മിശ്രവിവാഹം ജാതിരഹിത സമൂഹത്തിന് വഴി തെളിയിക്കുമെന്നൊക്കെ പറയാമെങ്കിലും ജാതി മാറ്റിനിർത്തി ഒരു കളിയുമില്ലാത്ത ഇവിടെ അതൊരു പാഴ്‌വേല എന്ന് വിധിക്കും മുമ്പ് അതിന്റെ പൊളളത്തരങ്ങളിലേയ്‌ക്ക് ഒരു സൂക്ഷ്‌മ നിരീക്ഷണമാകാം. ആദർശമെന്നാൽ മാതൃകയെന്ന അർത്ഥത്തിനുമപ്പുറം ഒരു ഉയർന്നതലമുളള വാക്കാണത്. പക്ഷെ, അത്തരമൊരു കാഴ്‌ചപ്പാടോടെയല്ല ആദർശത്തെ പലരും പരിഗണിക്കുന്നത്. വ്യവസ്ഥാപിത ജീവിതത്തെയും ആചാരങ്ങളെയും നിരാകരിച്ചുകൊണ്ട് ജീവിക്കുന്നത് ആദർശമാണ്. അത് കുറെക്കൂടി അനുകരണമാതൃകയും തന്റേടവുമാകുന്നത് അതിന്റെ പേരിൽ അനുവദിക്കപ്പെട്ടിട്ടുളള സർക്കാർ സൗജന്യങ്ങളെ ജീവിതാന്ത്യം വരെ നിരാകരിക്കാൻ കഴിയുന്നതിലാണ്. മിശ്രവിവാഹിതർ വിവാഹാനന്തരം ആനുകൂല്യങ്ങളുടെ വഴി അന്വേഷിക്കുന്നുണ്ട്, അക്കാരണത്താൽ തന്നെ മിശ്രവിവാഹത്തിൽ ആദർശം ഉണ്ടെന്ന് എങ്ങനെ പറയാൻ കഴിയും?‘ മിശ്രവിവാഹിതർ ആദർശത്തേക്കാൾ ജീവിതസുരക്ഷയ്‌ക്ക് പ്രാധാന്യം കൊടുത്ത് ചിന്തിക്കുമ്പോഴും പ്രവർത്തിക്കുമ്പോഴുമാണ് മിശ്രവിവാഹ സങ്കൽപ്പം ഒരു മാനസിക പ്രശ്‌നമായി കണക്കാക്കേണ്ടി വരുന്നത്. സ്വന്തം വർഗ്ഗത്തെ പാരമ്പര്യത്തെ ഉൾക്കൊളളാനാകാതെ വരുമ്പോൾ പുരുഷനോ സ്‌ത്രീക്കോ പ്രസ്‌തുത വിചാരമുണ്ടാകാം. സ്‌ത്രീകളേക്കാൾ പുരുഷന്മാരിലാണ് സാധ്യത ഏറെ. ഈ വിധം മിശ്രവിവാഹത്തിൽ ഏർപ്പെടുന്ന പുരുഷൻമാർ എപ്പോഴും തന്റെ സമുദായത്തേക്കാൾ ഒരു പടികൂടി മുന്നിൽ നിൽക്കുന്ന സ്‌ത്രീകളെയാകും പലപ്പോഴും ഇണയായി കണ്ടെത്തുക. അതല്ലെങ്കിൽ മറ്റ് മതക്കാരി ആയിരിക്കും. വളരെ പിന്നോക്കക്കാരിയായ ഒരു യുവതി മിശ്രവിവാഹ സങ്കൽപ്പത്തിലേക്ക് വരികയോ വന്നാൽതന്നെ മുന്നോക്കക്കാരനായ ഒരു യുവാവിനെ ലഭിച്ചെന്നോ വരില്ല. ഒറ്റപ്പെട്ട് ചിലത് സംഭവിക്കാമെങ്കിലും ഏറെയും മേൽപ്രസ്‌താവിച്ച വിധമായിരിക്കും. ഇത് ഒരു തരം പുരുഷ-സ്‌ത്രീ സങ്കീർണ്ണതയാണ്. ഇവർ പിന്നെ ആദർശത്തിന്റെ മറവിൽ കണ്ണ് വയ്‌ക്കുന്നത് സർക്കാർ ആനുകൂല്യങ്ങളിലും ഇളവുകളിലുമാണ്. മാത്രവുമല്ല, മിശ്രവിവാഹിതർ വന്ധ്യരാകണമെന്നില്ലല്ലോ (വന്ധ്യതയിൽ ആദർശത്തിന്റെ ഒരംശം ദർശിക്കാം) കുട്ടികൾ ജനിക്കുമ്പോൾ കുട്ടിയെ വളർത്തി സ്‌കൂളിൽ ചേർക്കേണ്ടിവരും. അപ്പോൾ നമ്മുടെ കാലാവസ്ഥയിൽ ഒരു ജാതിയുണ്ടായേ മതിയാവൂ. ജാതിക്കോളം എത്രപേർക്ക് പൂരിപ്പിക്കാതിരിക്കാനാകും? ജാതിക്കോളത്തിൽ ’മനുഷ്യജാതി‘ എന്നെഴുതിയത് ഇടമറുകല്ലാതെ മറ്റ് ആരെങ്കിലുമുണ്ടാകുമോ? ഇല്ലെന്ന് തന്നെ പറയേണ്ടിവരും. മിശ്രവിവാഹിതരുടെ കുട്ടികൾ വളരുമ്പോൾ നേരിടുന്ന വേറെയും നിരവധി പ്രശ്‌നങ്ങളുണ്ട്. അത് മറ്റൊരിക്കൽ ചർച്ച ചെയ്യാം. ഒരു വ്യക്തിക്ക് (സ്‌ത്രീ, പുരുഷൻ) അയാളുടെ സങ്കീർണ്ണതയെ ആദർശത്തിന്റെ പിന്നിലൊളിപ്പിച്ച് തൃപ്‌തനാകാമെന്നതിനപ്പുറം (പ്രത്യേകിച്ച് ജാതി സംവരണം നിലനിൽക്കുമ്പോൾ) ജാതിരഹിത സമൂഹത്തെ മിശ്രവിവാഹത്തിലൂടെ സൃഷ്‌ടിക്കാമെന്നത് പകൽക്കിനാവ് മാത്രമാണ്. അതുകൊണ്ട് മിശ്രവിവാഹത്തെയല്ല പ്രോത്സാഹിപ്പിക്കേണ്ടതെന്ന് വരുന്നു.
വിവാഹത്തിന് മുമ്പും പിമ്പുമുളള സകല ആചാരങ്ങളേയും നിരാകരിക്കാൻ കഴിയുംവിധം സ്വജാതി പ്രണയ വിവാഹങ്ങളെയാണ് ഇനി പ്രോത്സാഹിപ്പിക്കേണ്ടത്.
എഡിറ്റർ.
Generated from archived content: editorial-feb.html