സജീവമായ മരണചിന്ത ആയുസ്സ്‌ വർദ്ധിപ്പിക്കും

മുഖക്കുറിപ്പ്‌

ജനിക്കുന്ന അതേ നിമിഷത്തിൽ തന്നെ ഒരു ജൻമത്തിന്റെ മരണവും അടയാളപ്പെടുത്തുന്നുണ്ട്‌. എന്നാൽ ജീവിതമെന്ന മൽസരപ്പാച്ചിലിനിടയിൽ ആ യാഥാർത്ഥ്യത്തെ നാം പാടേ വിസ്‌മരിക്കുകയാണ്‌ ചെയ്യുന്നത്‌. ലക്ഷ്യസ്ഥാനങ്ങളിലേക്കും ജീവിത വിജയങ്ങളിലേക്കുമുളള കുതിരകുതിപ്പിന്‌ ഈ വിസ്‌മരിക്കൽ അനിവാര്യമെങ്കിലും മരണത്തെക്കുറിച്ചുളള തികഞ്ഞ ബോധമില്ലായ്‌മ മാനുഷികവികാരമില്ലായ്‌മയിലേക്കും നയിക്കും. ദീർഘാ​‍ുസിന്‌ ആരോഗ്യമുളള ശരീരവും മനസും മാത്രംപോര. നമ്മുടെ ധാരണ അങ്ങനെയാണ്‌. മൽസരിച്ചോടുന്ന ഒരാളിൽ മരണബോധമുണ്ടാകുന്നത്‌ ശരീരത്തിന്റെ അപ്രതീക്ഷിതമായ ക്ഷതങ്ങളിലോ വീഴ്‌ചകളിലോ ആണ്‌.​‍്‌.ഇന്നലെവരെ അബോധമ.യിക്കിടന്ന മരണചിന്ത പിന്നെ ശക്തമാവുകയും അത്‌ അയാളെ ആധിപിടിപ്പിക്കുകയും ചെയ്യും. ഈ ആധി രോഗസംക്രമണത്തിന്റെ വ്യാപ്‌തി കൂട്ടുകയും അയാളുടെ ആയുസിന്റെ പുസ്‌തകം വളരെ വേഗം മടക്കി വയ്‌ക്കുകയും ചെയ്യുന്നു. മരണചിന്ത വന്നാൽ ഒരാൾ പൊടുന്നനെ മരിച്ചു പോവുകയല്ലേ ചെയ്യുക എന്ന ചോദ്യം വരുന്നതും ഒരാളിൽ നിശ്‌ചലാവസ്ഥ സംഭവിക്കുന്നതും ഇങ്ങനെയാകണം.

മരണത്തെക്കുറിച്ചുളള സജീവമായ ചിന്ത എല്ലാവർക്കും വച്ചുപുലർത്താനായെന്നുവരില്ല. അത്തരമൊരു ചിന്തയെ നിരന്തരം സൂക്ഷിക്കുന്നവർ ഭാഗ്യവാൻമാരാണ്‌. അവർ തേജസികളും ശാന്തരുമായി കാണപ്പെടും. യോഗികളിൽ അങ്ങനെ ഒരു വിചാരമുളളതുകൊണ്ടാണ്‌ അവർ പ്രസന്നരും ദീർഘായുസമുളളവരുമായി കാണപ്പെടുന്നത്‌. പ്രായത്തിന്റെ പ്രത്യേക ഘട്ടങ്ങളിൽ ഇത്തരമൊരു ചിന്ത ഒരാളെ പിടികൂടുന്നത്‌ അയാളെ വേഗം പട്ടടയിലെത്തിക്കാം. എന്നാൽ മരണചിന്ത ചെറുപ്രായത്തിലെ ചിലരെ അനുഗ്രഹിക്കാറുണ്ട്‌. അവർ ഒരർത്ഥത്തിൽ ഭാഗ്യവാൻമാരും മറ്റൊരർത്ഥത്തിൽ നിർഭാഗ്യവാൻമാരുമാകുന്നു. ചെറുപ്രായത്തിലുളള തിരിച്ചറിവ്‌ ഒരാളുടെ ജീവിതവേഗതയെ മന്ദഗതിയിലാക്കും. എല്ലാ തിൻമകളിൽ നിന്നും ഒരാൾ അത്തരമൊരു വിചാരഗതിയുടെ ഫലമായി ഒഴിഞ്ഞ്‌ നിൽക്കുമെന്നത്‌ ഒരു വസ്‌തുതയാണ്‌. എല്ലാം എന്തിന്‌ എന്ന വളരെ പ്രസക്തമായ ഒരു ചോദ്യം എന്ത്‌ ചെയ്യുമ്പോഴും ഒരാൾ അയാളോട്‌ തന്നെ നിരന്തരം ചോദിച്ചുകൊണ്ടിരിക്കും. അത്‌ അയാളുടെ കാഴ്‌ചയും കേഴ്‌വിയും കൈകളും വിശുദ്ധീകരിച്ചുകൊണ്ടിരിക്കും. അങ്ങനെ മൃത്യുബോധം ഒരാളിൽ ശുദ്ധീകരണ പ്രക്രിയയായി തുടരുകയും ചെയ്യും. രോഗം അയാളെ വേട്ടയാടുന്നില്ല. രോഗം അയാളിൽ ഭയാശങ്കകൾ സൃഷ്ടിക്കുകയുമില്ല. മരണബോധത്തിലൂടെ ഒരു സ്വയം വിസ്‌മരിക്കൽ അല്ലെങ്കിൽ ഉടൽ ശൂന്യത സംഭവിക്കുന്നുണ്ട്‌. അവിടെ രോഗവും ആധിയും അപ്രസക്തമാകുന്നു. ശരീരം തന്നെ അപ്പോൾ അതിന്റെ പ്രതിവിധികൾ മുന്നോട്ടുവയ്‌ക്കും. ഇത്‌ ജീവിതവഴികളിലൂടെ സഞ്ചരിക്കുമ്പോഴും മാനസികമായി ഒരാളെ ബലവാനാക്കും. മനസിന്റെ ബലമാണ്‌ ശരീരത്തിന്റെ ബലമായി മാറുന്നത്‌. ബലം പ്രതിരോധ ഔഷധവുമാണ്‌. അശക്തമായ മനസാണ്‌ ശരീരത്തിന്‌ ബലക്ഷയം സംഭാവന ചെയ്യുന്നത്‌. ഈബലമാണ്‌ ഒരാളുടെ ദീർഘായുസിന്റെ ഘടകമായി തീരുന്നത്‌. അറിവ്‌ അത്‌ എന്തുതന്നെയാകട്ടെ പ്രതിരോധത്തിന്റെ ശക്തിസ്രോതസ്സാണെന്ന പൊതുതത്വത്തിൽ നാമിവിടെ എത്തിച്ചേരുന്നു.

മരണബോധവും രോഗവും വ്യക്തികളിൽ നൻമയും കാരുണ്യവും നിക്ഷേപിക്കുന്നു. സമ്പന്നർക്ക്‌ മാരകരോഗമുണ്ടാകുന്നത്‌ സാധുക്കൾക്ക്‌ വളരെ ഗുണം ചെയ്യും. അത്‌ താൻ നയിച്ച നിരർത്ഥകമായ ജീവിതത്തെ ഓർമ്മിച്ച്‌ ഒരാളെ സ്വാർത്ഥകമായ ജീവിതത്തിലേക്കുളള വഴി ചൂണ്ടിക്കൊടുക്കും. അങ്ങനെ മരണചിന്ത മനുഷ്യനെ മനുഷ്യത്വമുളള ശരിയായ മനുഷ്യജൻമമായി രൂപപ്പെടുത്തുന്നു. അതിന്‌ ജീവിതത്തെപ്പറ്റി ചിന്തിക്കുന്ന അതേ അളവിൽ മരണത്തെപ്പറ്റിയും ചിന്തിക്കാൻ കഴിയണം.

Generated from archived content: edit_nov23_06.html Author: editor-mani-k-chenthappuru

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here