അന്തസ്സിന്‌ ഉന്നത ജാതി വേണം ആനുകൂല്യത്തിന്‌ താണ ജാതിമതി

മണ്ണിലും മനസ്സിലും ജാതി ശക്തമായി നിലനിന്നിരുന്ന കാലത്തിൽനിന്നും മുക്തരായി എങ്കിലും ജാതി പറയാതെയും എഴുതാതെയും ജീവിക്കാൻ വയ്യെന്നായിരിക്കുന്നു. ജാതി ഇന്ന്‌ നിമിഷംപ്രതി ശക്തമാകുന്നത്‌ മനുഷ്യ മനസ്സിലാണ്‌. ജാതിയേയും മതത്തേയും പിൻതളളി മനുഷ്യരാശിയെ മുന്നോട്ട്‌ നയിക്കുക എന്നത്‌ പലരുടേയും കഞ്ഞികുടിമുട്ടുന്ന ഏർപ്പാടാണെന്ന്‌ സമീപകാലങ്ങൾ ബോദ്ധ്യപ്പെടുത്തുന്നു. നാമെല്ലാം മനുഷ്യരാണെന്ന ഒറ്റ വികാരത്തിലേക്ക്‌ ഉയരാൻ ഇനിയും നൂറ്റാണ്ടുകൾ വേണ്ടിവന്നേക്കും. ഈ കുറിപ്പെഴുതാൻ കാരണമായത്‌ ഈയിടെ കേന്ദ്രഗവൺമെന്റ്‌ സാമ്പത്തിക സംവരണത്തിന്‌ അനുകൂലമായ പ്രസ്‌താവന പുറപ്പെടുവിച്ചപ്പോൾ ജാതിനേതാക്കന്മാർക്ക്‌ ഹാലിളകിയതുകൊണ്ടാകുന്നു. ജാതിചിന്തയും, വിഭാഗീയതകളും നിർവ്വീര്യമാക്കുവാനും എല്ലാവരും തുല്യരാണെന്ന ബോധത്തിലേക്ക്‌ ഉയരാനും സാമ്പത്തിക സംവരണം തന്നെ ഉത്തമം. (ജാതിസംവരണത്തിന്റെ ആനുകൂല്യങ്ങൾ അനുഭവിക്കാൻ യോഗ്യരാകുന്നത്‌ പിന്നോക്ക ജാതിയിലുളള മുന്നോക്ക (സാമ്പത്തികമായി) വിഭാഗമാണെന്നത്‌ വാസ്‌തവം.) മാത്രവുമല്ല സർക്കാർ സൗജന്യങ്ങൾ അനുഭവിച്ച്‌ ഒരു ജാതിക്കും ഉയർന്നുവരാനാവില്ല. അവരെ അലസരും, ബുദ്ധിഹീനരും അപകർഷതാബോധത്തിന്റെ ചക്രവർത്തിയുമാക്കി തകർക്കുവാൻ മാത്രമേ അത്‌ ഉപകരിക്കുകയുളളൂ. ബുദ്ധിക്കും കാര്യപ്രാപ്‌തിക്കും അപ്പുറം ജാതി പരിഗണിക്കുന്നത്‌ ഹീനമായ ഏർപ്പാട്‌ തന്നെ. പിന്നോക്കക്കാരനായാലും മുന്നോക്കക്കാരനായാലും ഏതു മേഖലയിലും കഴിവുളളവരാണ്‌ ഉണ്ടാകേണ്ടത്‌ അധികാരസ്ഥാനങ്ങളിൽ ആരോ ഇരിക്കട്ടെ എല്ലാ വിഭാഗത്തിനും സേവനം ലഭ്യമാകുന്നുണ്ടോ അതാകണം നാം ശ്രദ്ധിക്കേണ്ടത്‌. മുൻതലമുറയുടെ ചെയ്‌തികൾക്കുളള പാപഫലം അനുഭവിപ്പിക്കുക എന്ന ഗൂഢലക്ഷ്യത്തോടെ മുന്നോക്കക്കാരെ (ജാതിയിൽമാത്രം) കൂടുതൽ പിന്നോക്കക്കാരാക്കുവാനുളള ശ്രമങ്ങളെ മുന്നോക്ക നേതൃത്വങ്ങൾ യുക്തിപൂർവ്വം തിരിച്ചറിഞ്ഞ്‌ പ്രതിരോധിക്കേണ്ടിയിരിക്കുന്നു.

പേരിനൊപ്പമുളള നമ്പൂതിരിയും മേനോനും, ശർമ്മയും, നായരും നീക്കം ചെയ്‌തതുകൊണ്ട്‌ സമത്വം വരികയോ ജാതി ഇല്ലാതാകുകയോ ചെയ്യുന്നില്ല. ജാതിവച്ച്‌ ഒരുപറ്റം ആളുകൾക്ക്‌ ജീവിക്കാം എന്നുവരുന്നിടത്താണ്‌ പ്രശ്‌നങ്ങൾ കുടിയിരിക്കുന്നത്‌. കടലാസുകളിൽ ജാതി എഴുതിയേ മതിയാവൂ. ജനകീയാസൂത്രണം വഴി സൗജന്യമായി നൽകുന്ന എലിവിഷം ലഭിക്കണമെങ്കിലും ഫോറത്തിൽ ജാതി എഴുതണമത്രെ.

വിദ്യകൊണ്ട്‌ നാം പ്രബുദ്ധരെന്ന്‌ അവകാശപ്പെടുന്ന ഇക്കാലത്തും മുന്നോക്ക ജാതിക്കാരനെന്ന ഒറ്റക്കാരണത്താൽ ഒരു വിഭാഗത്തെ തകർക്കാൻ ശ്രമിക്കുമ്പോൾ പുനർജനിക്കുന്നത്‌ മറ്റൊരു മേധാവിത്വമാണ്‌. അത്‌ എതിർക്കപ്പെടേണ്ടതുമാണ്‌. കൂടാതെ സാമ്പത്തിക സംവരണത്തെ എതിർക്കുന്ന (സമത്വം) ഒരു വിഭാഗത്തെയും മുന്നോക്ക വിഭാഗങ്ങളിൽ വിവാഹം കൂടാനും അനുവദിക്കരുത്‌. അന്തസ്സിന്‌ ഉയർന്ന ജാതിയും ആനുകൂല്യത്തിന്‌ താണജാതിയും ചുമക്കാനുളള സന്നദ്ധതയെ മുന്നോക്കക്കാർ അവഗണിക്കേണ്ടതുണ്ട്‌. പിന്നോക്കക്കാർക്ക്‌ വേണ്ടി ഊറ്റംകൊളളുന്ന ജാതി നേതാക്കന്മാരുടേയും, ഉദ്യോഗസ്ഥന്മാരുടേയും ഭാര്യമാരുടെ കുലം തേടിപ്പോകുമ്പോൾ രസകരമായ സംഗതികൾ ബോദ്ധ്യമാകും. അവർ നമ്പൂതിരിമാരോ, പട്ടത്തികളോ, നായരോ, മറ്റു മതക്കാരോ ആയിരിക്കും. സ്വന്തം സമുദായത്തെ ഉൾക്കൊളളാൻ ലജ്ജിക്കുന്ന ഇവർക്ക്‌ പിന്നോക്കക്കാർക്കുവേണ്ടി (ജാതിക്കുവേണ്ടി) വാദിക്കാൻ എന്താണ്‌ അർഹത? തന്റെ സമുദായത്തിലെ ഒരു കുടുംബത്തിന്റെ രക്ഷകനായി മാതൃകയാകാത്തവനെ ഓർത്ത്‌ ലജ്ജിക്കുക. ഇവിടെയാണ്‌ അന്തസ്സിന്‌ ഉയർന്ന ജാതി വേണമെന്ന്‌ വരുന്നത്‌.

മുന്നോക്കക്കാർ ഓർക്കേണ്ട മറ്റൊരു കാര്യം (ജാതി സംവരണം നിലനിൽക്കുമ്പോൾ) പിന്നോക്കവിഭാഗത്തിൽ വീണും വീഴ്‌ത്തപ്പെട്ടും പോകുന്ന സ്‌ത്രീകളിലൂടെ സാമുദായിക ശക്തി ക്ഷയിച്ച്‌ പോകുന്നു എന്നതാണ്‌. സ്‌ത്രീ ജാതിയാണ്‌ ആധികാരിക രേഖകളിൽ പരിഗണിക്കുക എന്നതിനപ്പുറം പിന്നോക്ക ആനുകൂല്യങ്ങൾ നേടുവാൻ പിന്നോക്കവിഭാഗങ്ങളിൽ വരും തലമുറയെ ഉൾപ്പെടുത്തുകയും ഭാര്യയെ ജീവിതാന്ത്യം വരെ ഉന്നതജാതിക്കാരിയെന്ന അന്തസ്സിൽ വച്ച്‌ (പകയാണ്‌ ഇതിന്റെ മാനസികതലം) അനുഭവിക്കുകയും ചെയ്‌തുവരുന്നതാണ്‌ സാമൂഹിക സത്യം. അധികാരത്തിന്റെയും നിയമ നിർമ്മാണങ്ങളുടെയും ഉന്നത ശ്രേണികൾ പങ്കിട്ട പിന്നോക്ക വിഭാഗങ്ങളിലെ ഉന്നതൻമാരെ ഈവേള ഓർക്കുന്നത്‌ നന്നായിരിക്കും. ജാതി സംവരണത്തെ താലോലിച്ച്‌ പോകുന്ന സമീപനമാണ്‌ തുടർന്നും വരുന്നതെങ്കിൽ നമുക്ക്‌ ഇനി ജാതി ചോദിക്കാം, ജാതി പറയുകയും ചെയ്യാം.

Generated from archived content: edit-jan.html Author: editor-mani-k-chenthappuru

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here