വിക്രമൻ മുഖത്തല

ഏകാന്തവും ദുരിതസങ്കീർണ്ണവുമായ ജീവിതത്തിന്റെ പൊളളുന്ന മണൽക്കാടുകളിൽ നിന്നും യുവകഥാകൃത്തും അദ്ധ്യാപകനുമായ വിക്രമൻ മുഖത്തല ഫെബ്രുവരി 23 തിങ്കളാഴ്‌ച കാരുണ്യരഹിതമായ ലോകത്തോട്‌ യാത്ര പറഞ്ഞു. എഴുത്തുകാരന്റെ വ്യാജവേഷങ്ങൾക്കപ്പുറം ശുദ്ധഹൃദയനായിരുന്ന ഈ നാൽപ്പത്തിയഞ്ചുകാരന്റെ ദേഹവിയോഗം നഗരത്തിലെ ഒരു കൂട്ടം ചങ്ങാതികളെ തീരാദുഃഖത്തിലാഴ്‌ത്തി. സൗഹൃദത്തിന്റെ തണൽപ്പരപ്പുകളിലൂടെ ദിനരാത്രങ്ങളെ കടന്നുപോകുവാൻ അപൂർവ്വം ചിലർക്കേ സാധിക്കാറുളളൂ. അത്തരമൊരു സൗഭാഗ്യം അനുഭവിച്ച്‌, സ്വപ്‌നങ്ങളും സന്തോഷങ്ങളും ഓരോന്നോയി കവർന്നെടുത്ത ജീവിതത്തെ പ്രതിരോധിക്കുവാനാവാതെ, നിസ്സഹായതയുടെ നടുവിൽനിന്നും, എല്ലാ നിശ്ശബ്‌ദ വേദനകളിൽനിന്നും ആരോടും പരിഭവമില്ലാതെ, കുറേ കഥകൾ മാത്രം അവശേഷിപ്പിച്ച്‌, ഒടുവിൽ നക്ഷത്രങ്ങളുടെയും മാലാഖമാരുടെയും ലോകത്തിന്‌ കീഴടങ്ങി.

സ്വപ്‌നസങ്കീർണ്ണതകൾ തിരയടിക്കുന്ന പ്രക്ഷുബ്‌ധ മനസ്സിന്റെ ഉടമയായിരുന്നു ഈ കഥാകൃത്ത്‌. ജീവിതയാഥാർത്ഥ്യങ്ങളോട്‌ പൊരുത്തപ്പെട്ടുപോകുവാനുളള മാനസികാവസ്ഥ ജീവിതത്തിന്റെ ഏതോ ഇടവഴിയിൽ നഷ്‌ടമായി. അക്ഷരങ്ങളുടെ സഹയാത്രികനായി സ്വതന്ത്രജീവിതത്തെ താലോലിക്കുകയും അപ്രതീക്ഷിതമായി തന്റെ സ്വതന്ത്രചിന്തകളെ ബലികൊടുത്ത്‌ ജീവിതത്തിന്റെ തീക്ഷ്‌ണയാഥാർത്ഥ്യങ്ങളിലേയ്‌ക്ക്‌ വച്ച ചുവടുകളുടെ താളക്രമങ്ങൾ വളരെ വേഗം തെറ്റി. താളക്കേടുകളുടെ കുത്തൊഴുക്കിൽ എല്ലാ ബന്ധങ്ങളും ഒഴുകിപ്പോവുകയും അങ്ങനെ നഗരലോഡ്‌ജിൽ നരകജീവിതത്തിന്റെ രക്തസാക്ഷിയാവുകയും ചെയ്‌തു.

ഡൽഹി, ഹരിദ്വാർ, കാശി തുടങ്ങിയ പല സ്ഥലങ്ങളിലും വളരെക്കാലം ചുറ്റി നടന്നു. സന്യസിക്കാൻ ശ്രമിച്ചെങ്കിലും അതും വിഫലമായി. അനുഭവ തീക്ഷ്‌ണതകൾ കൊണ്ട്‌ ജീവിതം സമ്പന്നമായിരുന്നെങ്കിലും അതൊന്നും കഥകളായി ആവിഷ്‌ക്കരിച്ചിരുന്നില്ല. രചനകളിൽ കാൽപ്പനികതയുടെ വർണ്ണഭേദങ്ങൾ സൃഷ്‌ടിച്ച്‌ സ്വപ്‌നലോകങ്ങൾ മെനഞ്ഞെടുക്കാനാണ്‌ അദ്ദേഹം ശ്രമിച്ചത്‌. 1986-ൽ പ്രഥമ പട്ടത്തുവിള കരുണാകരൻ സ്‌മാരക ചെറുകഥാ അവാർഡ്‌ ‘ദി സെവൻത്‌ ഡേ’ എന്ന കഥയ്‌ക്ക്‌ ലഭിച്ചു. ആദ്യ രചന (കുഞ്ഞാതന്റെ സ്വപ്‌നങ്ങൾ) ഗ്രാമം മാസികയിൽ പ്രസിദ്ധീകരിച്ചു. വൈദികവേഷത്തെ രൂക്ഷമായി വിമർശിക്കുന്ന ‘സ്വർഗ്ഗരാജ്യത്തേയ്‌ക്കുളള വഴികളിൽ ഒന്ന്‌’ എന്ന ചെറുകഥ നാളെ ബുക്‌സ്‌ എഡിറ്റ്‌ ചെയ്‌ത ‘ഉദ്യാനമൊഴികൾ’ എന്ന കഥാസമാഹാരത്തിൽ ഉൾപ്പെടുത്തി. പിന്നീട്‌ ധാരാളം കഥകളും നിരൂപണങ്ങളും വിവിധ ആനുകാലികങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ഏറ്റവും വലിയ ആഗ്രഹമായിരുന്ന തന്റെ കഥകളുടെ സമാഹാരം പ്രസിദ്ധീകരിച്ചു കാണുവാനുളള സൗഭാഗ്യവും ഈ കഥാകൃത്തിനുണ്ടായിരുന്നില്ല.

സൗമ്യനും നിസ്വാർത്ഥനും കുട്ടികൾക്ക്‌ പ്രിയപ്പെട്ട അദ്ധ്യാപകനുമായിരുന്ന വിക്രമൻ മുഖത്തലയുടെ ഓർമ്മകൾ കാലത്തിന്‌ മായ്‌ക്കാൻ കഴിയാത്തവിധം ശാശ്വതമായി നിലനിൽക്കും. എന്റെ കവിതകളുടെ ആദ്യവായനക്കാരനും വിമർശകനുമായിരുന്ന പ്രിയസുഹൃത്തിന്റെ തുടിക്കുന്ന ഓർമ്മയ്‌ക്ക്‌ മുന്നിൽ ആദരാഞ്ഞ്‌ജലികളോടൊപ്പം ഈ ലക്കം അദ്ദേഹത്തിന്റെ സ്‌മരണയ്‌ക്ക്‌ സമർപ്പിക്കുന്നു.

Generated from archived content: editorial-mar.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English