പന്നിപ്പേറ്‌ തടയണം

ജനസംഖ്യാനിയന്ത്രണം കാര്യക്ഷമവും കർശനവുമാക്കേണ്ട പരിതസ്ഥിതിയാണ്‌ കടന്നുപോകുന്ന ഓരോ നിമിഷവും ഓർമ്മപ്പെടുത്തുന്നത്‌. ജനസംഖ്യാവർദ്ധനവ്‌ പ്രധാനമായും ഭൂമിയുടെ നിലനില്‌പിന്‌ തന്നെ മുഖ്യ ഭീഷണിയുയർത്തുന്നുണ്ട്‌. ജനം അനിയന്ത്രിതമായി പെരുകിക്കൊണ്ടേയിരിക്കുന്നു. അതനുസരിച്ച്‌ ഭൂമി വികസിക്കുന്നുമില്ല. ഒരു സമൂഹത്തെ സ്വയം പര്യാപ്‌തമാക്കിയിരുന്ന കൃഷിയിടങ്ങളായ വയലേലകൾ ഭീകരമാംവിധം അപ്രത്യക്ഷമാകുന്നത്‌ ജനസംഖ്യാ വർദ്ധനവിന്റെ ദുരന്തഫലമാണ്‌. നീരുറവകളുടെ ഉത്ഭവസ്ഥാനങ്ങളായ മലകളും കുന്നുകളും നിരപ്പാകുന്നതും, നദികൾ വരണ്ട്‌ വിണ്ടുകീറുന്നതിനും ജനപ്പെരുപ്പം കാരണംതന്നെ. വളരെ സൂക്ഷ്‌മമായി ചിന്തിക്കുമ്പോൾ മാത്രമേ പരിസ്ഥിതിയെ പാടേ തകർക്കുന്ന ജനസംഖ്യാവർദ്ധനവിന്റെ പരിണിതഫലങ്ങൾ ബോദ്ധ്യപ്പെടുകയുളളു. അതിനാൽ കുടുംബാസൂത്രണ മാർഗ്ഗങ്ങൾ കർശനമാക്കേണ്ടിയിരിക്കുന്നു. മാത്രവുമല്ല പുതിയ പ്രഖ്യാപനങ്ങളും തീരുമാനങ്ങളും അതിന്റെ വ്യാപനത്തിന്‌ അധികൃതരുടെ ഭാഗത്തുനിന്ന്‌ ഉണ്ടാവുകയും വേണം. ഗവഃസർവ്വീസിൽനിന്ന്‌ തുടക്കമാകാം. സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥന്മാർക്ക്‌ രണ്ട്‌ കുട്ടികളെ പാടുളളൂ എന്ന കർശന വ്യവസ്ഥയുണ്ടാക്കണം. ഒരു കുട്ടിയിലേയ്‌ക്ക്‌ വരുന്നവർക്ക്‌ ശമ്പള വർദ്ധനവ്‌ അനുവദിച്ചാൽ ഫലം ഇരട്ടിക്കും. സർവ്വീസിൽ ഇരുന്നുകൊണ്ട്‌ (അല്ലാതെയും) പന്നിപ്പേറ്‌ നടത്തുന്ന ഒരു വലിയ വിഭാഗം തന്നെയുണ്ട്‌. കൂടാതെ കുട്ടികളെ ഒഴിവാക്കാൻ സന്നദ്ധതയുളള ദമ്പതിമാർ ഏറിവരികയാണ്‌. സർക്കാർ അവരെ പ്രോത്സാഹിപ്പിക്കാൻ മുൻകൈ എടുക്കേണ്ടതുണ്ട്‌. കുട്ടികൾ വേണ്ട എന്ന്‌ തീരുമാനിക്കുന്ന ദമ്പതികളിൽ ഒരാൾക്ക്‌ സർക്കാർ സർവ്വീസിൽ തൊഴിൽ കൊടുക്കാനുളള സന്നദ്ധതയും കാര്യക്ഷമമായ ജനസംഖ്യാ നിയന്ത്രണത്തിന്‌ സഹായകമാകും. അവശേഷിക്കുന്ന കൃഷിയിടങ്ങളും, മലയും, നദിയും നിലനിർത്തുവാൻ ദീർഘവീക്ഷണത്തോടെയുളള പദ്ധതികളാണ്‌ ആസൂത്രണം ചെയ്യേണ്ടത്‌. പന്നിപ്പേറിന്‌ ആരെയും അനുവദിച്ചുകൂടാ. ഒരു രാജ്യത്തിന്റെ ആവാസവ്യവസ്ഥകളെതന്നെ അത്‌ ശിഥിലമാക്കും.

സർക്കാർ ഇത്തരത്തിൽ ഒരു നയം സ്വീകരിച്ചില്ലെങ്കിൽ കൂടി സാമൂഹിക സാഹചര്യങ്ങളെപ്പറ്റി ബോദ്ധ്യമുളളവർ കുട്ടികളെ സ്വയം ഒഴിവാക്കുന്നതാണ്‌ ഉത്തമം. കുട്ടികൾ ഇവിടെ പരീക്ഷണ വസ്‌തുക്കളാവുകയാണ്‌. കുട്ടികൾ അന്യന്‌ ജീവിക്കുവാനുളള ഉല്‌പന്നമായി തീരുന്നുവെന്ന്‌ മാത്രമല്ല, ജീവിത സുരക്ഷയും, സാമൂഹ്യ മര്യാദകളും ലംഘിക്കപ്പെടുന്ന ദുഃസ്ഥിതിയിൽ സ്വന്തം കുഞ്ഞുങ്ങൾ പെരുവഴിയിൽ നിന്ന്‌ മാതാപിതാക്കളെ കല്ലെറിഞ്ഞോടിക്കുന്ന സാഹചര്യത്തിൽ നിന്നും മോചിതരാകാനുളള മാർഗ്ഗങ്ങളെപ്പറ്റി ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. തലയില്ലാത്ത തലമുറയിലേയ്‌ക്കുളള കുതിരക്കുതിപ്പിൽ ഈ ചിന്തയ്‌ക്ക്‌ വളരെ പ്രസക്തിയുണ്ടെന്ന്‌ തോന്നുന്നു.

Generated from archived content: edit_may28.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English