിത്യകലാരംഗങ്ങളിലൂടെ പുകൾപ്പെറ്റ ശക്തിഭദ്രന്റെ നാടായ കൊടുമൺ എടുത്തുപറയേണ്ടിയിരിക്കുന്നു. കേരളത്തിലെ രണ്ടാമതു മാർക്കറ്റായ പറക്കോട്‌ അനന്തരാമപുരം മാർക്കറ്റ്‌ ഏഴംകുളത്തോടു തൊട്ടുകിടക്കുന്നു.

ക്ഷേത്രവും വഴിപാടു തൂക്കവും

ഏഴംകുളത്തെ സമ്പന്നവും പ്രശസ്‌തവുമാക്കുന്നത്‌ ഇവിടുത്തെ ദേവീക്ഷേത്രവും വഴിപാടുതൂക്കവുമാണ്‌. കുംഭമാസത്തിലെ ഭരണി, കാർത്തിക നാളുകളിലാണ്‌ ഉത്സവം. ഭരണിനാൾ ക്ഷേത്രാവകാശികളായ പത്തുമുറിക്കാരുടേയും വകയായി വേവ്വേറെ കെട്ടുകാഴ്‌ചകൾ ഉണ്ടാകും. അതിലുപരി കാർത്തിക നാളിലെ വഴിപാടുതൂക്കമാണ്‌ വിദൂരസ്ഥരെപ്പോലും ആകർഷിക്കുന്നത്‌. കാണികളിൽ അത്ഭുതവും ഭക്തിയും സൃഷ്ടിച്ചുകൊണ്ട്‌ മൂന്നുപേരെ വീതം തൂക്കുവില്ലിൽകെട്ടി ക്ഷേത്രപ്രദക്ഷിണം ചെയ്യുന്നു. കാർത്തികനാൾ പ്രഭാതത്തിൽ തുടങ്ങുന്ന തൂക്കം അടുത്ത ദിവസം രാവിലെവരെ ഇടവേളയില്ലാതെ ഉണ്ടായിരിക്കും. വർഷങ്ങൾ കഴിയുന്തോറും വഴിപാടു നേരുന്നവരുടേയും തൂക്കക്കാരുടേയും എണ്ണം വർദ്ധിച്ചുവരികയാണ്‌. നേർച്ചയുടെ ഭാഗമായി ആൺകുട്ടികളെ എടുത്തു തൂങ്ങാറുണ്ട്‌.

ജനങ്ങളും പുരോഗതിയും

ഒരു വില്ലേജും പഞ്ചായത്തുമായ ഏഴംകുളം ഗതാഗത ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ ഇനിയും നേട്ടങ്ങൾ കൈവരിക്കേണ്ടതായുണ്ട്‌. ഏനാത്ത്‌ ഏഴംകുളം പത്തനംതിട്ട, കായംകുളം പുനലൂർ റോഡുകൾ ഗ്രാമത്തിലൂടെ കടന്നുപോകുന്നു. വ്യത്യസ്ത മതക്കാർ പാർക്കുന്നുണ്ടെങ്കിലും അവർക്കിടയിൽ സൗഹൃദമനോഭാവത്തിനു മാറ്റം വന്നിട്ടില്ല. ആഘോഷാദികളിൽ എല്ലാവരും സഹകരിക്കാറുണ്ട്‌. വിദ്യാ സമ്പന്നർ നല്ലൊരളവിലുണ്ടെങ്കിലും ഒരു കാർഷിക മേഖലയായിട്ടാണ്‌ ഏഴംകുളം പരിഗണിക്കുന്നത്‌. പറക്കോട്‌ ചന്തദിവസമായ തിങ്കൾ, വ്യാഴം ദിനങ്ങളിൽ കാർഷിക വിളകളുമായി അതിരാവിലെ തന്നെ പോകുന്നവരെ കാണാം. വയലേലകൾ വാസസ്ഥലങ്ങളാകുന്നതും കൃഷിയിടങ്ങൾ റബ്ബർ മരങ്ങളാൽ നിറയുന്നതും സ്വഭാവികമെന്നേ പറയേണ്ടൂ. ക്രിസ്‌ത്യൻ, മുസ്ലീം, ഹിന്ദുദേവാലയങ്ങൾ പലയിടങ്ങളിലും കാണാം. സാംസ്‌കാരിക വളർച്ചയ്‌ക്കുതകുന്ന നിരവധി ഘടകങ്ങളിൽ വായനശാലകൾ മുഖ്യപങ്കുവഹിയ്‌ക്കുന്നു. രാഷ്‌ട്രീയ സാമൂഹ്യമേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർ നിരവധിയുണ്ട്‌. അതിലെല്ലാമുപരി ഒരു പ്രദേശത്തിന്‌ അത്യാവശ്യമായി വേണ്ടത്‌ ഇവിടെയുണ്ട്‌. സൗഹാർദ്ദവും ശാന്തതയും നിറഞ്ഞ അന്തരീക്ഷം. അതത്രേ ഒരു നാടിന്റെ മഹത്വത്തിനു ധന്യതയേകുന്നത്‌. ഏഴംകുളം എന്ന സ്ഥലനാമത്തെപ്പറ്റി മൂന്നുനിഗമനങ്ങളാണ്‌ നിലവിലുള്ളത്‌. മധ്യകാലഘട്ടത്തിൽ കച്ചവടത്തിനും മറ്റുമായി വന്ന സംഘങ്ങളിലെ ഏഴകൾക്ക്‌ (പാവപ്പെട്ടവർക്ക്‌) കുടിക്കാനും കുളിക്കുവാനും ഒരു പ്രത്യേക കുളം നിർമ്മിച്ചുവെന്നും ഏഴകളുടെ കുളം എന്ന നിലയിൽ ഏഴൈകുളം എന്ന്‌ സ്ഥലത്തിനു പേരുകിട്ടിയെന്നും കാലക്രമത്തിൽ ഏഴംകുളമായി മാറിയെന്നും പറയപ്പെടുന്നു. ഏഴ്‌ കുളങ്ങളുള്ള നാട്‌ എന്ന അർത്ഥത്തിലാണ്‌ ഏഴംകുളമെന്ന സ്ഥലനാമമെന്ന്‌ മറ്റൊരു നിഗമനമുണ്ട്‌. പണ്ട്‌ കായംകുളത്തു നിന്ന്‌ കിഴക്കോട്ടു യാത്ര ചെയ്‌ത ഒരു രാജാവ്‌ കായംകുളം, താമരക്കുളം, പഴകുളം തുടങ്ങിയ ആറുകുളങ്ങൾ കടന്ന്‌ ഇവിടെ ഏഴാമത്തെ കുളം കണ്ടെത്തിയെന്നും അതിൽ നിന്നുമാണ്‌ ഏഴംകുളം ഉണ്ടായതെന്നും ചിലർ കരുതുന്നു.

Generated from archived content: essay2_mar6_07.html Author: ezhamkulam_mohankumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English