മാധ്യമങ്ങളിൽ ലോകകപ്പ് വാർത്തകൾ കൊഴുക്കുകയാണ്. ഇതൊക്കെ കണ്ടാലും കേട്ടാലും തോന്നും ഇതിൽപ്പരം ഒന്നും ഈ ലോകത്തിലില്ലെന്ന്. ചിലമാധ്യമ വാചകങ്ങൾ നോക്കൂ “ഇൻഡ്യയിലെ 105 കോടി ജനങ്ങളുടെയും കണ്ണുകൾ ഇനി നാളുകളോളം വെസ്‌റ്റ് ഇൻഡീസിലേക്കായിരിക്കും ക്രീസിൽ ഇന്ത്യൻ താരങ്ങളുടെ റണ്ണുകള പെരുമഴപോലെ ഒഴുകും” ഉണ്ണാനും ഉടുക്കാനുമില്ലാതെ കോടിക്കണക്കിന് ജനങ്ങൾ വലയുന്ന ഇൻഡ്യാമഹാസാമ്രാജ്യത്തിൽ ഇനിമുതൽ എല്ലാവരും ചാനലുകളുടെ മായാപ്രപഞ്ചത്തിലായിരിക്കും! ഇന്നാട്ടിൽ മറ്റു പ്രശ്നങ്ങളൊന്നുമില്ലെന്ന് കേൾവിക്കാരും വായനക്കാരും ധരിക്കും. ഒപ്പം സമ്മാനങ്ങളും പ്രവചനങ്ങളും എല്ലാം വന്നുകഴിഞ്ഞു. വയറുനിറയെ ഊണുകഴിച്ച് പോക്കറ്റുവീർക്കെ പണവുമായി നടക്കുന്നവർക്കും മറ്റ് പ്രശ്നങ്ങളൊന്നുമില്ലാത്തവർക്കും സുഖിക്കാം. ഒട്ടിയവയറിന്റെ കരച്ചിൽ സഹിക്കാനാവാത്തവനും മറ്റ് സാമൂഹ്യ മാനസിക പ്രശ്നങ്ങളിൽ ഉലയുന്നവനും എങ്ങനെയാണ് ഇത്തരം വിനോദങ്ങൾ കാണുന്നത്? കാണുന്നവർ കാണട്ടെ. പ്രശ്നം ഇതു മാത്രമേയുള്ളൂ. മാധ്യമങ്ങൾ കുറച്ചുകൂടി മിതത്വം പാലിക്കണം. എല്ലാവരും ഭാഗ്യവാന്മാരാണെന്ന മട്ടിൽ ലോകത്തെ കാണരുത്.
Generated from archived content: essay1_jun1_07.html Author: ezhamkulam_mohankumar