കഴിഞ്ഞ ലക്കത്തിൽ പുസ്‌തകം പ്രസിദ്ധീകരിക്കേണ്ടവർ ആരെന്ന ഒരു ചിന്താവിഷയം മുഖക്കുറിപ്പിൽ ഉന്നയിച്ചിരുന്നു. ഇത്തവണ പ്രസ്‌തുത വിഷയത്തെക്കുറിച്ചുളള ചർച്ചയാകാം. പുസ്‌തകം പ്രസിദ്ധീകരിക്കേണ്ടവർ ആര്? എന്ന ചോദ്യത്തിന് സ്വാഭാവികമായി ലഭിക്കാവുന്ന മറുപടി പ്രസാധകരെന്നാവും. എന്നാൽ ഇവിടെ ഉന്നയിക്കപ്പെടുന്നത് മറ്റൊരർത്ഥത്തിലാണ്. നല്ല പുസ്‌തകം ഒരു ചരിത്രരേഖയാണ്. പുസ്‌തകത്തെയും അച്ചടിയെയും അത്തരം ഗൗരവത്തിലാണ് സമീപിക്കേണ്ടത്. അടുത്തകാലത്ത് പ്രമുഖജാതിയുടെ പേരിൽ ഒരുളുപ്പുമില്ലാതെ ഒരാൾ തന്റെ കൃതി പ്രകാശിപ്പിക്കുകയുണ്ടായി. ഇത് ഒരുതരം ഉന്മാദമാണെന്ന കാര്യം വിസ്‌മരിക്കേണ്ടതില്ല. ഭ്രാന്തിന്റെ വകഭേദമെന്ന് വേണമെങ്കിൽ പറയാം. ആ പുസ്‌തകത്തെ വിമർശന വിധേയമാക്കി നന്നായി കൈകാര്യം ചെയ്‌തത് അഭിനന്ദനം അർഹിക്കുന്നുണ്ട്. സർവ്വീസിൽ നിന്നും റിട്ടയർമെന്റ് ആകുമ്പോൾ, എണ്ണയും കുഴമ്പും അരിഷ്‌ടങ്ങളും വാങ്ങി സേവിക്കേണ്ട ആനുകൂല്യങ്ങൾ ഉപയോഗിച്ച് പുസ്‌തകം പ്രസിദ്ധീകരിക്കുന്നവരുടെ എണ്ണം ഏറുകയാണ്. റിട്ടയർമെന്റ് സാഹിത്യം സർവ്വീസ് രംഗം പോലെ മരവിപ്പുകൾ മാത്രമാണ് വെളിപ്പെടുത്തുന്നത്. അപ്പോൾ ആരാണ് പുസ്‌തകം പ്രസിദ്ധീകരിക്കേണ്ടതെന്നും, എന്താണ് പ്രസിദ്ധീകരിക്കേണ്ടതെന്നും ചോദ്യമുയരുന്നു. ചരിത്രവും വൈജ്ഞാനികവും, ആത്മീയവുമായ പുസ്‌തകങ്ങൾ സുലഭമായി പ്രസിദ്ധീകരിക്കപ്പെടേണ്ട ഒരു വിഭാഗമാണ്. ഇന്ന് അനിവാര്യവും അവതന്നെ. ഓരോ വിഭാഗത്തിലും പ്രാഗത്ഭ്യമുളളവർ അത് നിർവ്വഹിക്കുകയും വേണം. സർഗ്ഗാത്മക വിഭാഗത്തിലേക്ക് വരുമ്പോഴാണ് ഉന്നയിക്കപ്പെടുന്ന വിഷയം പ്രസക്തമായി തീരുന്നത്. പുസ്‌തകം ആഗ്രഹംകൊണ്ട് പ്രസിദ്ധീകരിക്കാനുളളതല്ല. നല്ലകാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന ധനം ആഗ്രഹമെന്ന ഉന്മാദത്താൽ ദുർവ്യയം ചെയ്യുന്നതുകൊണ്ട് വ്യക്തിക്കോ കലയ്‌ക്കോ യാതൊരു പ്രയോജനവും ഉണ്ടാകുന്നില്ല. പിന്നെ ആർക്കാണ് യോഗ്യത? സമകാലിക സാഹിത്യചിന്തയോട് കിടപിടിക്കത്തക്ക രചനാഗുണം ഒരാളുടെ രചനയ്‌ക്കുണ്ടെന്ന് ബോദ്ധ്യമായാലും, പരിചിതമായ വഴികളിൽനിന്ന് മറ്റൊരു വഴിവെട്ടുകയാണെന്ന തിരിച്ചറിവുളള ഒരാൾക്കും പുസ്‌തകം പ്രസിദ്ധീകരിക്കാം. അത് കലാചിന്തയിലെ അനിവാര്യമായ കലാപബോധമാണ്. പ്രസാധകരും മാധ്യമങ്ങളും തിരസ്‌ക്കരിച്ചാലും ഇത്തരം കൃതികൾ പ്രകാശിപ്പിക്കാൻ എഴുത്തുകാർ സന്നദ്ധരാകണം. മാത്രമല്ല പുസ്‌തകം ഒരാളുടെ ജീവിതത്തിനുതകുന്ന ഉല്‌പന്നമായി തീരുന്നുവെങ്കിലും, മൂല്യം പരിഗണിക്കാതെ തന്നെ ജീവിതമെന്ന സങ്കീർണ്ണതയെ മുൻനിർത്തി പുസ്‌തകം പ്രസിദ്ധീകരിക്കുന്നതിൽ തെറ്റില്ല. ജീവിതമാർഗ്ഗത്തിനോ, കലാമുന്നേറ്റങ്ങൾക്കോ, പൊളിച്ചെഴുത്തുകൾക്കോ ഉതകാത്ത ഗ്രന്ഥനിരകൾ വിദ്യാർത്ഥികൾ എഴുതിപഠിക്കേണ്ട വിലപിടിച്ച കടലാസാണ് പാഴാക്കിക്കളയുന്നത്. പുസ്‌തക രചനയും അച്ചടിയും അലങ്കാരമായി തീരുന്ന അവസ്ഥകൾ സമ്മാനിക്കുന്ന അപകടങ്ങൾ ഏറിക്കൊണ്ടിരിക്കേ, ഗ്രന്ഥകാരനാമം അലങ്കാരമല്ല അസ്വസ്ഥതയാണെന്ന അറിവുകളിലേക്ക് നാമുയരേണ്ടതുണ്ട്.
എഡിറ്റർ
Generated from archived content: edit_oct.html