എഴുത്തുകാരന്റെ വേർപാട്‌ ചരമക്കൂട്ടത്തിൽപ്പെടുത്തുന്ന പത്രസംസ്‌കാരം ക്രൂരം

ഇന്ന്‌ എല്ലാ വർത്തമാനപ്പത്രങ്ങളും ചരമവാർത്തകൾ പ്രാധാന്യം നൽകി പ്രസിദ്ധീകരിക്കുന്നുണ്ട്‌. ചില പത്രങ്ങൾ ഒരു പേജ്‌വരെ ചരമവാർത്തകൾക്കായി നീക്കി വച്ചിരിക്കുന്നു. തീർച്ചയായും അഭിനന്ദനം അർഹിക്കുന്ന ഒരു സമീപനമാണിത്‌. എന്നാൽ ഈ ചരമക്കൂട്ടത്തിൽ നാം പ്രതീക്ഷിക്കാത്ത ചിലരെ വായിക്കേണ്ടി വരുമ്പോഴാണ്‌ വ്യക്തികളുടെ പ്രാധാന്യത്തെക്കുറിച്ചും അവരുടെ സേവനങ്ങളെക്കുറിച്ചും പത്രക്കാർ വിസ്‌മരിച്ചുകളയുന്നത്‌ വേദനയോടെ ഓർമ്മിക്കേണ്ടിവരുന്നത്‌. ഒരു നിശ്ശബ്‌ദ സഞ്ചാരിയായ എഴുത്തുകാരന്റെ ദേഹവിയോഗം ശ്രദ്ധേയമായ വാർത്തയാകണമെങ്കിൽ അയാൾ അപകടത്തിൽപ്പെട്ടു മരിക്കുകയോ, ആത്മഹത്യ ചെയ്യുകയോ വേണമെന്ന്‌ വരുന്നത്‌ മഹാക്രൂരതയാണ്‌.

ഏതു സമൂഹവും കലാകാരൻമാർക്ക്‌ പ്രത്യേക ആദരവും സ്‌നേഹവും നല്‌കി വരുന്നുണ്ട്‌. ഇത്‌ രാഷ്‌ട്രീയ, ഉദ്യോഗസ്ഥ മേധാവികൾക്ക്‌ ലഭിക്കുന്ന ഒന്നല്ല. അതുകൊണ്ടുതന്നെ അവരുടെ വേർപാട്‌ അർഹിക്കുന്ന പ്രാധാന്യത്തോടും ആദരവോടും കൂടി ജനസമക്ഷമെത്തിക്കാൻ പത്രക്കാർക്ക്‌ കഴിയണം. രാജ്യത്തെയും ജനങ്ങളെയും കൊളളയടിച്ച്‌, മാന്യതയുടെ മുഖംമൂടിക്കുളളിൽ പരിലസിച്ച്‌ ഒടുക്കം ഇഹലോകവാസം വെടിയുന്ന ഹൃദയശൂന്യൻമാർ പത്രത്താളുകൾ അപഹരിക്കുമ്പോൾ, വാക്കുകൾക്കും, വർണ്ണങ്ങൾക്കും, പ്രകൃതിക്കും വേണ്ടി പാടിയും, പറഞ്ഞും, എഴുതിയും ആയുസ്സിന്റെ സിംഹഭാഗവും ഉപയോഗിച്ച്‌ മടങ്ങിപ്പോകുന്ന നിസ്വാർത്ഥന്മാരെ ചരമക്കൂട്ടത്തിലേയ്‌ക്ക്‌ പരിഗണിക്കുമ്പോഴും, അവരുടെ സംഭാവനകൾ കണ്ടില്ലെന്ന്‌ നടിക്കുമ്പോഴും വിലയിരുത്തപ്പെടുന്നത്‌ പത്ര സംസ്‌കാരമാണ്‌.

മരണം സ്വാഭാവികമായ ഒരു ജീവിത പ്രതിഭാസമാണ്‌. അതിൽനിന്നും ആരും മുക്തരല്ല. ഓരോ മനുഷ്യനും വാസ്‌തവത്തിൽ മരിക്കാൻ വേണ്ടി ജീവിക്കുന്നവനാണ്‌. (ഇന്ന്‌ ജീവിക്കാൻ വേണ്ടി മരിക്കുന്ന വിഡ്‌ഢികളാണ്‌ ഏറെയും) എങ്കിലും ചില വേർപാടുകൾ നികത്താനാവാത്ത നഷ്‌ടമാണ്‌ ഏല്‌പിക്കുന്നത്‌. വലിപ്പച്ചെറുപ്പങ്ങൾക്ക്‌ ഇവിടെ പ്രസക്തിയില്ല. അത്‌ വലിയ പാത്രമുളള ഒരാൾ പുഴയിലെ ജലം കൂടുതലായും, ചെറിയ പാത്രമുളള ഒരാൾ കുറച്ചും ജലമെടുക്കുന്നുവെന്ന വ്യത്യാസമേയുളളു.

അടുത്തകാലത്ത്‌ അധ്യാപകനും കവിയും നിരവധി പുസ്‌തകങ്ങളുടെ കർത്താവുമായ പ്രൊ.സി.കെ.മണ്ണുംമൂടിനേയും മറ്റ്‌ പലരേയും പ്രമുഖ പത്രങ്ങളുടെ ചരമക്കൂട്ടത്തിൽ വായിച്ചപ്പോൾ പത്രങ്ങളുടെ വിവേചനപരമായ സമീപനങ്ങളിൽ അഗാധമായ സഹതാപം തോന്നി. ജീവിച്ചിരിക്കെ ഒരാ​‍ാളെ ആദരിക്കാനോ, അംഗീകരിക്കാനോ കഴിയാത്ത മനോഭാവത്തെ മനസ്സിലാക്കാം. പക്ഷേ കാലശേഷവും ഈ അവഗണന എന്തിന്‌?

Generated from archived content: edit_june.html Author: editor-mani-k-chenthappuru

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here