കുട്ടികൾ വ്യക്തികൾക്കും കുടുംബങ്ങൾക്കും തികച്ചും അനിവാര്യമായിരുന്ന ജീവിതസാഹചര്യങ്ങളിൽനിന്ന് വ്യത്യസ്‌തമായി കുട്ടികൾ ആർക്ക് വേണ്ടി, എന്തിന്? എന്ന തിരിച്ചറിവുകളോടെ ചിന്തിക്കുന്ന ഒരു തലമുറ രൂപപ്പെട്ട് വരുന്നുണ്ട്. കുട്ടികൾ നാടിന്റെ സമ്പത്താണെന്ന പ്രഖ്യാപനത്തിന്റെയും പ്രചരണത്തിന്റെയും ഹൃദയശൂന്യത നിരന്തരം വെളിവാക്കപ്പെട്ടുകൊണ്ടിരിക്കെ, ഗർഭഗൃഹങ്ങളിൽ ഭ്രൂണാവസ്ഥ മുതൽ അനുഭവവേദ്യമാകുന്ന ഒരു ജന്മത്തിന്റെ തുടിപ്പുകൾ അനേകം വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ജീവിതോല്പന്നമായി തീരുകയാണ് ചെയ്യുന്നത്.
പലപ്പോഴും കുട്ടികൾ ദാമ്പത്യ ജീവിതത്തിൽ സംഭവിച്ചുപോകുന്ന അബദ്ധങ്ങളായി അനുഭവപ്പെടുന്നുണ്ട്. മൂന്ന് കാരണങ്ങളാൽ അത് സംഭവിക്കുന്നു. ഒന്ന്-ലൈംഗികതയുടെ സ്വയംനിയന്ത്രിതാവസ്ഥ നഷ്‌ടപ്പെടുമ്പോഴാണ്. മറ്റൊന്ന് ഇണയുടെ നിരന്തരസമ്മർദ്ദത്താൽ വിധേയപ്പെടുന്നത്. മൂന്നാമത്തേത് തങ്ങൾ വന്ധ്യരല്ല എന്ന് സമൂഹത്തെ ബോധ്യപ്പെടുത്തേണ്ട ഗതികേടിൽനിന്ന്. ഇവിടെയൊന്നും രണ്ട് വ്യക്തികളുടെ മനസ്സ് തലമുറയ്‌ക്ക് വേണ്ടി ഒരുപോലെ ആഗ്രഹിക്കുന്നില്ല എന്നു കാണാം. മനംകൊതിച്ച് പിറക്കുന്നവർ ദേവജന്മങ്ങളായും, ശരീരം കൊതിച്ച് പിറക്കുന്നവർ അസുരജന്മങ്ങളായും അവതരിക്കും. ഈ അസുരജന്മങ്ങൾ ആർക്കും ഉപകാരപ്പെടാതെ സമൂഹത്തിനും കുടുംബത്തിനും അപകടകാരികളായി തീരും. ആഗ്രഹിക്കുമ്പോഴും ആവശ്യമെന്നു തോന്നുമ്പോഴും മാത്രമേ കുട്ടികളെപ്പറ്റി ചിന്തിക്കാവൂ എന്ന് മനഃശാസ്‌ത്രജ്ഞർ രേഖപ്പെടുത്തിയിട്ടുണ്ട്. അസംതൃപ്‌തിയിൽ പിറക്കുന്ന ജന്മങ്ങൾ ജീവിതം അസ്വസ്ഥമാക്കിത്തീർക്കും. അതുകൊണ്ടാകണം ഇക്കാലത്ത് അച്ചികളേക്കാൾ മച്ചികൾക്ക് മാറ്റേറുന്നത്. കുടുംബശൈഥില്യങ്ങൾക്ക് ഹേതുവായിരുന്ന വന്ധ്യകൾ പ്രിയങ്കരികളാകുന്നത് ജീവിതം ഏൽപ്പിക്കുന്ന ആഘാതങ്ങളുടെ പ്രതികരണമാണ്. മാര്യേജ് ബ്യൂറോകളിൽ ലഭിക്കുന്ന ഭൂരിപക്ഷം കത്തുകളും പ്രസവിക്കാത്ത, പ്രസവിക്കാൻ താല്‌പര്യമില്ലാത്ത യുവതികളെ തേടുന്ന പുരുഷന്മാരുടേതാണ്. തലമുറകളെ നിരാകരിച്ച് ജീവിക്കാൻ ഇഷ്‌ടപ്പെടുന്ന യുവതികളുടെ എണ്ണവും നാൾക്കുനാൾ വർദ്ധിച്ചുവരുന്നുണ്ട്. ഇതിന്റെ അർത്ഥമെന്ത്? ബാദ്ധ്യതകൾ ഏറ്റെടുക്കാനുളള വിമുഖതയും, ജീവിതം സ്വതന്ത്രമായി ആസ്വദിക്കാനുളള ത്വരയും ഒരു ഭാഗത്ത്, എന്നാൽ പുതിയ കാലത്തിന്റെ വെല്ലുവിളികളെ യുക്തിപൂർവ്വം നേരിടുന്ന പ്രതിരോധചിന്തയാണ് മറുഭാഗത്ത്. തലമുറകളുടെ ജീവിതം സങ്കീർണ്ണമാക്കിത്തീർക്കുന്ന പരിഷ്‌കാരങ്ങളല്ലാതെ, ശോഭനമായ ഭാവിക്ക് വേണ്ടി സമൂഹവും ഭരണകൂടങ്ങളും ഒന്നും തന്നെ മുന്നോട്ട് വയ്‌ക്കുന്നില്ല. ഒരുകൂട്ടം പ്രതിരോധ കുത്തിവയ്‌പുകളല്ലാതെ കുഞ്ഞുങ്ങളുടെ ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ അടിസ്ഥാനപ്രശ്‌നങ്ങൾക്കുവേണ്ടി എന്താണ് ശാശ്വതമായി ഇവിടെയുളളത്? രാഷ്‌ട്രീയക്കാർക്കും, വ്യവസായികൾക്കും അഞ്ചക്ക ശമ്പളക്കാരനും തൊഴിലും, സമ്പത്തും സംരക്ഷിക്കുവാനും നിലനിർത്തുവാനും തലമുറ ആവശ്യം തന്നെ. എന്നാൽ നിരാലംബരും, രോഗികളും, നിസ്സഹായരുമായി തീരുന്ന തലമുറകളെ മാത്രം സംഭാവന ചെയ്യാൻ കഴിയുന്ന ഇടത്തടക്കാരനും, കൂലിപ്പണിക്കാരനും കുട്ടികളെന്തിന് എന്ന് ചിന്തിക്കുന്നതിൽ കുറ്റം പറയാൻ ആർക്ക് കഴിയും?
പത്രാധിപർ
Generated from archived content: edit_nov.html